Connect with us

National

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം; മരിച്ചവരുടെ എണ്ണം 60 ആയി

ഇതുവരെ 160 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 38 പേരുടെ നില ഗുരുതരമാണ്.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ കിസ്ത്വാര്‍ ജില്ലയിലെ ചസോതി ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 60 ആയി. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാണാതായവരില്‍ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഇതുവരെ 160 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 38 പേരുടെ നില ഗുരുതരമാണ്. കനത്ത മഴ തുടരുന്നതും അവശിഷ്ടങ്ങള്‍ കൂടിക്കിടക്കുന്നതും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാണാതായ നാല് സി ഐ എസ് എഫ് ജവാന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

ദുരന്തത്തിനിരയായവരില്‍ ഭൂരിഭാഗവും ഹൈന്ദവ പുണ്യ കേന്ദ്രമായ മചായില്‍ മാതയിലേക്ക് മലകയറിയ തീര്‍ഥാടകരാണെന്ന് ജമ്മു പോലീസ് ഐ ജി. ബി എസ് ടുടി അറിയിച്ചു. സമതലത്തില്‍ നിന്ന് 9,500 അടി ഉയരത്തിലാണ് മചായില്‍ മാത ക്ഷേത്രം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 12നും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു ദുരന്തം. നൂറുകണക്കിനു പേരാണ് ആരാധനാ കര്‍മങ്ങള്‍ക്കായി എത്തിയിരുന്നത്. തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ചിരുന്ന സാമൂഹിക അടുക്കളയായ ‘ലംഗാര്‍’ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ പ്രളയത്തിലും തകര്‍ന്നു.