Kerala
കുട്ടികള്‍ക്ക് വീടുകളില്‍ നിന്നുമുണ്ടാകുന്ന ദുരനുഭവങ്ങള്‍ അറിയിക്കാം; എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ബോക്‌സ് സ്ഥാപിക്കുമെന്ന് മന്ത്രി
ആലപ്പുഴ ചാരുംമൂടില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഉപദ്രവിക്കുന്നതിന്റെ കുറിപ്പ് പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

തിരുവനന്തപുരം | സ്വന്തം വീടുകളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിന്റെ ഭാഗമായി, സ്‌കൂളുകളുടെയും വിദ്യാര്‍ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കണക്കെടുപ്പ് നടത്തും. കുട്ടികള്‍ക്ക് സുരക്ഷിതമായി പരാതികള്‍ അറിയിക്കാന്‍ എല്ലാ സ്‌കൂളുകളിലും ‘ഹെല്‍പ് ബോക്സ്’ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ആലപ്പുഴ ചാരുംമൂടില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഉപദ്രവിക്കുന്നതിന്റെ കുറിപ്പ് പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കുട്ടിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് മന്ത്രി സമൂഹിക മാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
വീട്ടില്‍ ബന്ധുക്കളില്‍നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി, സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഒരു കണക്കെടുപ്പ് നടത്തും.കുട്ടികള്‍ക്ക് സുരക്ഷിതമായി പരാതികള്‍ അറിയിക്കാന്‍ എല്ലാ സ്‌കൂളുകളിലും ‘ഹെല്‍പ് ബോക്സ്’ സ്ഥാപിക്കും. ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം.ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍തന്നെ പുറത്തിറക്കും. കഴിഞ്ഞ ദിവസം പിതാവില്‍ നിന്നും രണ്ടാനമ്മയില്‍ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരില്‍ക്കണ്ട് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്