Connect with us

Articles

ജനാധിപത്യ രാജ്യത്തെ മാറുന്ന നീതിബോധങ്ങള്‍

ഇന്ത്യയില്‍ 1,378 ജയിലുകളിലായി 6.1 ലക്ഷം തടവുകാരുള്ളതില്‍ 80 ശതമാനവും വിചാരണാ തടവുകാരാണെന്നാണ് കണക്കുകള്‍. കാലാന്തരത്തില്‍ നമ്മുടെ ജനാധിപത്യം കൈവരിച്ചിട്ടുള്ള ഏത് പുരോഗതിയെയും നിഷ്പ്രഭമാക്കുന്ന കണക്കാണിത്. സംശയാതീതം കുറ്റം തെളിയിക്കപ്പെടാത്ത കാലമത്രയും കുറ്റാരോപിതനെ നിരപരാധിയായി കാണണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്നിടത്താണ് നീതിപീഠങ്ങള്‍ കുറ്റവാളിയാണെന്ന തീര്‍പ്പ് കല്‍പ്പിക്കാതെ തന്നെ ശിക്ഷയനുഭവിക്കേണ്ടി വരുന്നത്.

Published

|

Last Updated

“നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ തന്നെ ശിക്ഷയാണ്. അവധാനതയില്ലാത്ത അറസ്റ്റുകളും തുടര്‍ന്ന് ജാമ്യം ലഭിക്കാനുള്ള ക്ലേശവും വിചാരണ തടവുകാരോടുള്ള ദീര്‍ഘകാല ക്രൂരതയായി മാറുന്നു. ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു’ – കഴിഞ്ഞ ദിവസം ജയ്പൂരില്‍ വെച്ച് നടന്ന 18ാം ആള്‍ ഇന്ത്യ ലീഗല്‍ സര്‍വീസ് അതോറിറ്റീസ് മീറ്റില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ നടത്തിയ അഭിപ്രായ പ്രകടനമാണിത്. ജൂലൈ 11 തിങ്കളാഴ്ച ജസ്റ്റിസ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് നടത്തിയ ശ്രദ്ധേയ വിധി പ്രസ്താവവും ഇതേ ലൈനിലുള്ളതായിരുന്നു. ബ്രിട്ടനിലെ ജാമ്യ നിയമത്തിന് സമാനമായി ഇന്ത്യയിലും പ്രത്യേക ജാമ്യ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുകയാണ് സുപ്രീം കോടതി.

ജാമ്യം നിയമവും ജയില്‍ അപവാദവുമാണെന്നാണ് നമ്മുടെ നീതിന്യായ സങ്കല്‍പ്പം. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം പ്രമേയമാകുന്ന 21ാം ഭരണഘടനാനുഛേദത്തിന്റെ പൊരുളായി ജാമ്യം ലഭിക്കാനുള്ള അവകാശത്തെ പരമോന്നത നീതിപീഠം പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ നിയമ തത്ത്വങ്ങള്‍ ഏട്ടിലെ പശുവായിരിക്കുകയും പൗരന്മാര്‍ നഗ്നമായ നീതി നിഷേധത്തിന് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ് ന്യായാധിപ പ്രമുഖര്‍ പലവുരു പറഞ്ഞുകൊണ്ടിരിക്കുന്നത്. അമിതാധികാര പ്രവൃത്തിയും വിവേചനാപൂര്‍ണവുമായ ഭരണകൂട നടപടികള്‍ക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഇരയായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ നീതിപീഠത്തെ നിയന്ത്രിക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് അനിഷേധ്യ വസ്തുതയാണ്. സംഘ്പരിവാറിന്റെ സവര്‍ണജാതി രാഷ്ട്ര നിര്‍മിതിയിലേക്കുള്ള പല കൈവഴികളില്‍ ഒരേസമയം ഒറ്റ ലക്ഷ്യം ഉന്നംവെച്ചുകൊണ്ടുള്ള നിരവധി ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ ജൈവിക സാന്നിധ്യമറിയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യം. ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ പ്രതിരോധം തീര്‍ക്കുന്നവരില്‍ ഒരാളും വിട്ടുപോകാത്ത വിധം അവര്‍ പിന്തുടര്‍ന്ന് വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ അറിയപ്പെട്ട സാമൂഹിക പ്രവര്‍ത്തകയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ട രംഗത്തെ നിറസാന്നിധ്യവുമായ ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭരണകൂട നടപടി അത്തരത്തിലുള്ളതാണ്. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടിയും പാര്‍ലിമെന്റിനെ അസ്തിപഞ്ചരമാക്കിയും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടങ്ങളെ പണവും അധികാരവും ഉപയോഗിച്ച് അട്ടിമറിച്ചും ഒരേ ലക്ഷ്യത്തിലേക്ക് സംഘ്പരിവാര്‍ പ്രണേതാക്കള്‍ നീങ്ങുന്നു. അതിനൊത്ത നിലയില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയിലൂടെ രാഷ്ട്ര ചരിത്രത്തെ തന്നെ കീഴ്‌മേല്‍ മറിച്ചിടാനുള്ള ശ്രമവുമാരംഭിച്ചിരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ചരിത്ര അപനിര്‍മാണം അല്ലലും അലട്ടലുമില്ലാതെയാണിപ്പോള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധങ്ങളില്‍ പലതും വനരോദനങ്ങളായി മാറുന്ന കാലസന്ധിയില്‍ ഏതെങ്കിലും വിധേനെ അപസ്വരമുയര്‍ത്തുന്നവരെ നീതിന്യായ വ്യവസ്ഥയെ മൂകസാക്ഷിയാക്കിയാണ് ഭരണകൂടം നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്ത, കര്‍ക്കശ നിയമ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് തടവറയിലേക്കയക്കുന്ന കറയറ്റ പോലീസ് രാജിന്റെ ദൗത്യമാണിപ്പോള്‍ ഭരണകൂടം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഉമര്‍ ഖാലിദും സിദ്ദീഖ് കാപ്പനും മുഹമ്മദ് സുബൈറുമൊക്കെ അങ്ങനെ ഇരയാക്കപ്പെട്ടവരാണ്. പരമോന്നത നീതിപീഠത്തിലെ ന്യായാധിപര്‍ ഉന്നയിച്ച, നടേപറഞ്ഞ ആശങ്കയുടെ ജീവനുള്ള ഉദാഹരണങ്ങളാണവരൊക്കെ. സൂക്ഷ്മതയില്ലാത്ത അറസ്റ്റും മരീചികയാകുന്ന ജാമ്യവും നമ്മുടെ നീതിന്യായ സംവിധാനത്തിന് കളങ്കം വരുത്തുന്നെന്ന് ആശങ്കപ്പെടുമ്പോഴും ഭരണകൂട ഹിതത്തിനനുസരിച്ച് നീങ്ങുന്നു എന്ന തോന്നലുണ്ടാക്കുന്ന നീതിന്യായ ഇടപെടലുകള്‍ പലപ്പോഴായി നീതിപീഠത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. മേല്‍ പ്രസ്താവിത കുറ്റാരോപിതരുടെ ജാമ്യലഭ്യതയിലടക്കം ജാഗ്രതയില്ലാത്ത സമീപനം ജുഡീഷ്യറിയില്‍ നിന്നുണ്ടായിട്ടുണ്ട് എന്നത് കാണാതിരിക്കാനാകില്ല.

ഇന്ത്യയിലെ ജയിലുകള്‍ വിചാരണ തടവുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പ്രസ്താവിച്ച സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് കുറ്റാരോപിതര്‍ അര്‍ഹിക്കുന്ന ജാമ്യം ലഭ്യമാക്കുന്നതിനായി ചില പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന്‍ മേല്‍ സംസ്ഥാന സര്‍ക്കാറുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ഹൈക്കോടതികള്‍ നാല് മാസത്തിനകം സ്ഥിതി വിവര റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട് പരമോന്നത നീതിപീഠം.

ഇന്ത്യയില്‍ 1,378 ജയിലുകളിലായി 6.1 ലക്ഷം തടവുകാരുള്ളതില്‍ 80 ശതമാനവും വിചാരണാ തടവുകാരാണെന്നാണ് കണക്കുകള്‍ പറയുന്നത്. കാലാന്തരത്തില്‍ നമ്മുടെ ഭരണഘടനാ ജനാധിപത്യം കൈവരിച്ചിട്ടുള്ള ഏത് പുരോഗതിയെയും നിഷ്പ്രഭമാക്കുന്ന കണക്കാണിതെന്ന് പറയേണ്ടതില്ല. സംശയാതീതം കുറ്റം തെളിയിക്കപ്പെടാത്ത കാലമത്രയും കുറ്റാരോപിതനെ നിരപരാധിയായി കാണണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്നിടത്താണ് നീതിപീഠങ്ങള്‍ കുറ്റവാളിയാണെന്ന തീര്‍പ്പ് കല്‍പ്പിക്കാതെ തന്നെ ശിക്ഷയനുഭവിക്കേണ്ടി വരുന്നത്. ഈ ക്രൂര വൈരുധ്യത്തെയാണ് അടിയന്തരമായി അഭിസംബോധന ചെയ്യണമെന്ന് മുഖ്യ ന്യായാധിപന്‍ പറഞ്ഞിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ വലിയ ഘോഷത്തോടെ കൊണ്ടാടുമ്പോഴും പൗരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ കൊളോണിയല്‍ ബ്രിട്ടന്‍ ഉപയോഗിച്ച അതേ ടൂളുകള്‍ തന്നെ സ്വന്തം ജനതയുടെ അവകാശങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ഉപയോഗപ്പെടുത്തുന്നു എന്ന വൈരുധ്യത്തെയും നമുക്ക് എളുപ്പം മറികടക്കാനാകില്ല. വൈദേശികാധിപത്യത്തിനെതിരെ ഉയര്‍ന്ന സ്വാഭാവിക പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യാനായിരുന്നു ബ്രിട്ടീഷ് നിര്‍മിതമായ നമ്മുടെ ക്രിമിനല്‍ നിയമങ്ങളില്‍ “ഡ്രാകോണിയന്‍ ആക്ടു’കള്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഒരുവേള അതുതന്നെ നിലനിര്‍ത്തിയും പല മടങ്ങ് പൗരാവകാശ നിഷേധത്തിന്റെ അംശങ്ങളുള്ള പുതിയ നിയമനിര്‍മാണങ്ങള്‍ സാധ്യമാക്കിയതിലൂടെയുമാണ് നമ്മുടെ “സ്വാതന്ത്ര്യം’ ഭരണകൂടം കെങ്കേമമായി കൊണ്ടാടുന്നത്.

ക്ഷേമരാഷ്ട്ര സങ്കല്‍പ്പം ഉയര്‍ത്തിക്കാട്ടി സോഷ്യലിസ്റ്റ് സാമൂഹിക ക്രമത്തിലൂന്നിയ ആധുനിക ഇന്ത്യയുടെ സൃഷ്ടിയില്‍ ബഹുദൂരം സഞ്ചരിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അസ്പൃശ്യ ചിത്രമായി മാറ്റിനിര്‍ത്തപ്പെടുന്ന മാറിയ ഇന്ത്യയില്‍ രാജ്യത്തിന്റെ ഭരണരഥമുരുട്ടുന്നവര്‍ക്ക് പഥ്യമായിട്ടുണ്ടാകുക പോലീസ് സ്റ്റേറ്റിന്റെ കൊളോണിയല്‍ ഓര്‍മകളായിരിക്കും. അതാണിപ്പോള്‍ ഇന്ത്യയുടെ ഹൃദയം തകര്‍ക്കുന്ന ബുള്‍ഡോസറുകളായി പൗരാവകാശങ്ങളെ ഇടിച്ചു നിരപ്പാക്കി കൊണ്ടിരിക്കുന്നത്.

Latest