International
ഇമ്രാൻ ഖാന്റെ വസതിക്ക് മുന്നിൽ ഇന്നും ഏറ്റുമുട്ടൽ; പോലീസ് കണ്ണീർവൂാതകം പ്രയോഗിച്ചു
തോഷാഖാന കേസിൽ ഇമ്രാൻ ഖാനെ ഇസ്ലാമാബാദ് പോലീസ് അറസ്റ്റ് ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ അനുയായികൾ വീട് വളഞ്ഞത്.

ഇസ്‍ലാമാബാദ് | പാക് മുൻ പ്രധാമന്ത്രി ഇമ്രാൻ ഖാന്റെ ലാഹോറിലെ വസതിക്ക് പുറത്ത് ഇന്നും പോലീസും ഇമ്രാൻ അനുയായികളും തമ്മിൽ ഏറ്റുമുട്ടൽ. ബുധനാഴ്ച രാവിലെ ആറ് മണിയോടെ പോലീസ് വീണ്ടും പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ലാത്തിയും പ്രയോഗിച്ചു. തോഷാഖാന കേസിൽ ഇമ്രാൻ ഖാനെ ഇസ്ലാമാബാദ് പോലീസ് അറസ്റ്റ് ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ അനുയായികൾ വീട് വളഞ്ഞത്. ഏറ്റുമുട്ടലിൽ ഇരുവശത്തും നിരവധി പേർക്ക് പരിക്കേറ്റതായി സർക്കാർ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരം തന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം അനുയായികൾക്ക് നിർദേശം നൽകിയിരുന്നു. പോലീസ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയയ്ക്കാൻ വന്നിരിക്കുന്നു. തനിക്കെന്തെങ്കിലും സംഭവിക്കുകയോ ജയിലിലേക്ക് അയയ്ക്കുകയോ കൊല്ലുകയോ ചെയ്താൽ, ഇമ്രാൻ ഖാൻ ഇല്ലാതെ പോലും ഈ രാജ്യം പോരാട്ടം തുടരുമെന്ന് നിങ്ങൾ തെളിയിക്കണമെന്നായിരുന്നു വീഡിയോ സന്ദേശം.