Connect with us

Kerala

കേരളത്തില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം ആരംഭിച്ചു, കേന്ദ്ര സര്‍ക്കാര്‍ വികസന ലക്ഷ്യത്തോടെ മുന്നേറുന്നു: പ്രധാന മന്ത്രി

ഓണക്കാലത്ത് കേരളത്തിലെത്താന്‍ കഴിഞ്ഞത് സൗഭാഗ്യമാണെന്ന് ബി ജെ പി പൊതുയോഗത്തില്‍ സംസാരിക്കവേ പ്രധാന മന്ത്രി

Published

|

Last Updated

കൊച്ചി | പ്രധാന മന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. മലയാളത്തില്‍ അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ഓണക്കാലത്ത് കേരളത്തിലെത്താന്‍ കഴിഞ്ഞത് സൗഭാഗ്യമാണെന്ന് ബി ജെ പി പൊതുയോഗത്തില്‍ സംസാരിക്കവേ പ്രധാന മന്ത്രി പറഞ്ഞു. കേരളം സാംസ്‌കാരിക വൈവിധ്യവും പ്രകൃതി സൗന്ദര്യം കൊണ്ടും അനുഗൃഹീതമായ നാടാണ്. പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ നേതൃത്വത്തില്‍ കേരളത്തില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതില്‍ ഒരു ലക്ഷം വീടുകളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ദരിദ്രര്‍ക്കും ദളിതര്‍ക്കും പ്രാഥമിക സൗകര്യത്തിന് അടിസ്ഥാന വികസനം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ മുന്നേറുകയാണ്. കേരളത്തില്‍ ആയുഷ്മാന്‍ പദ്ധതി വഴി ചികിത്സക്കായി 3000 കോടി രൂപ ചെലവഴിച്ചു. കൊവിഡ് കാലഘട്ടത്തില്‍ ഒന്നരക്കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. കേരളത്തിലെ ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യത്തിനായി ഒരു ലക്ഷം കോടി രൂപ ചെലവാക്കി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനം അതിവേഗത്തിലാണ് നടക്കുന്നത്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരാണ് അവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇത്തരത്തിലൊരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വികസനം അതിവേഗത്തിലാകും. കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. രാജ്യത്തെ ഓരോ ജില്ലകളിലും ചുരുങ്ങിയത് ഒരു മെഡിക്കല്‍ കോളജ് എങ്കിലും സ്ഥാപിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.

ദ്വിദിന സന്ദര്‍ശനത്തിനാണ് പ്രധാന മന്ത്രി കേരളത്തിലെത്തിയത്. കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാന മന്ത്രി സന്ദര്‍ശിക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അദ്ദേഹം തറക്കല്ലിടും. നിര്‍മാണം പൂര്‍ത്തിയായ പേട്ട-എസ് എന്‍ ജംഗ്ഷന്‍ മെട്രോ പാതയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ഇന്ത്യന്‍ നാവിക സേനക്കായി തദ്ദേശീയമായി നിര്‍മിച്ച വിമാന വാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാകയും അനാഛാദനം ചെയ്യും.

 

---- facebook comment plugin here -----

Latest