Connect with us

articles

പൗരന്‍മാര്‍ ഭരണകൂട നിരീക്ഷണത്തിലാണ്

പുതിയ ടെലികമ്മ്യൂണിക്കേഷന്‍സ് നിയമത്തിന്റെ ഉള്ളടക്കത്തില്‍ ഡിജിറ്റല്‍ പരമാധികാര ഭരണകൂടത്തിന്റെ അപായ സൂചനയാണ് കാണുന്നത്. പൗരാവകാശ പ്രധാനമായ ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളില്‍ പലതും മാറ്റിനിര്‍ത്തിയിരിക്കുന്നു ടെലികമ്മ്യൂണിക്കേഷന്‍സ് ആക്ട് -2023. വലിയ തോതിലുള്ള വിവേചനാധികാരമാണ് പ്രസ്തുത നിയമം കേന്ദ്ര സര്‍ക്കാറിന് വകവെച്ചു നല്‍കുന്നത്.

Published

|

Last Updated

പ്രധാനമന്ത്രിയുടെ വിശാല വീക്ഷണത്തിന് പുറത്താണ് പുതിയ ടെലികമ്മ്യൂണിക്കേഷന്‍സ് ബില്ല് 2023 കൊണ്ടുവന്നിരിക്കുന്നതെന്നാണ് കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ വാരം പറഞ്ഞത്. 138 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട്- 1885 റദ്ദ് ചെയ്തു കൊണ്ടുള്ളതാണ് പുതിയ ടെലികോം നിയമം. അതായത് കൊളോണിയല്‍ നിയമമാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. പുതിയ നിര്‍മാണം സ്വാഭാവികമായും വളരേണ്ടിയിരുന്നത് ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലൂന്നിയ ജനാധിപത്യ രാജ്യത്തെ ഒരു പ്രധാന നിയമം എന്ന തലത്തിലേക്കായിരുന്നു. പക്ഷേ പരിതാപകരം എന്നല്ലാതെ എന്തു പറയാന്‍, കെട്ടിലും മട്ടിലും വേദകാലത്തെ ഓര്‍മിപ്പിക്കുന്ന ഒരു ടെലികോം നിയമമാണ് പ്രതിപക്ഷം പേരിലൊതുങ്ങിയിരുന്ന പാര്‍ലിമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെടുത്തത്. പൊതുജനാഭിപ്രായത്തിന് പുറത്തുവിട്ടിരുന്ന പ്രസ്താവിത ബില്ലിന്റെ ഡ്രാഫ്റ്റിലെ ഗീതാവാക്യത്തില്‍ തുടങ്ങി ഉള്ളടക്കത്തിലെ സംസ്‌കൃത സംജ്ഞകളില്‍ വരെ വേദപുസ്തക ഭാവം നമുക്ക് കാണാനാകും.

ആയുധമാക്കുന്നത് രാജ്യസുരക്ഷയെ

പുതിയ ടെലികമ്മ്യൂണിക്കേഷന്‍സ് നിയമത്തിന്റെ ഉള്ളടക്കത്തില്‍ ഡിജിറ്റല്‍ പരമാധികാര ഭരണകൂടത്തിന്റെ അപായ സൂചനയാണ് കാണുന്നത്. പൗരാവകാശ പ്രധാനമായ ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളില്‍ പലതും മാറ്റിനിര്‍ത്തിയിരിക്കുന്നു ടെലികമ്മ്യൂണിക്കേഷന്‍സ് ആക്ട് -2023. വലിയ തോതിലുള്ള വിവേചനാധികാരമാണ് പ്രസ്തുത നിയമം കേന്ദ്ര സര്‍ക്കാറിന് വകവെച്ചു നല്‍കുന്നത്. നിയമത്തിന്റെ നാലാം അധ്യായം രാജ്യ സുരക്ഷയുടെ പേരില്‍ ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കുന്നതടക്കമുള്ള അധികാരം ഭരണകൂടത്തിന് ലഭ്യമാക്കുന്നുണ്ട്. രാജ്യസുരക്ഷ എന്താണെന്ന് നിയമത്തില്‍ നിര്‍വചിക്കാതിരിക്കെ പൗരന്റെ മൗലികാവകാശം നിഷേധിക്കാനുള്ള പഴുതുകളാണ് ഭരണകൂടത്തിന് ഒരുക്കിയിരിക്കുന്നത്. സമീപകാല നിയമ നിര്‍മാണങ്ങളിലും നീതിന്യായ പരിശോധനകളോടുള്ള ഭരണകൂട സമീപനങ്ങളിലും രാജ്യസുരക്ഷ എന്നത് രാജ്യം ഭരിക്കുന്നവരുടെ തുറപ്പുചീട്ടാണെന്ന് ബോധ്യമാകും. യു എ പി എ, എന്‍ ഐ എ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ളതില്‍ പൗരാവകാശം നിഷേധിക്കാനുള്ള ടൂളായി രാജ്യസുരക്ഷയെ ഉപയോഗിച്ചത് നാം കണ്ടതാണ്. ഭരണകൂടം പ്രതിസ്ഥാനത്ത് നില്‍ക്കുന്നതും നിര്‍ണായകവുമായ നിയമ വ്യവഹാരങ്ങളില്‍ മുദ്രവെച്ച കവറുമായാണ് കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴും കോടതികളിലെത്താറുള്ളത്. അങ്ങനെ എഴുന്നള്ളിക്കാനുള്ള ന്യായം രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളാണെന്നതിനാല്‍ മുദ്രവെച്ച കവറില്‍ അടക്കം ചെയ്‌തേ തീരൂ എന്നതാണ്. നീതിപീഠത്തിന്റെ നിരന്തര വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മുദ്രവെച്ച കവര്‍ ശീലത്തിന് ഈയിടെ അല്‍പ്പം ശമനം വന്നിട്ടുണ്ടെന്ന് മാത്രം.

സ്വകാര്യതക്ക് സംരക്ഷണമില്ല

നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന പ്രധാന മൗലികാവകാശങ്ങളിലൊന്നാണ് സ്വകാര്യതക്കുള്ള അവകാശം. ഭരണഘടനയുടെ 21ാം അനുഛേദത്തിന്റെ ഉള്ളടക്കത്തില്‍ വരുന്നു പ്രസ്തുത അവകാശം. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ശ്രദ്ധേയ നിയമ വ്യവഹാരങ്ങളിലൊന്നായ 2017ലെ കെ എസ് പുട്ടസ്വാമി കേസില്‍ സ്വകാര്യത മൗലികാവകാശമാണെന്ന് പരമോന്നത കോടതി അന്തിമ തീര്‍പ്പ് പറഞ്ഞതാണ്. പുതിയ ടെലികമ്മ്യൂണിക്കേഷന്‍സ് നിയമം പൗരന്റെ സ്വകാര്യ വ്യക്തിവിവരങ്ങളിലേക്കുള്ള പ്രവേശനം ഭരണകൂടത്തിന് വലിയ അളവില്‍ സാധ്യമാക്കുന്നുണ്ട്. എന്നാല്‍ വിവര സംരക്ഷണത്തിന് അനിവാര്യമായ ചട്ടങ്ങളോ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോ ടെലികമ്മ്യൂണിക്കേഷന്‍സ് നിയമം ഉറപ്പുവരുത്തുന്നില്ലെന്നത് ഗൗരവതരമാണ്.

ഓര്‍വില്ലിയന്‍ സ്റ്റേറ്റല്ല ഇന്ത്യ

പൂര്‍ണമായും ഭരണഘടനാധിഷ്ഠിതവും ജനാധിപത്യ ഭരണക്രമത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ചട്ടക്കൂടല്ല പുതിയ ടെലികമ്മ്യൂണിക്കേഷന്‍സ് നിയമത്തിന്റേത് എന്ന് പറയേണ്ടിയിരിക്കുന്നു. ജോര്‍ജ് ഓര്‍വലിന്റെ പ്രസിദ്ധ നോവലായ “1984′ പ്രശ്‌നവത്കരിക്കുന്ന ഒരു ആശയ ഗതിയുണ്ട്. പൗര ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഭരണകൂടം ഇടപെടുകയോ വ്യക്തമായ സ്വാധീനം ചെലുത്തുകയോ ചെയ്യുന്നു എന്നതാണത്. ഒരു സര്‍വൈലന്‍സ് സ്റ്റേറ്റിന്റെ ഉദയമാണ് അവിടെ സംഭവിക്കുന്നത്. ഭരണകൂടം രാജ്യത്തെ പൗരന്മാരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുകയല്ല ചെയ്യുന്നത്. പ്രത്യുത നേരിട്ട് ഇടപെടുകയാണ്. സ്റ്റേറ്റിന് പ്രവേശനമില്ലാത്ത ഒരിടം പൗര ജീവിതത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്ന രാഷ്ട്ര വിചാരഗതിക്കാണ് ഓര്‍വില്ലിയന്‍ സ്റ്റേറ്റ് എന്ന് പറയുന്നത്. ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രത്തിന് അനുകൂലമായ പൊതുബോധം രൂപപ്പെടുത്തുക കൂടി ചെയ്യുന്നു ഓര്‍വില്ലിയന്‍ സ്റ്റേറ്റ്. ഭരണകൂടം പലപ്പോഴും ശേഖരിച്ചു വെച്ച പൗരന്‍മാരുടെ വ്യക്തിവിവരങ്ങള്‍ നിരന്തരം ചോര്‍ന്നു കൊണ്ടിരിക്കുകയും വിവര സംരക്ഷണത്തിന് അടച്ചുറപ്പുള്ള നിയമമില്ലാതിരിക്കുകയും ചെയ്യുന്ന ഇന്ത്യാ രാജ്യം സ്റ്റേറ്റിന്റെ പൂര്‍ണ നിരീക്ഷണത്തിലുള്ള രാജ്യമായി പതിയെ മാറിക്കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. അവിടെ സാമ്പ്രദായിക മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഒരു പോലെ സെന്‍സര്‍ ചെയ്യപ്പെടും. അപസ്വരങ്ങള്‍ തുറുങ്കിലടക്കപ്പെടും. അതിന് പാകത്തില്‍ കരിനിയമങ്ങള്‍ ചുട്ടെടുക്കാനുള്ള ഇടങ്ങളായി പാര്‍ലിമെന്റിനെ മാറ്റുകയും ചെയ്യും. തെരുവില്‍ ഒച്ചയിട്ടാല്‍ ജയിലാണ് നിയമമെങ്കില്‍ നിയമനിര്‍മാണ സഭയിലെ ചോദ്യങ്ങള്‍ക്ക് കൂട്ട സസ്‌പെന്‍ഷനുകളായിരിക്കും കാത്തിരിക്കുക. അത്തരമൊരു അപകടകരമായ ദശാസന്ധിയില്‍ രാജ്യത്തെ വീണ്ടെടുക്കാനുള്ള നിര്‍ണായക ദിനങ്ങളാണ് മുമ്പിലെന്ന ബോധമെങ്കിലും ഓരോ ജനാധിപത്യ മതനിരപേക്ഷ വിശ്വാസിക്കും ഉണ്ടാകേണ്ടത് പ്രധാനമാണ്.