Connect with us

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ  മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലമാണ് ശക്തമായ മഴയ്ക്ക് സാധ്യത.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലമാണ് ശക്തമായ മഴയ്ക്ക് സാധ്യത. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മൂന്നു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

കേരള തീരത്തും വടക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് 1.0 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.