Connect with us

editorial

അമേരിക്കൻ പടയൊരുക്കം ഉയർത്തുന്ന ആശങ്ക

യുദ്ധത്തിൽ അമേരിക്ക പങ്കാളിയാകരുന്നതെന്നാവശ്യപ്പെട്ട് അമേരിക്കൻ സമൂഹം രംഗത്തിറങ്ങിയിട്ടുണ്ട്. വൈറ്റ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയ വൻജനക്കൂട്ടം ട്രംപിന്റെ യുദ്ധനയത്തിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾ മാത്രമല്ല അനുകൂലികളും യുദ്ധത്തെ പിന്തുണക്കുന്നില്ലെന്നാണ് സർവേയിൽ കണ്ടെത്തിയത്.

Published

|

Last Updated

ഇസ്‌റാഈൽ- ഇറാൻ യുദ്ധം മൂർച്ഛിക്കുന്നതിനിടെ മധ്യപൂർവേഷ്യൻ മേഖലയിൽ അമേരിക്ക നടത്തുന്ന പടയൊരുക്കം ആഗോള സമൂഹത്തിൽ കടുത്ത ഭീതി പരത്തിയിരിക്കുകയാണ്. ഇതൊരു മൂന്നാം ലോകയുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. മേഖലയിലെ ഇറാഖ്, ഈജിപ്ത്, ബഹ്‌റൈൻ, ഖത്വർ, കുവൈത്ത്, ജോർദാൻ, യു എ ഇ, സഊദി അറേബ്യ തുടങ്ങിയ കേന്ദ്രങ്ങളിലായി വൻ സൈനിക ആയുധ ശേഖരമുണ്ട് നേരത്തേ തന്നെ അമേരിക്കക്ക്. 40,000 സൈനികരും നൂറുകണക്കിന് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളുമാണ് ഈ കേന്ദ്രങ്ങളിൽ നിലവിലുള്ളത്. ഇതിനു പുറമെ മിസൈൽവേധ സംവിധാനങ്ങളടങ്ങിയ തോമസ് ഹഡ്‌നർ എന്ന യുദ്ധക്കപ്പൽ, കൂടുതൽ യുദ്ധവിമാനങ്ങൾ, യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറക്കാവുന്ന ടാങ്കർ വിമാനങ്ങൾ തുടങ്ങിയവ കൂടി മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്നാണ് റിപോർട്ട്. യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇക്കാര്യം സ്ഥിരീകരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പടുത്തുന്നു.

മേഖലയിൽ ഇറാനു പുറമെ ഹമാസും ഹിസ്ബുല്ലയും ഹൂതികളുമായിരുന്നു ഇസ്‌റാഈലിനു ഭീഷണി. ഇവ മൂന്നും ഇതിനകം ഏറെക്കുറെ നിർവീര്യമായിക്കഴിഞ്ഞു. ഹിസ്ബുല്ലയുടെ കരുത്തനായിരുന്ന നേതാവ് നസ്‌റുല്ല ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് ലബനാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ ശക്തി ക്ഷയിച്ചത്. മാർച്ചിലും ഏപ്രിലിലുമായി യു എസും ഇസ്‌റാഈലും നടത്തിയ വ്യോമാക്രണത്തിൽ ഹൂതികളുടെ നിരവധി മിസൈൽ ലോഞ്ചറുകളും സാമ്പത്തിക സ്രോതസ്സുകളും നശിപ്പിക്കപ്പെട്ടു. 2013 ഒക്ടോബറിൽ ആരംഭിച്ച് ഇപ്പോഴും തുടരുന്ന ഗസ്സ ആക്രമണത്തിൽ ഹമാസിന്റെ നേതൃനിരയിലുള്ള മിക്കവാറും പേരെ ഇസ്‌റാഈൽ വധിക്കുകയും ആയുധശേഖരം ഏറെക്കുറെ അവസാനിക്കുകയും ചെയ്തതോടെ അവരുടെ വീര്യവും ചോർന്നു. ഈ സംഘടനകൾക്കെല്ലാം സാമ്പത്തികവും സൈനികവുമായ പിന്തുണ നൽകിവരികയും ആണവായുധ ശക്തിയായി മാറാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇറാനെയും തകർത്തു കഴിഞ്ഞാൽ മേഖല പൂർണമായും അവരുടെ നിയന്ത്രണത്തിലാകും. ഈ ലക്ഷ്യത്തിലാണ് ഇറാനെതിരെ ഇസ്‌റാഈൽ യുദ്ധം തുടങ്ങിയത്.

അമേരിക്കയുടെ പൂർണ സമ്മതത്തോടെയും ഒത്താശയോടെയുമാണ് ഇസ്‌റാഈലിന്റെ കടന്നാക്രമണമെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റൊണാൾഡ് ട്രംപ് തുറന്നുസമ്മതിച്ചു. ഇതിനു പിന്നാലെ “ഒന്നുകിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ നിരുപാധികം കീഴടങ്ങുക, അല്ലെങ്കിൽ ഇറാന്റെ പതനം കാത്തിരിക്കുക’യെന്ന മുന്നറിയിപ്പും നൽകി ട്രംപ്. “ഇറാനെയും അതിന്റെ ചരിത്രവും അറിയാവുന്നവർ ഒരിക്കലും ഇവ്വിധം ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. ഇറാന് ആരുടെ മുമ്പിലും തലകുനിച്ച ചരിത്രമില്ല’ എന്നായിരുന്നു ട്രംപിന്റെ ഭീഷണിയോട് ഖാംനഈയുടെ പ്രതികരണം. മാത്രമല്ല തങ്ങൾ കണക്കുകൂട്ടിയതിലപ്പുറം കരുത്തരാണ് സൈനികമായി ഇറാനെന്ന് ഇതിനകം ഇസ്‌റാഈലിനും അമേരിക്കക്കും ബോധ്യപ്പെടുകയും ചെയ്തു. ഇസ്‌റാഈലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ അതിജീവിച്ചാണ് ഇറാന്റെ മിസൈലുകൾ ഇസ്‌റാഈലിന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പതിച്ചു കൊണ്ടിരിക്കുന്നത്. ഒന്ന് തൊടുത്തുവിട്ടാൽ നൂറുകണക്കായി ചിതറുന്ന ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച മിസൈൽ ഉപയോഗിച്ചാണ് ഇറാന്റെ ആക്രമണം. ഈ സാഹചര്യത്തിലാണ് ട്രംപ് മേഖലയിലെ സൈനിക ശക്തി വർധിപ്പിച്ചു കൊണ്ടിരിക്കുന്നതും യുദ്ധത്തിൽ നേരിട്ടിറങ്ങാൻ ആലോചിക്കുന്നതും.

അതേസമയം യുദ്ധത്തിൽ ഇസ്‌റാഈലിനെ സഹായിക്കുകയോ നേരിട്ട് അമേരിക്ക പങ്കാളിയാകുകയോ ചെയ്യരുന്നതെന്നാവശ്യപ്പെട്ട് അമേരിക്കൻ സമൂഹം രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് മുന്നിൽ തടിച്ചു കൂടിയ വൻജനക്കൂട്ടം ട്രംപിന്റെ യുദ്ധനയത്തിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾ മാത്രമല്ല അനുകൂലികളും യുദ്ധത്തെ പിന്തുണക്കുന്നില്ലെന്നാണ് അഭിപ്രായ സർവേയിൽ കണ്ടെത്തിയത്. 2024ലെ തിരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്തവരിൽ തന്നെ 53 ശതമാനവും യുദ്ധത്തിൽ അമേരിക്ക പങ്കാളിയാകേണ്ടതില്ലെന്ന പക്ഷക്കാരാണ്. അമേരിക്കയെ നേരിട്ട് ബാധിക്കുന്ന യുദ്ധമല്ലാത്തതിനാൽ അതിൽ പങ്കെടുക്കണമോ എന്ന് തീരുമാനിക്കേണ്ടത് യു എസ് കോൺഗ്രസ്സാണെന്ന് റിപബ്ലിക്കൻ പ്രതിനിധികൾ തന്നെ അഭിപ്രായപ്പെടുന്നു. ഇക്കണോമിക്‌സ്-യൂഗവ് സർവേയിൽ പങ്കെടുത്ത 19 ശതമാനം പേർ മാത്രമാണ് അമേരിക്കയുടെ സൈനിക ഇടപെടലിനെ അനുകൂലിച്ചത്. അമേരിക്കയിലെ ജൂതസംഘടനയായ ജൂയിഷ് വോയ്‌സ് ഫോർ പീസും (ജെ വി പി) ഇസ്‌റാഈലിനെ തുണക്കുന്ന അമേരിക്കൻ നിലപാടിനെ അപലപിച്ചു. അമേരിക്ക ഇസ്‌റാഈലിന് ആയുധം നൽകുന്നതും ഇറാനു നേരെയുള്ള ഇസ്‌റാഈൽ ആക്രമണവും അവസാനിപ്പിക്കണമെന്ന് ജെ വി പി ആവശ്യപ്പെട്ടു.

കടുത്ത സേച്ഛാധിപതിയായ ട്രംപ് അമേരിക്കൻ ജനതയുടെ ഈ വികാരത്തെ മാനിക്കുമോ? അതോ യുദ്ധത്തിലേക്ക് എടുത്തുചാടുമോ? അങ്ങനെ സംഭവിച്ചാൽ ഇറാനെ പിന്തുണക്കുന്ന ചൈനയും റഷ്യയും കൈയുംകെട്ടി നേക്കിനിൽക്കാനിടയില്ല. ഇസ്‌റാഈൽ ഉടനടി വെടിനിർത്തണമെന്നാവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പ്രസ്താവന ഇറക്കിയിട്ടുണ്ട്. യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചാണ് ഇസ്‌റാഈൽ ഇറാനെ ആക്രമിച്ചതെന്ന് കുറ്റപ്പെടുത്തിയ ഇരുനേതാക്കളും ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കു നേരെയുള്ള ഇസ്‌റാഈൽ ആക്രമണം അപകടം പിടിച്ചതാണെന്ന് ഓർമിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കേണ്ടത് ബലപ്രയോഗത്തിലൂടെയല്ല ചർച്ചയിലൂടെയാണെന്നും അവർ ഉണർത്തി. യുദ്ധം ഇനിയും നീണ്ടാൽ നയതന്ത്ര ചർച്ചയിലൂടെയുള്ള പരിഹാരത്തിനായിരിക്കും ഇരുനേതാക്കളും മുൻഗണന നൽകുക. ചർച്ചകൾ പരാജയപ്പെട്ടാൽ എന്തു സംഭവിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള സന്ദേഹത്തിനുത്തരം.