Connect with us

International

കോംഗോ സംഘര്‍ഷം: ദോഹ സമാധാന കരാറിനെ സ്വാഗതം ചെയ്ത് സഊദി

അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന കരാറിന്റെ നിബന്ധനകള്‍ ഇരു കക്ഷികളും മാനിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

കോംഗോ രാഷ്ട്രത്തലവന്റെ ഉന്നത പ്രതിനിധി സുമ്പു സീത മാമ്പു (ഇടത്), റുവാണ്ട പിന്തുണയുള്ള സായുധ സംഘമായ എം23 എക്‌സിക്യൂട്ടീവ് സെക്രട്ടറി ബെഞ്ചമിന്‍ എംബോണിമ്പ എന്നിവര്‍ സമഗ്ര സമാധാന കരാറിന്റെ ഒപ്പുവെക്കല്‍ ചടങ്ങില്‍. ഖത്വറിന്റെ മുഖ്യ ചര്‍ച്ചാ പ്രതിനിധി മുഹമ്മദ് അല്‍-ഖുലൈഫി സമീപം.

റിയാദ് | ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ സര്‍ക്കാരും കോംഗോ റിവര്‍ അലയന്‍സും (എം-23 മൂവ്മെന്റ്) തമ്മില്‍ സമാധാനത്തിനായുള്ള ദോഹ സമാധാന കരാറില്‍ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്ത് സഊദി അറേബ്യ.

സമഗ്രമായ ദേശീയ സംഭാഷണത്തിലൂടെ അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന കരാറിന്റെ നിബന്ധനകള്‍ ഇരു കക്ഷികളും മാനിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തിന്റെ എല്ലാ മേഖലകളിലുമുള്ള സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള കോംഗോ ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള ചുവടുവെപ്പായിട്ടാണ് കരാറിനെ കാണുന്നത്.
സിവിലിയന്മാരെ സംരക്ഷിക്കേണ്ടതിന്റെയും സംഘര്‍ഷബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യവും പ്രസ്താവനയില്‍ വ്യക്തമാക്കി.

കരാര്‍ സുഗമമാക്കുന്നതില്‍ ഖത്വര്‍ വഹിച്ച നയതന്ത്ര ശ്രമങ്ങളെയും ക്രിയാത്മക പങ്കിനെയും സഊദി അറേബ്യ വിലമതിക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കോംഗോയിലെ രാഷ്ട്രീയ സ്ഥിരത എപ്പോഴും സങ്കീര്‍ണ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആഭ്യന്തര സംഘട്ടനങ്ങള്‍, യുദ്ധങ്ങള്‍, വംശീയ സംഘര്‍ഷങ്ങള്‍ എന്നിവ പലപ്പോഴും സായുധ അക്രമത്തിലാണ് കലാശിക്കുന്നത്. പുതിയ സമാധാന കരാര്‍ നിലവില്‍ വരുന്നതോടെ മേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് പരിഹാരമാകും.

 

Latest