Connect with us

Editorial

പൗരബോധം പോളിംഗ് ബൂത്തില്‍ അവസാനിക്കരുത്

ഇന്ത്യ എന്ന രാജ്യം നിലനില്‍ക്കണമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ പതിനേഴ് തിരഞ്ഞെടുപ്പുകള്‍ക്കും ഇല്ലാത്ത പ്രാധാന്യം അതുകൊണ്ട് തന്നെ 2024ലെ തിരഞ്ഞെടുപ്പിനുണ്ട്. ഓരോ വോട്ടും ഓരോ നിലപാടാണ്. ജനാധിപത്യ കക്ഷികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നൊരാള്‍ ഇന്ത്യ നിലനില്‍ക്കണം എന്ന നിലപാട് പ്രഖ്യാപിക്കുക കൂടിയാണ്. അതുകൊണ്ട് വോട്ടുകള്‍ പാഴാക്കാതിരിക്കുക.

Published

|

Last Updated

കേരളം ഇന്ന് വിധി കുറിക്കുന്നു. 20 മണ്ഡലങ്ങള്‍. 194 സ്ഥാനാര്‍ഥികള്‍. 169 പുരുഷന്മാര്‍, 25 സ്ത്രീകള്‍. 25,231 പോളിംഗ് ബൂത്തുകള്‍. 2,77,49,159 വോട്ടര്‍മാര്‍. പ്രധാന മത്സരം പതിവിന്‍പടി ഇടത്, ഐക്യ മുന്നണികള്‍ തമ്മില്‍. കേന്ദ്ര ഭരണത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയെങ്കിലും ബി ജെ പി ഇക്കുറിയും നിരാശപ്പെടേണ്ടി വരും. കേരളം വേറിട്ട തുരുത്തായി തന്നെ നിലകൊള്ളും.

ഒന്നര മാസം കേരളം തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലായിരുന്നു. അന്താരാഷ്ട്ര വിഷയങ്ങള്‍ മുതല്‍ പ്രാദേശിക സംഭവങ്ങള്‍ വരെ പ്രചാരണ വിഷയങ്ങളായി. ഫലസ്തീന്‍ മുതല്‍ പാറമേക്കാവ് വരെ കേരളം തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സവിശേഷതയാണത്. അതേസമയം, ഉയര്‍ന്ന രാഷ്ട്രീയ ജാഗ്രത അവകാശപ്പെടുന്ന കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും വിട്ടുകളഞ്ഞ ഒട്ടേറെ വിഷയങ്ങളുമുണ്ട്. പാചകവാതക നിരക്ക് വര്‍ധന മുതല്‍ ഇലക്ടറല്‍ ബോണ്ട് വരെ. തൊഴിലില്ലായ്മ മുതല്‍ പട്ടിണി വരെ. കര്‍ഷക സമരം മുതല്‍ സ്ത്രീ അതിക്രമങ്ങള്‍ വരെ. അന്താരാഷ്ട്ര സൂചികകളില്‍ രാഷ്ട്രം പരിതാപകരമായ നില പ്രാപിച്ചതിന്റെ റിപോര്‍ട്ടുകള്‍ നമ്മുടെ മുന്നിലുണ്ട്. പോയ പതിറ്റാണ്ടില്‍ രാജ്യത്തെ വില്‍പ്പനക്ക് വെച്ചതിന്റെയും പൊതുമേഖല വിറ്റു തുലച്ചതിന്റെയും സ്ഥിതിവിവര കണക്കുകള്‍ ലഭ്യമാണ്. എത്ര തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ അവ പരാമര്‍ശിക്കപ്പെട്ടു എന്നത് ആലോചനക്ക് വിഷയീഭവിക്കേണ്ടതാണ്.

പൊതുതിരഞ്ഞെടുപ്പില്‍ ദേശീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടരുത് എന്നാണ് ബി ജെ പി ആഗ്രഹിച്ചത്. അതുകൊണ്ടാണ് ഗണപതിവട്ടം പോലെ ഉണ്ടയില്ലാവെടി പൊട്ടിച്ചത്. വര്‍ഗീയമായി ജനങ്ങളെ വിഭജിച്ച് അതിനെ വോട്ടാക്കി മാറ്റുന്ന കൗശലം കേരളത്തില്‍ ചെലവാകില്ല എന്ന് മനസ്സിലാക്കിയാകണം ബി ജെ പി അത്തരം പരാമര്‍ശങ്ങളില്‍ നിന്ന് പിന്‍വാങ്ങിയത്. സി എ എ പോലെ ചിലത് ജനാധിപത്യവേദികളില്‍ ഉന്നയിക്കപ്പെട്ടുവെങ്കിലും ജീവല്‍പ്രശ്നങ്ങള്‍ പിന്നെയും ബാക്കി കിടന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ വ്യക്ത്യാധിഷ്ഠിത വിമര്‍ശങ്ങളിലേക്ക് യു ഡി എഫ്, എല്‍ ഡി എഫ് നേതാക്കള്‍ കടന്നതോടെ കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധ, ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ചെലവിടേണ്ട സമയവും ഊര്‍ജവും പാഴായിപ്പോയി.

പണവും ഭക്ഷ്യക്കിറ്റും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി ജെ പി ശ്രമിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ അശ്ലീലമായി രേഖപ്പെട്ടു കിടക്കും. ഉത്തരേന്ത്യയില്‍ പയറ്റുന്ന അതേ തന്ത്രം ഇവിടെയും പുറത്തെടുക്കുകയാണ് ചെയ്തത്. അത്തരം പ്രലോഭനങ്ങള്‍ കൊണ്ട് ഇന്നാട്ടിലെ ഒരു ജനവിഭാഗത്തെയും ഒപ്പം നിര്‍ത്താനാകില്ലെന്ന് ബി ജെ പി ഇനിയെങ്കിലും മനസ്സിലാക്കണം. വര്‍ഗീയതക്ക് മലയാളികള്‍ തലവെച്ചുകൊടുക്കില്ല. പണം നല്‍കി ജനഹിതത്തെ വിലക്ക് വാങ്ങാനുമാകില്ല. ആദിവാസി സമൂഹങ്ങളില്‍ പോലും അത്തരം നടപടികള്‍ വിലപ്പോകില്ല. ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലായാല്‍ അത് പ്രതികൂലമായി ബാധിക്കുന്നത് മുസ്ലിംകളെ മാത്രമായിരിക്കില്ല. മലയാളി വോട്ടര്‍മാരുടെ സാമൂഹിക, രാഷ്ട്രീയ വിദ്യാഭ്യാസമാണ് ബി ജെ പിക്ക് മുന്നിലെ പ്രധാന വിലങ്ങുതടി.

നീതിപൂര്‍വകമായി തിരഞ്ഞെടുപ്പിനെ സമീപിക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഒരു പ്രവണതയും അനുവദിച്ചുകൂടാ. കള്ളവോട്ടുകളും വോട്ടു കച്ചവടവും ജനാധിപത്യത്തിലെ ദുഷിപ്പുകളാണ്. അത് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ അപകടത്തിലാക്കും. തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിനുമേല്‍ ഒരധികാര പ്രയോഗവും നടക്കരുത്. അവര്‍ സ്വതന്ത്രമായി തീരുമാനമെടുക്കട്ടെ, തദനുസൃതം സമ്മതിദാനാവകാശം വിനിയോഗിക്കട്ടെ. സമാധാനപരമായി അത് നിര്‍വഹിക്കാനുള്ള അവസരമൊരുക്കേണ്ടത് പൗരസമൂഹത്തിന്റെ കൂടി ബാധ്യതയാണ്.

പൗരന്മാര്‍ക്ക് വിലയേറിയ നാളുകളാണ് കടന്നുപോയത്. വോട്ടുകള്‍ മെഷീനിലാകുന്നതോടെ പൗരന്‍ പൂര്‍വനില പ്രാപിക്കും. അടുത്ത തിരഞ്ഞെടുപ്പ് വരെയും ആ നില തുടരും. തിരഞ്ഞെടുപ്പ് കാലം രാഷ്ട്രീയക്കാര്‍ ജനങ്ങളെ ആശ്രയിക്കും. അനന്തരം ജനം രാഷ്ട്രീയക്കാരെ ആശ്രയിക്കേണ്ടി വരും. നിയമനിര്‍മാണ സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആളെ തിരിച്ചുവിളിക്കാന്‍ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തില്‍ വകുപ്പില്ല. പക്ഷേ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയായി പൗരസമൂഹം ഉണ്ടായേ തീരൂ. അധികാരസ്ഥാനങ്ങള്‍ എല്ലാവരെയും ദുഷിപ്പിക്കില്ല. ചിലരെയെങ്കിലും അത് ഭ്രമിപ്പിക്കാതെയുമിരിക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നിരൂപിച്ചും വിമര്‍ശിച്ചും അവരെ തിരുത്താനുള്ള ഉത്തരവാദിത്വബോധം പൗരന്മാര്‍ പ്രകടിപ്പിക്കണം. ഇന്ന് വോട്ട് ചെയ്യുന്നതോടെ നമ്മുടെ ചുമലില്‍ നിന്ന് ഇറക്കിവെക്കേണ്ട ഭാരമല്ല പൗരബോധമെന്നു ചുരുക്കം.

ഇന്ത്യ എന്ന രാജ്യം നിലനില്‍ക്കണമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ പതിനേഴ് തിരഞ്ഞെടുപ്പുകള്‍ക്കും ഇല്ലാത്ത പ്രാധാന്യം അതുകൊണ്ട് തന്നെ 2024ലെ തിരഞ്ഞെടുപ്പിനുണ്ട്. ഓരോ വോട്ടും ഓരോ നിലപാടാണ്. ജനാധിപത്യ കക്ഷികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നൊരാള്‍ ഇന്ത്യ നിലനില്‍ക്കണം എന്ന നിലപാട് പ്രഖ്യാപിക്കുക കൂടിയാണ്. അതുകൊണ്ട് വോട്ടുകള്‍ പാഴാക്കാതിരിക്കുക. ആര് ജയിക്കും, ആര് പരാജയപ്പെടും എന്നതിലല്ല ശ്രദ്ധിക്കേണ്ടത്. നിര്‍ണായകമായൊരു കാലത്ത് നമ്മള്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. വിദ്വേഷ പ്രചാരണങ്ങള്‍ നിര്‍ബാധം ഒഴുകുന്ന കാലമാണിത്. ഉത്തരവാദപ്പെട്ട ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ തന്നെ വര്‍ഗീയത വമിപ്പിക്കുന്നു. വേദികളില്‍ നിന്ന് വേദികളിലേക്ക് പറന്ന് മുസ്ലിം വിരുദ്ധത പ്രസംഗിച്ച് പരാജയഭീതി മറികടക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി ഉള്‍പ്പെടെ ബി ജെ പി നേതാക്കള്‍. ഉടന്‍ നടപടിയെടുക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ മെല്ലെപ്പോക്ക് നയം തുടരുന്നു. ഇക്കാലത്ത് ജനാധിപത്യത്തിന് കാവലിരിക്കുകയെന്ന അധിക ദൗത്യം കൂടി ജനങ്ങള്‍ സ്വമേധയാ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.