Connect with us

Kerala

ആരോഗ്യ പ്രശ്‌നം വരാതിരിക്കാനാണ് ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് വാക്‌സിന്‍ നല്‍കാതിരുന്നതെന്ന് ചാണ്ടി ഉമ്മന്‍

തെറ്റായ വാര്‍ത്ത നല്‍കിയവര്‍ മാപ്പ് പറയണം

Published

|

Last Updated

കോട്ടയം | അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചില്ലെന്ന് ചാണ്ടി ഉമ്മന്‍. പിതാവിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് കോവിഡ് വാക്‌സിന്‍ നല്‍കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം.

ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്‌സിന്‍ കമ്പനിയായ ആസ്ട്രസെനെക സമ്മതിച്ചിരുന്നു. വാക്‌സീനെടുത്ത അപൂര്‍വ്വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ഉണ്ടായേക്കാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയില്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വാക്‌സീനെടുത്തതിന് പിന്നാലെ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ നാല്‍പ്പത്തിനാലുകാരന്‍ നല്‍കിയ കേസിലാണ് കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ആസ്ട്രസെനക കൊവിഷീല്‍ഡ് വാക്‌സീന്‍ അവതരിപ്പിച്ചത്.

തന്റെ പിതാവിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും കൊവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ തന്നെ ഗുരുതര പാര്‍ശ്വ ഫലം ഉണ്ടാക്കുമെന്ന് സമ്മതിച്ച സന്ദര്‍ഭത്തില്‍ അത് തെളിഞ്ഞുവെന്നും ഫേസ്ബുക്ക് ലൈവില്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നതായി ആരോപിച്ച് ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളി വാര്‍ത്ത നല്‍കിയിരുന്നു. തെറ്റായ പ്രചാരണം നടത്തിയവര്‍ മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ അവസാനിച്ച ചികിത്സ വിവാദങ്ങളാണ് മകന്‍ ചാണ്ടി ഉമ്മന്‍ തന്നെ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്.