Kerala
ചർച്ചയിൽ സമവായം; നാളത്തെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് സമരം മാറ്റാൻ തീരുമാനമായത്.

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് സമരം മാറ്റാൻ തീരുമാനമായത്.
140 കിലോമീറ്റർ മുകളിലുള്ള പെർമിറ്റിന്റെ കാര്യത്തിൽ നിയമവശങ്ങൾ നോക്കി തീരുമാനമെടുക്കാമെന്ന് മന്ത്രി ബസുടമ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. വിദ്യാർഥി കൺസെഷന്റെ കാര്യത്തിൽ സമവായത്തിലൂടെ തീരുമാനത്തിൽ എത്താമെന്നും മന്ത്രി അറിയിച്ചതോടെയാണ് ബസുടമകൾ പണിമുടക്ക് പിൻവലിച്ചത്.
വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനം വേണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം എട്ടിന് സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.