Connect with us

local body election 2025

പരിചയവും യുവത്വവും ചേര്‍ന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍

22കാരിയാണ് മംഗലം ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ആരതി പ്രദീപ്. കോണ്‍ഗ്രസ്സ് പട്ടികയില്‍ പ്രായകുറഞ്ഞ മത്സരാര്‍ഥി. നിലവില്‍ കെ എസ്‌യു ജില്ല സെക്രട്ടറി, മുന്‍ കെ എസ് യു താനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു.

Published

|

Last Updated

മലപ്പുറം | പരിചയ സമ്പന്നതയും യുവത്വവും സമം ചേര്‍ത്ത് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്. വഴിക്കടവ് ഡിവിഷന്‍ -എന്‍ കരീം, വണ്ടൂര്‍ – ആലിപ്പറ്റ ജമീല, മേലാറ്റൂര്‍ – കെ ടി അജ്മല്‍, അങ്ങാടിപ്പുറം – സി സുകുമാരന്‍, തവനൂര്‍ – കെ പി മെഹറൂനീസ, മാറഞ്ചേരി – സുലൈഖ റസാഖ്, മംഗലം – ആരതി പ്രദീപ്, തേഞ്ഞിപ്പലം – ഷാജി പച്ചേരി, വാഴക്കാട് – ജൈസല്‍ എളമരം, ചുങ്കത്തറ – അഡ്വ. ജോസ്മി പി തോമസ് എന്നിവര്‍ മത്സരിക്കും.

ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ഥികളുടെ പേര് അന്തിമമാക്കിയത്. എന്‍ എ കരീം, ആലിപ്പറ്റ ജമീല, കെ ടി അജ്മല്‍ എന്നിവര്‍ നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളാണ്. കെ പി സി സി ജനറല്‍ സെക്രട്ടറി കൂടിയാണ് ആലിപ്പറ്റ ജമീല. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ പ്രസിഡന്റാണ് ഷാജി പച്ചേരി. ആരതി പ്രദീപ് കെ എസ് യു ജില്ലാ സെക്രട്ടറിയും. സി സുകുമാരന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയാണ്. ഏലംകുളം ഗ്രാമപഞ്ചായത്തില്‍ യു ഡി എഫ് അട്ടിമറി വിജയം നേടിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

മഹിള കോണ്‍ഗ്രസ്സ് ജില്ലാ ഭാരവാഹിയാണ് കെ പി മെഹറുന്നീസ. മാറഞ്ചേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റാണ് സുലൈഖ റസാഖ്. വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റാണ് ജൈസല്‍ എളമരം. മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ ഭാരവാഹിയാണ് അഡ്വ. ജോസ്മി പി തോമസ്.യു ഡി എഫിലെ ധാരണപ്രകാരം കോണ്‍ഗ്രസ്സ് പത്ത് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതില്‍ നാല് സീറ്റുകളാണ് ജനറല്‍ വിഭാഗത്തിലുള്ളത്. വഴിക്കടവ്, മേലാറ്റൂര്‍, തേഞ്ഞിപ്പലം, വാഴക്കാട് എന്നിവ. തര്‍ക്കങ്ങളില്‍പ്പെട്ട് സ്ഥാനാര്‍ഥിത്വം വൈകിയെങ്കിലും മികച്ച പാനല്‍ അവതരിപ്പിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്സ്. പതിവില്ലാത്ത വിധത്തില്‍ കെ എസ് യു ഭാരവാഹിയെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 33 ഡിവിഷനുകളില്‍ 23 എണ്ണത്തില്‍ ലീഗും പത്തെണ്ണത്തില്‍ കോണ്‍ഗ്രസ്സുമാണ് മത്സരിക്കുന്നത്.

പ്രായം കുറഞ്ഞവള്‍ ആരതി

മലപ്പുറം 22കാരിയാണ് മംഗലം ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ആരതി പ്രദീപ്. കോണ്‍ഗ്രസ്സ് പട്ടികയില്‍ പ്രായകുറഞ്ഞ മത്സരാര്‍ഥി. നിലവില്‍ കെ എസ്‌യു ജില്ല സെക്രട്ടറി, മുന്‍ കെ എസ് യു താനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. എം ഇ എസ് പൊന്നാനി കോളജ് യു യു സി ആയിരുന്നു. സെന്റ് മേരീസ് സുല്‍ത്താന്‍ ബത്തേരി കോളജില്‍ ഒന്നാം വര്‍ഷ പി ജി വിദ്യാര്‍ഥിനിയാണ് ആരതി. ഒഴൂര്‍ സ്വദേശി പ്രദീപിന്റെയും രഞ്ജിതയുടെയും മകളാണ്.