Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ പരാതിക്കാരിയുടെ ചിത്രം പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
സിജോ പൂവത്തും കടവില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നാണ് കേസ്
തൃശൂര്‍ | രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയുടെ ചിത്രം പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തൃശൂര്‍ വെള്ളാംങ്കല്ലൂര്‍ സ്വദേശി സിജോ ജോസ് ആണ് അറസ്റ്റിലായത്. സിജോ പൂവത്തും കടവില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നാണ് കേസ്. നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം അതിജീവിതയെ സാമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരം തുടരുകയാണ്. നിരാഹാരത്തിന് പിന്നാലെ പൂജപ്പുര ജില്ലാ ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ മാറ്റി. മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും രാഹുല്‍ ഈശ്വര്‍. ജാമ്യത്തിനായി ഉടന്‍തന്നെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ദീപ, രാഹുലിനെ ജയിലിലെത്തി സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചു.
കേസില്‍ നാലംപ്രതിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.





