International
അമ്മയെ അക്രമിച്ച കവര്‍ച്ചക്കാരനെ നേരിട്ടു; ഒമ്പതുകാരിയ്ക്ക് ധീരതയ്ക്കുള്ള മെഡല്‍
പെണ്‍കുട്ടിയുടെ സമയോചിതമായ ഇടപെടലാണ് അമ്മയെ കള്ളന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചത്.
		
      																					
              
              
            അമ്മയെ ആക്രമിച്ച കവര്‍ച്ചക്കാരനെ നേരിട്ടതിന് ഫ്‌ളോറിഡയിലുള്ള ഒമ്പത് വയസ്സുകാരിക്ക് ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചു. പലചരക്ക് സാധനങ്ങള്‍ വാങ്ങി കാറില്‍ കയറുന്നതിനിടെയായിരുന്നു ആക്രമണം. അമ്മ ഡാനിയേല്‍ മോബ്ലിയുടെ പഴ്‌സ് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ച കള്ളനെ മകള്‍ ജേര്‍ണി നെല്‍സണ്‍ ധീരമായി നേരിടുകയായിരുന്നു. പെണ്‍കുട്ടിയുടെ സമയോചിതമായ ഇടപെടലാണ് അമ്മയെ കള്ളന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചത്.
കാറില്‍ കയറുമ്പോള്‍ കവര്‍ച്ചക്കാരന്‍ അമ്മയുടെ അടുത്തേക്ക് ഓടി വരുന്നത് ജേര്‍ണി കണ്ടു. അവള്‍ പെട്ടെന്ന് തന്നെ കാറില്‍ നിന്ന് ഇറങ്ങി കള്ളന്റെ അടുത്തേയ്ക്ക് ഓടി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ട ജേര്‍ണി കള്ളന്റെ തലയില്‍ ശക്തിയായി അടിച്ചു. എന്നിട്ടും അയാള്‍ അമ്മയുടെ പഴ്‌സുമായി ഓടിക്കളഞ്ഞു. എന്നാല്‍ ജേര്‍ണി കള്ളന്റെ പിന്നാലെ ഓടി. കുറേദൂരം കള്ളനെ പിന്തുടര്‍ന്നെങ്കിലും അവള്‍ക്ക് പഴ്‌സ് വീണ്ടെടുക്കാന്‍ സാധിച്ചില്ല.
പിന്നീട് ആളുകള്‍ സംഭവം അറിഞ്ഞു. തുടര്‍ന്ന് വെസ്റ്റ് പാം ബീച്ച് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ജേര്‍ണിയെ ധീരതക്കുള്ള മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. സാധാരണ ഗതിയില്‍ ഇത്ര ചെറിയ കുട്ടി ഇത്തരത്തില്‍ പ്രതികരിക്കുന്നത് ചിന്തിക്കാന്‍ തന്നെ പ്രയാസമാണെന്ന് പോലീസ് മേധാവി ഫ്രാങ്ക് അഡര്‍ലി പറഞ്ഞു. ജേര്‍ണി കള്ളന്റെ മുഖത്ത് അടിച്ചപ്പോള്‍ തന്നെ കള്ളന്‍ ഞെട്ടുന്ന വീഡിയോ താന്‍ കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്മയെ രക്ഷിക്കണമെന്ന് മാത്രമായിരുന്നു തന്റെ മനസ്സിലെന്ന് ജേര്‍ണി പറഞ്ഞു. മകളുടെ ഈ പ്രവൃത്തിയില്‍ അഭിമാനമാണ് തോന്നിയതെന്ന് അമ്മ മോബ്ലി പ്രതികരിച്ചു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കള്ളന്‍ ഡിമെട്രിയസ് ജാക്സണ്‍ അറസ്റ്റിലായി. കവര്‍ച്ച, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

