Connect with us

Eranakulam

ചാംപ്യൻസ് ബോട്ട് ലീഗ് ശനിയാഴ്ച മറൈൻഡ്രൈവിൽ; നാടും നഗരവും ആവേശത്തിൽ

പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രാദേശിക വള്ളംകളി മത്സരം സി.ബി.എല്ലിനൊപ്പമാണ് ഇക്കുറി നടത്തുന്നത്

Published

|

Last Updated

കൊച്ചി | വള്ളംകളിയുടെ ആവേശത്തിൽ നാടും നഗരവും. സംസ്ഥാന സർക്കാർ ടൂറിസം വകുപ്പ് വഴി നടത്തുന്ന ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സി ബി എൽ) അഞ്ചാമത്തെ ലീഗ് മത്സരത്തിന്റെ ഭാഗമായി നടക്കുന്ന എറണാകുളം വള്ളം കളിക്ക് ദിവസങ്ങൾ മാത്രം ബാക്കി. ജലോത്സവത്തിന്റെ ഉദ്ഘാടനം ഈ മാസം എട്ടിന് ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ന് നടക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.

ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിലാണ് ചാംപ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരം സംഘടിപ്പിക്കുന്നത്. പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രാദേശിക വള്ളംകളി മത്സരം സി.ബി.എല്ലിനൊപ്പമാണ് ഇക്കുറി നടത്തുന്നത്. കാണികൾക്കുള്ള പവലിയനുകളുടെ നിർമ്മാണം ഉൾപ്പടെയുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകൾക്കും സന്നദ്ധ സംഘടനകൾക്കുമാണ് സുരക്ഷ, അടിയന്തര ഘട്ടങ്ങളിലെ വൈദ്യസഹായം എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ചുമതല.

പൊതുസമ്മേളനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയാണ് വള്ളംകളി മത്സരങ്ങൾ ആരംഭിക്കുക. പ്രാദേശിക വള്ളംകളിയും. സി.ബി.എൽ മത്സരങ്ങളും ഇടകലർത്തി കലാ സംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ നടത്താനാണ് തീരുമാനം. സി.ബി.എല്ലിന്റെ ഭാഗമായ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ഉച്ചയ്ക്ക് 2.30നാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രാദേശിക വള്ളംകളിയുടെ ഹീറ്റ്സും നടത്തും. തുടർന്ന് കലാപരിപാടികൾക്ക് ശേഷം പ്രാദേശിക വള്ളങ്ങളുടെ ഫൈനൽ മത്സരവും, ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരവും എന്ന രീതിയിലാണ് ക്രമീകരണം. വൈകിട്ട് നടക്കുന്ന സമ്മാനദാനത്തോടെയാണ് വള്ളംകളി അവസാനിക്കുക.

ഈ വർഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, ഫൈനൽ മത്സരാർത്ഥികളായ നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, ചുണ്ടൻ വള്ളങ്ങളായ കാരിച്ചാൽ, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെൻത്, ദേവാസ് പായിപ്പാടൻ തുടങ്ങിയവയാണ് സി.ബി.എല്ലിലെ മത്സരാർത്ഥികൾ.

ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻപറമ്പൻ, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യൻ നമ്പർ 1, താണിയൻ , സെന്റ് ആന്റണി, ശരവണൻ, വലിയ പണ്ടിതൻ, തിരുത്തിപ്പുറം, ഹനുമാൻ നമ്പർ 1 എന്നി വള്ളങ്ങൾക്ക് സെന്റ് തെരേസാസ് കോളേജ് എറണാകുളം, സേക്രഡ് ഹാർട്ട് കോളേജ്, തേവര, ജോസ്കോ ജുവല്ലേഴ്സ് മറ്റു പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ / വ്യക്തികൾ സ്പോൺസർ ചെയ്യുന്നു.