Kerala
വര്‍ഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എതിര്‍ക്കപ്പെടണം; സജി ചെറിയാനെ പിന്തുണച്ച് ശിവന്‍കുട്ടി
രണ്ട് വര്‍ഗീയതയും ചെറുക്കപ്പെടണം. ആ നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. അതുതന്നെയാണ് സജി ചെറിയാന്‍ പറഞ്ഞതും.
തിരുവനന്തപുരം | വര്‍ഗീയതയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി. വര്‍ഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എതിര്‍ക്കപ്പെടണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. രണ്ട് വര്‍ഗീയതയും ചെറുക്കപ്പെടേണ്ടതുണ്ട്. അതുതന്നെയാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കവേ ശിവന്‍കുട്ടി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടിയ വ്യക്തിയാണ് സജി ചെറിയാന്‍. എന്നാല്‍, അദ്ദേഹം പറഞ്ഞതിനെ വളച്ചൊടിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
സ്വപ്നം കാണുന്ന ജോലി ലഭിക്കുന്നത് വരെ സാമ്പത്തിക പിന്തുണ നല്‍കുക ലക്ഷ്യംവച്ചുള്ള മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. അര്‍ഹരായവര്‍ക്ക് 1000 രൂപ വീതം ഒരു വര്‍ഷം ലഭിക്കും. 18 മുതല്‍ 30 വയസ്സ് വരെയുള്ളവരെയാണ് പരിഗണിക്കുക. അഞ്ചുലക്ഷം വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി പദ്ധതിയില്‍ അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.
ശബരിമല ഇഡി പരിശോധനയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. ഞങ്ങള്‍ ആദ്യമേ ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ വേണമെന്നും ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവേ ശിവന്‍കുട്ടി പ്രതികരിച്ചു.


