Connect with us

kuwait fire accident

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചത് 24 മലയാളികളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

കാണാതായ ചാവക്കാട് സ്വദേശി മരിച്ചതായി സ്ഥിരീകരണം

Published

|

Last Updated

തിരുവനന്തപുരം | കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചത് 24 മലയാളികളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മരിച്ച മലയാളികളില്‍ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തീപിടിത്തത്തില്‍ മരിച്ച 49 പേരില്‍ 43 ഉം ഇന്ത്യക്കാരാണെന്നും അന്‍പത് പേര്‍ക്ക് പരുക്കേറ്റുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അപകടമുണ്ടായ സ്ഥലത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വീണാ ജോര്‍ജ് യാത്ര തിരിക്കും. ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. ദുരന്തത്തില്‍പ്പെട്ട മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി. രാജീവും പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമാക്കാനും സര്‍ക്കാര്‍ എല്ലാം ചെയ്യും. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടമുണ്ടായ സ്ഥലത്ത് കാണാതായ ചാവക്കാട് സ്വദേശിയായ ബിനോയ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ബിനോയ് തീ പിടിച്ച ഫ്‌ലാറ്റില്‍ കുടുങ്ങിപ്പോയെന്നാണ് കരുതുന്നത്. നാല് ദിവസം മുന്‍പാണ് ബിനോയ് കുവൈത്തില്‍ എത്തിയത്. കുവൈത്തിലുള്ള സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞു.

അപകടത്തെ കുറിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ നടന്നതായി ആഭ്യന്താര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.. കെട്ടിട ഉടമയുടെ മകനെയും സുരക്ഷാ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. കെട്ടിടം നിലനില്‍ക്കുന്ന അല്‍ അഹ്മദി ഗവര്‍ണറേറ്റിന്റെ ചുമതലയുള്ള മുനിസിപ്പാലിറ്റി ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

 

Latest