Ongoing News
കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ദുബൈ-തിരുവനന്തപുരം എമിറേറ്റ്‌സ് വിമാനം അടിയന്തരമായി മസ്‌കത്തില്‍ ഇറക്കി
തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഇറങ്ങേണ്ടിയിരുന്ന വിമാനം അഞ്ചുമണിക്കൂര്‍ വൈകിയാണ് എത്തിച്ചേര്‍ന്നത്.
തിരുവനന്തപുരം | കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ദുബൈ-തിരുവനന്തപുരം എമിറേറ്റ്‌സ് വിമാനം മസ്‌കത്ത് വിമാനത്താവളത്തിലിറക്കി. കുട്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടര്‍ന്നാണിത്. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ കുട്ടിക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഇറങ്ങേണ്ടിയിരുന്ന വിമാനം അഞ്ചുമണിക്കൂര്‍ വൈകിയാണ് എത്തിച്ചേര്‍ന്നത്. പുലര്‍ച്ചെ മൂന്നിന് എത്തിയ ശേഷം തിരികെ നാലോടെയാണ് വിമാനം സാധാരണ ദുബൈയിലേക്ക് പുറപ്പെടാറുള്ളത്.
വിമാനം വൈകിയതിനെ തുടര്‍ന്ന് ദുബൈയിലേക്ക് യാത്ര ചെയ്യാനിരുന്ന 330 യാത്രക്കാരെയും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. രാവിലെ എട്ടിന് വിമാനം ഇറങ്ങിയെങ്കിലും കാബിന്‍ ക്രൂവിന്റെ ജോലി സമയം കഴിഞ്ഞിരുന്നതിനാല്‍ വിമാനത്തിന്റെ തിരികെയുള്ള യാത്ര റദ്ദാക്കി. പിന്നീട് രാത്രി 10.30ഓടെയാണ് വിമാനം ഇത്രയും യാത്രക്കാരുമായി ദുബൈയിലേക്ക് പോയത്.




