Ongoing News
സഊദി അറേബ്യ ഫലസ്തീന്‍ ജനതക്കൊപ്പം; ഗസ്സയില്‍ വെടിനിര്‍ത്തല്‍ തുടരണമെന്ന് മന്ത്രിസഭാ യോഗം
യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവിടത്തെ മാനുഷിക പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ക്രിയാത്മകമായി ഇടപെടണമെന്നും മന്ത്രിസഭ.
റിയാദ് | ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വെടിനിര്‍ത്തല്‍ നടപടികള്‍ ദീര്‍ഘിപ്പിക്കുന്നതിനും രാജ്യത്തിന്റെ പിന്തുണ ആവര്‍ത്തിച്ച് സഊദി അറേബ്യ. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഫലസ്തീന്‍ വിഷയത്തില്‍ സഊദിയുടെ ഉറച്ച നിലപാടുകള്‍ വീണ്ടും പ്രഖ്യാപിച്ചത്. യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവിടത്തെ മാനുഷിക പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ക്രിയാത്മകമായി ഇടപെടണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യം നേടുന്നതിനായി ആഗോളതലത്തില്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കുമെന്ന് സഊദി വ്യക്തമാക്കി. ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുടെയും സഹായങ്ങളുടെയും വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഗോള പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നത് വരെ സഊദി അറേബ്യയുടെ പിന്തുണ തുടരുമെന്നും സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ നടന്ന യോഗം അടിവരയിട്ടു പറഞ്ഞു.





