Kerala
ദേശീയപാതാ നിര്‍മ്മാണ അപാകതകള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്; ഗഡ്കരിയെ കാണും
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

തിരുവനന്തപുരം| സംസ്ഥാനത്തെ ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ജൂണ്‍ നാലിനാണ് സന്ദര്‍ശനം നടത്തുക. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. കേരളത്തിലെ ദേശീയ പാത നിര്‍മ്മാണത്തിലെ അപാകത ദേശീയതലത്തില്‍ വരെ ചര്‍ച്ചയാവുമ്പോഴാണ് മുഖ്യമന്ത്രി ഗഡ്കരിയെ കാണാനെത്തുന്നത്.
കരാറുകാരുടെ അനാസ്ഥയാണ് റോഡ് തകരാന്‍ കാരണമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിലെ ക്രമക്കേടിന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം നിതിന്‍ ഗഡ്കരി നടപടി എടുത്തിരുന്നു. ദേശീയ പാത അതോറിറ്റി സൈറ്റ് എഞ്ചിനീയറെ പിരിച്ചു വിട്ടും പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തുമാണ് നടപടി സ്വീകരിച്ചത്. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, ഹൈവേ എഞ്ചിനീയറിംഗ് കമ്പനി എന്നിവയ്ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.