Connect with us

Education Notification

ക്ലാറ്റ് എഴുതു; നാഷനൽ ലോ യൂനിവേഴ്‌സിറ്റിയിൽ പഠിക്കൂ

ക്ലാറ്റ് 2027 പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31ന് രാത്രി 11.59 ആണ്. താത്പര്യമുള്ളവർക്ക് www.consortiumofnlus.ac.in എന്ന ഔദ്യോഗിക ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Published

|

Last Updated

യർ സെക്കൻഡറി (പ്ലസ് ടു) പഠനത്തിന് ശേഷം രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടി മികച്ച കരിയർ രൂപപ്പെടുത്തിയെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മുന്നിലുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് നിയമപഠനം. അഭിഭാഷക വൃത്തി എന്നതിലുപരി ഐ ടി, കോർപറേറ്റ് സ്ഥാപനങ്ങൾ, സിവിൽ സർവീസ്, ലീഗൽ അഡ്വൈസറി, ജുഡീഷ്യൽ സർവീസ്, അന്താരാഷ്ട്ര ഏജൻസികൾ തുടങ്ങി വൈവിധ്യമാർന്ന തൊഴിൽ മേഖലകളാണ് നിയമ ബിരുദധാരികളെ കാത്തിരിക്കുന്നത്.

ഇന്ത്യയിലെ മുൻനിര ദേശീയ നിയമ സർവകലാശാലകളിൽ അഞ്ച് വർഷത്തെ സംയോജിത ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്നതിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ് 2027) പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യമാണ് ഈ അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ സംഘടിപ്പിക്കുന്നത്.

പഞ്ചവത്സര ബിരുദ പ്രോഗ്രാമുകൾ

പ്ലസ് ടുവിന് ശേഷം പ്രവേശനം നേടാവുന്ന പ്രധാനപ്പെട്ട അഞ്ച് വർഷത്തെ സംയോജിത ഓണേഴ്‌സ് പ്രോഗ്രാമുകളാണ് ബി എ. എൽ എൽ ബി(ഓണേഴ്‌സ്), ബി ബി എ. എൽ എൽ ബി (ഓണേഴ്‌സ്), ബി കോം. എൽ എൽ ബി(ഓണേഴ്‌സ്), ബി എസ്‌സി. എൽ എൽ ബി(ഓണേഴ്‌സ്), ബി എസ് ഡബ്ല്യു. എൽ എൽ ബി(ഓണേഴ്‌സ്) എന്നിവ. ഇതിൽ കൊച്ചിയിലെ നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) പ്രധാനമായും ബി എ. എൽ എൽ ബി പ്രോഗ്രാമാണുള്ളത്. എന്നാൽ മറ്റ് ദേശീയ നിയമ സർവകലാശാലകളിൽ വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനുകളോടെയുള്ള കോഴ്‌സുകൾ ലഭ്യമാണ്.

പങ്കാളികളാകുന്ന ദേശീയ നിയമ സർവകലാശാലകൾ

ക്ലാറ്റ് 2027 സ്‌കോർ അടിസ്ഥാനമാക്കി രാജ്യത്തുടനീളമുള്ള 27 ദേശീയ നിയമ സർവകലാശാലകളിലും പ്രമുഖ നിയമ സ്ഥാപനങ്ങളിലുമാണ് പ്രവേശനം നൽകുന്നത്. ബെംഗളൂരു നാഷനൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്‌സിറ്റി, ഹൈദരാബാദ് നൽസാർ, ഭോപാൽ നാഷനൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂനിവേഴ്‌സിറ്റി, കൊൽക്കത്ത ഡബ്ല്യു ബി എൻ യു ജെ എസ്, നാഷനൽ ലോ യൂനിവേഴ്‌സിറ്റി ജോധ്പൂർ, റായ്പൂർ ഹിദായത്തുല്ല നാഷനൽ ലോ യൂനിവേഴ്‌സിറ്റി , ഗുജറാത്ത് നാഷനൽ ലോ യൂനിവേഴ്‌സിറ്റി (ഗാന്ധിനഗർ) യും അതിന്റെ സിൽവാസ ക്യാമ്പസും, ലക്നോ ഡോ. റാം മനോഹർ ലോഹ്യ നാഷനൽ ലോ യൂനിവേഴ്‌സിറ്റി , പഞ്ചാബ് രാജീവ് ഗാന്ധി നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് ലോ, പട്‌ന ചാണക്യ നാഷനൽ ലോ യൂനിവേഴ്‌സിറ്റി, കേരളത്തിലെ കൊച്ചി നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, നാഷനൽ ലോ യൂനിവേഴ്‌സിറ്റി ഒഡിഷ, റാഞ്ചി എൻ യു എസ് ആർ എൽ, അസം എൻ എൽ യു ജെ എ, വിശാഖപട്ടണം ദാമോദരം സഞ്ജീവയ്യ നാഷനൽ ലോ യൂനിവേഴ്‌സിറ്റി,

തമിഴ്‌നാട് നാഷനൽ ലോ യൂനിവേഴ്‌സിറ്റി (തിരുച്ചിറപ്പള്ളി) എന്നിവ ഇതിൽ പ്രമുഖമാണ്. കൂടാതെ, മഹാരാഷ്ട്ര നാഷനൽ ലോ യൂനിവേഴ്‌സിറ്റിയുടെ മുംബൈ, നാഗ്പൂർ, ഛത്രപതി സംഭാജിനഗർ ക്യാമ്പസുകൾ, ഹിമാചൽ പ്രദേശ് നാഷനൽ ലോ യൂനിവേഴ്‌സിറ്റി (ഷിംല), ധർമശാസ്ത്ര നാഷനൽ ലോ യൂനിവേഴ്‌സിറ്റി (ജബൽപൂർ), ഡോ. ബി ആർ അംബേദ്കർ നാഷനൽ ലോ യൂനിവേഴ്‌സിറ്റി (ഹരിയാന), നാഷനൽ ലോ യൂനിവേഴ്‌സിറ്റി ത്രിപുര (അഗർത്തല), പ്രയാഗ്‌രാജ് രാജേന്ദ്ര പ്രസാദ് നാഷനൽ ലോ യൂനിവേഴ്‌സിറ്റി, ഗോവ ഇന്ത്യ ഇന്റർനാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ഷില്ലോംഗ് നാഷനൽ ലോ യൂനിവേഴ്‌സിറ്റി മേഘാലയ എന്നീ സ്ഥാപനങ്ങളിലെ പ്രവേശനവും ക്ലാറ്റ് 2027 പരീക്ഷാ റാങ്കിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

മറ്റ് പ്രമുഖ സ്ഥാപനങ്ങൾ

ദേശീയ നിയമ സർവകലാശാലകൾക്ക് പുറമെ, രാജ്യത്തെ പ്രമുഖമായ മറ്റ് പൊതു-സ്വകാര്യ സർവകലാശാലകളും സ്ഥാപനങ്ങളും തങ്ങളുടെ ബിരുദ നിയമ പ്രവേശനത്തിന് ക്ലാറ്റ് സ്‌കോർ മാനദണ്ഡമാക്കാറുണ്ട്. ഐ ഐ എം റോത്തക്ക്, ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് ലോ, ഡൽഹി നാഷനൽ ഫോറൻസിക് സയൻസ് യൂനിവേഴ്‌സിറ്റി, ഭുവനേശ്വറിലെ സേവ്യർ ലോ സ്‌കൂൾ, ബെംഗളൂരു എം എസ് രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ്, അഹമ്മദാബാദ് നിർമ യൂനിവേഴ്‌സിറ്റി, എൻ എം ഐ എം എസ് ബെംഗളൂരു, നോയിഡ ഏഷ്യൻ ലോ കോളജ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ക്ലാറ്റ് റാങ്ക് പരിഗണിക്കാറുണ്ട്.

യോഗ്യതകൾ

ക്ലാറ്റ് അണ്ടർഗ്രാജ്വേറ്റ് പരീക്ഷ എഴുതുന്നതിന് നിർദിഷ്ട ഉയർന്ന പ്രായപരിധിയില്ല. അക്കാദമിക യോഗ്യതയായി പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ജനറൽ, ഒ ബി സി, ഭിന്നശേഷി, എൻ ആർ ഐ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾ കുറഞ്ഞത് 45 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. എന്നാൽ സംവരണ വിഭാഗങ്ങളായ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്ക് മതിയാകും. കൂടാതെ, 2027 മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിൽ പ്ലസ് ടു യോഗ്യതാ പരീക്ഷ എഴുതുന്ന അവസാന വർഷ വിദ്യാർഥികൾക്കും ഈ പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ, പ്രവേശന സമയത്ത് ഇവർ പരീക്ഷ പാസ്സായതിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്.

പരീക്ഷാ രീതി, മാർക്കിംഗ് സമ്പ്രദായം, സിലബസ് വിശകലനം

ക്ലാറ്റ് 2027 പരീക്ഷ ഓഫ്‌ലൈൻ പേപ്പർ-പെൻസിൽ (ഒ എം ആർ) രീതിയിലാണ് നടക്കുന്നത്. ആകെ 120 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുള്ള പരീക്ഷയുടെ സമയദൈർഘ്യം രണ്ട് മണിക്കൂറാണ് (പകൽ ഉച്ചക്ക് രണ്ട് മുതൽ നാല് വരെ). എന്നാൽ ഭിന്നശേഷി (പി ഡബ്ല്യു ഡി) വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്ക് രണ്ട് മണിക്കൂറും 40 മിനുട്ടും അനുവദിക്കും. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കുമ്പോൾ, തെറ്റായ ഉത്തരങ്ങൾക്ക് 0.25 മാർക്ക് വീതം കുറക്കുന്ന നെഗറ്റീവ് മാർക്കിംഗ് രീതിയാണ് ഇതിലുള്ളത്.

യു ജി ക്ലാറ്റ് പരീക്ഷ പ്രധാനമായും അഞ്ച് വിഷയമേഖലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ കറന്റ് അഫയേഴ്‌സ് & ജനറൽ നോളജ് (28-32 ചോദ്യങ്ങൾ/25%), ലീഗൽ റീസണിംഗ് (28-32 ചോദ്യങ്ങൾ/25%) എന്നീ വിഭാഗങ്ങളിൽ നിന്ന് ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള വർത്തമാനകാല സംഭവങ്ങൾ, ചരിത്രം, കല, സംസ്‌കാരം എന്നിവയും തന്നിരിക്കുന്ന നിയമ തത്ത്വങ്ങൾ വായിച്ച് മനസ്സിലാക്കി അപ്ലൈ ചെയ്യാനുള്ള ചോദ്യങ്ങളും ഉണ്ടാകും (ഇതിനായി മുൻകൂട്ടി നിയമം പഠിക്കേണ്ടതില്ല). ഇംഗ്ലീഷ് ലാംഗ്വേജ് (22-26 ചോദ്യങ്ങൾ/20%), ലോജിക്കൽ റീസണിംഗ് (22-26 ചോദ്യങ്ങൾ/20%) വിഭാഗങ്ങളിൽ ഏകദേശം 450 വാക്കുകളുള്ള പാസേജുകൾ നൽകി വിദ്യാർഥികളുടെ വായനാബോധം, ഗ്രഹണശേഷി, വാദമുഖങ്ങളുടെ അപഗ്രഥനം, നിഗമനങ്ങൾ എന്നിവ പരിശോധിക്കുന്നു. ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് (10-14 ചോദ്യങ്ങൾ/10%) വിഭാഗത്തിൽ പത്താം തരം നിലവാരത്തിലുള്ള ഡാറ്റാ ഇന്റർപ്രറ്റേഷൻ, അനുപാതങ്ങൾ, ബീജഗണിതം, അളവുകൾ, സ്ഥിതിവിവരക്കണക്കുകൾ തുടങ്ങിയ ഗണിത വിശകലന ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

അപേക്ഷാ വിവരങ്ങളും പ്രധാന തീയതികളും

ക്ലാറ്റ് 2027 പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31ന് രാത്രി 11:59 ആണ്. താത്പര്യമുള്ളവർക്ക് www.consortiumofnlus.ac.in എന്ന ഔദ്യോഗിക ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസായി ജനറൽ, ഒ ബി സി, എൻ ആർ ഐ വിഭാഗക്കാർ 4,000 രൂപയും, എസ് സി, എസ് ടി, ബി പി എൽ, പി ഡബ്ല്യു ഡി വിഭാഗക്കാർ 3,500 രൂപയുമാണ് അടയ്ക്കേണ്ടത്. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ ആവശ്യമുള്ളവർക്ക് 500 രൂപ അധികമായി അടച്ചാൽ പോർട്ടലിലൂടെ ലഭ്യമാകും. പരീക്ഷ ഡിസംബർ ആറിന് ഉച്ചക്ക് രണ്ട് മുതൽ നാല് വരെ നടക്കും. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കുമായി വെബ്‌സൈറ്റ് സന്ദർശിക്കുകയോ 08047162020 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ clat@consortiumofnlus.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Content Highlights:
Consortium of NLUs has invited online applications for CLAT 2027 entrance test for 5-year integrated law courses. Candidates with minimum 45 percent marks in plus two can apply online before October 31. The 120-mark offline OMR exam will be conducted on December 6 across various exam centers.

---- facebook comment plugin here -----

Latest