Connect with us

Career Education

ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ്

ലോകത്ത് 12 ലക്ഷത്തിലധികം സി എഫ് എ ചാർട്ടർ ഹോൾഡർമാർ പ്രവർത്തിച്ചുവരുന്നുണ്ട്.

Published

|

Last Updated

ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ് എന്നത് സാമ്പത്തിക നിക്ഷേപ രംഗത്തെ വിശകലനവും വിദഗ്ധോപദേശവും നൽകുന്ന ലോകോത്തര നിലവാരമുള്ള പ്രൊഫഷനൽ യോഗ്യതയാണ്. അമേരിക്കയിലെ വിർജീനിയ ആസ്ഥാനമായ സി എഫ് എ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ് സർട്ടിഫിക്കേഷൻ നൽകുന്നത്. ലോകത്ത് 12 ലക്ഷത്തിലധികം സി എഫ് എ ചാർട്ടർ ഹോൾഡർമാർ പ്രവർത്തിച്ചുവരുന്നുണ്ട്.

മൂന്ന് ഘട്ടങ്ങളായി നടക്കുന്ന സി എഫ് എ പ്രോഗ്രാം പരീക്ഷയിലൂടെ ലാഭകരമായ ധനനിക്ഷേപ തന്ത്രങ്ങളും വ്യത്യസ്ത ആസ്തികളുടെ വിലനിർണയം, പോർട്ട്ഫോളിയോ മാനേജ്മെന്റ്, സാമ്പത്തിക ആസൂത്രണം എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ളവരായി ഈ കോഴ്സ് പഠിക്കുന്നവർ മാറും. ആഗോളീകരണത്തിന്റെയും സാമ്പത്തിക ഉദാരവത്കരണത്തിന്റെയും സാഹചര്യത്തിൽ ഈ മേഖലയിൽ വലിയ തൊഴിൽ സാധ്യതയാണുള്ളത്.
സി എഫ് എ പരീക്ഷ വിജയിക്കുന്നതിലൂടെ പഠിതാവ്, പോർട്ട്ഫോളിയോ മാനേജർ, റിസർച്ച് അനലിസ്റ്റ്, റിസ്‌ക് മാനേജർ, ഇൻവെസ്റ്റ്മെന്റ്ബേങ്കർ, ഫിനാൻഷ്യൽ അനലിസ്റ്റ്, വെൽത്ത് മാനേജർ എന്നിങ്ങനെ നിക്ഷേപ മാനേജ്മെന്റ്‌രംഗത്ത് ഉയർന്ന തസ്തികകളിൽ എത്തിച്ചേർന്ന് വിജയകരമായ കരിയറിന് തുടക്കമിടുന്നു. ഇന്ത്യയടക്കം ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങളിലും സി എഫ് എ ചാർട്ടർ ഹോൾഡർമാർക്ക് ആവശ്യക്കാർ ഏറെയുണ്ട്. പരിചയസമ്പന്നരായ സി എഫ് എ പ്രൊഫഷനലുകൾക്ക് ഇന്ത്യയിൽ 50 ലക്ഷം രൂപ വരെ വാർഷിക ശമ്പളം ലഭിക്കുന്നുണ്ട്.

യൂനിവേഴ്സിറ്റി ഡിഗ്രിയാണ് പ്രവേശന യോഗ്യത. സി എഫ് എ നിഷ്‌കർഷിക്കുന്ന, ആവശ്യമായ പ്രായോഗിക പരിചയവും നേടിയിരിക്കണം. ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യം വേണം. സി എഫ് എ പരീക്ഷ മൂന്ന് ലെവലുകളായാണ് നടക്കുന്നത്. മൂന്ന് ലെവലുകളും വിജയിക്കുന്നതോടൊപ്പം പ്രായോഗിക പരിശീലനം കൂടി പൂർത്തീകരിച്ചാൽ മാത്രമേ സി എഫ് എ ചാർട്ടർ ഹോൾഡർ ആകാൻ കഴിയൂ.

ഇന്ത്യയിൽ സി എഫ് എ സംബന്ധമായ വിഷയങ്ങൾക്ക് മുംബൈ ആസ്ഥാനമായ സി എഫ് എ സൊസൈറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. മുംബൈ, ഡൽഹി, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ്, ഇൻഡോർ എന്നിവിടങ്ങളിൽ സൊസൈറ്റിയുടെ ചാപ്റ്റർ പ്രവർത്തിക്കുന്നു. ലോകമെങ്ങുമുള്ള 150ലധികം സി എഫ് എ സൊസൈറ്റികളിൽ ഒന്നാണ് സി എഫ് എ സൊസൈറ്റി ഇന്ത്യ. cfasocietyindia.org എന്ന വെബ്സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാം. രജിസ്ട്രേഷൻ ചെയ്യാൻ cfainstitute.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ സമീപത്തെ സി എഫ് എ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതാണ്.

പരീക്ഷകൾ

ലെവൽ ഒന്ന്, ലേൺ ആൻഡ് ഡിസ്ക്രൈബ്

ഈ ലെവലിൽ ധനനിക്ഷേപ രംഗത്തെ പത്ത് വിഷയങ്ങളിൽ നിന്നുള്ള ആശയങ്ങൾ, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ, സൂത്രവാക്യങ്ങൾ എന്നിവയെ കുറിച്ച് 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓരോ ചോദ്യത്തിനും ഉത്തരം എഴുതാൻ 90 സെക്കൻഡ് ലഭിക്കും. 135 മിനുട്ട് വീതമുള്ള രണ്ട് സെഷനുകളിലാണ് പരീക്ഷ. ലെവൽ ഒന്ന് പരീക്ഷ എഴുതാൻ വർഷത്തിൽ നാല് അവസരമുണ്ടാകും.

ലെവൽ രണ്ട്,അനലൈസ് ആൻഡ് ഇവാലുവേറ്റ്

പഠിതാവ് നേടിയെടുക്കുന്ന അറിവ് ഉപയോഗിച്ച് സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്നും പ്രശ്നങ്ങൾക്ക് പരിഹാരം എങ്ങനെ കാണുന്നുവെന്നും ഈ ലെവലിൽ വിലയിരുത്തപ്പെടും. ഈ പരീക്ഷയിൽ വിജയപരാജയം ഓരോ പരീക്ഷയുടെയും കടുപ്പത്തിന്റെ തോതനുസരിച്ചാണ് നിർണയിക്കപ്പെടുന്നത്. 132 മിനുട്ട് ദൈർഘ്യമുള്ള രണ്ട് സെഷനുകളായാണ് പരീക്ഷ. വിഗ്നെറ്റ് അടിസ്ഥാനത്തിലുള്ള പരീക്ഷയിൽ 88 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാകുക. ഈ ലെവലിലും പത്ത് വിഷയങ്ങൾ സംബന്ധിച്ച ചോദ്യങ്ങളുണ്ടാകും. പരീക്ഷ വിജയിക്കുന്നതോടൊപ്പം ലഭ്യമായ അനലിറ്റിക്കൽ സ്‌കിൽ, പൈത്തൺ, ഡാറ്റാസയൻസ് ആൻഡ് എ ഐ എന്നിവയടക്കമുള്ള പ്രാക്ടിക്കൽ സ്‌കിൽ മൊഡ്യൂളുകളിൽ ഒന്ന് തിരഞ്ഞെടുത്ത് പൂർത്തിയാക്കണം. ലെവൽ രണ്ട് പരീക്ഷ എഴുതാൻ വർഷത്തിൽ മൂന്ന് അവസരമുണ്ടാകും.

ലെവൽ മൂന്ന്, ഇന്റഗ്രേറ്റ് ആൻഡ് അപ്ലൈ

പഠിതാവിന്റെ വിഷയ സംബന്ധമായ ഭാവനകളും നേടിയ അറിവും യഥാർഥ സാഹചര്യങ്ങളിൽ എങ്ങനെ പ്രയോഗിക്കുന്നു എന്നത് ഈ ലെവലിൽ പരീക്ഷിക്കപ്പെടും. മൾട്ടിപ്പിൾ ചോയ്സ്, ഉപന്യാസം വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഈ പരീക്ഷയിൽ ഉണ്ടാകും.

ഈ ലെവലിലും പരീക്ഷ 132 മിനുട്ട് വീതമുള്ള രണ്ട് സെഷനുകളായാണ് നടക്കുക. ഈ ലെവലിൽ പഠിക്കാൻ മൂന്ന് സ്പെഷ്യലൈസ്ഡ് പാത്‌വേകളിൽ ഒന്ന് തിരഞ്ഞെടുക്കണം. പ്രൈവറ്റ് വെൽത്ത്, പ്രൈവറ്റ് മാർക്കറ്റ്, പോർട്ട്ഫോളിയോ മാനേജ്മെന്റ്എന്നിവയാണ് സ്പെഷ്യലൈസ് പാത്‌വേകൾ. പത്ത് മുതൽ 15 വരെ മണിക്കൂർ ദൈർഘ്യമുള്ള പ്രാക്ടിക്കൽ സ്‌കിൽ മൊഡ്യൂൾ കൂടി ഉണ്ടാകും. ലെവൽ മൂന്ന് പരീക്ഷ എഴുതാൻ വർഷത്തിൽ രണ്ട് അവസരം ലഭിക്കും.

സി എഫ് എ പരീക്ഷ എഴുതുന്നവർ പരീക്ഷ തുടങ്ങുന്നതിന് 60 ദിവസം മുന്പെങ്കിലും അപേക്ഷിച്ച് പരീക്ഷ ഷെഡ്യൂൾ ചെയ്യണം. കൊച്ചി ഉൾപ്പെടെ വിവിധ നഗരങ്ങളിലെ ഓൺലൈൻ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാം. സി എഫ് എ കോഴ്സിന് രജിസ്റ്റർ ചെയ്യാനും പരീക്ഷക്ക് അപേക്ഷിക്കാനും പരീക്ഷാർഥിയുടെ കൈവശം സാധുവായ പാസ്സ്‌പോർട്ട് വേണം. പരീക്ഷാ സംബന്ധമായ കൂടുതൽ വിവരങ്ങൾ സി എഫ് എ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മുംബൈയിലെ സി എഫ് എ സൊസൈറ്റിയുടെയും വെബ്സൈറ്റുകളിൽ ലഭിക്കും.

പരീക്ഷയുടെ മൂന്ന് ലെവലും വിജയിച്ചുകഴിഞ്ഞാൽ മെമ്പർഷിപ്പ് ലഭിക്കാൻ വിവിധ നിബന്ധനകൾ പാലിക്കണം

1. ചുരുങ്ങിയത് 12 പ്രൊഫഷനലുകൾ മെന്പർഷിപ്പിന് ശിപാർശ ചെയ്യണം. ഇവരിൽ ഒരാൾ അടുത്തുള്ള സി എഫ് എ സൊസൈറ്റിയിലെ സജീവാംഗമായിരിക്കണം. അല്ലെങ്കിൽ മൂന്ന് പേരുടെ ശിപാർശ വേണം.

2. മൂന്ന് വർഷം കൊണ്ട് 4000 മണിക്കൂർ ദൈർഘ്യമുള്ള സാമ്പത്തിക നിക്ഷേപ രംഗത്തെ പ്രായോഗിക പരിചയം നേടണം. മെമ്പർഷിപ്പ് കാലാവധി ഓരോ വർഷവും ജൂലൈ ഒന്ന് മുതൽ ജൂൺ 30 വരെ ആയിരിക്കും.

കൃത്യമായ പ്ലാനിംഗോടെ പഠിച്ചാൽ വളരെ വേഗത്തിൽ നല്ല ഭാവിയുള്ള കരിയറിൽ എത്തിച്ചേരാൻ സി എഫ് എ കോഴ്‌സ് സഹായിക്കും. നല്ല നിലവാരമുള്ള സ്ഥാപനങ്ങൾ കേരളത്തിൽ സി എഫ് എ കോച്ചിംഗ് നൽകുന്നുണ്ട്. പഠനത്തിന് അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്.

കരിയർ വിദഗ്ദ്ധൻ

---- facebook comment plugin here -----

Latest