Kerala
ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന പരാമര്‍ശം; ചമ്പക്കുളം മൂലം വള്ളംകളി ഫാന്‍സ് ക്ലബ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
മുഖ്യമന്ത്രി കുട്ടനാട് എം എല്‍ എ. റെജി ചെറിയാനെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ആലപ്പുഴ | ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം അലയടിക്കുന്നു. ചമ്പക്കുളത്ത് മൂലം ജലോത്സവം ഫാന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മുഖ്യമന്ത്രി കുട്ടനാട് എം എല്‍ എ. റെജി ചെറിയാനെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു, ചമ്പക്കുളം മൂലം വള്ളംകളി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ജി അരുണ്‍കുമാര്‍, മുന്‍ എം എല്‍ എ. കെ കെ ഷാജു എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്.
വള്ളംകളി നടക്കുന്ന ജൂണ്‍ 29ന് (തിങ്കള്‍) കുട്ടനാടിന് പ്രാദേശിക അവധി നല്‍കണമെന്ന് മണ്ഡലം എം എല്‍ എ. റെജി ചെറിയാന്‍ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ഔദ്യോഗിക മറുപടി നല്‍കി സീറ്റിലിരുന്ന ശേഷം ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് വിവാദമായത്. മൈക്ക് ഓഫാണെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഇത് വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നതോടെയാണ് ശക്തമായ പ്രതിഷേധമുയര്‍ന്നത്.
മുഖ്യമന്ത്രിയുടേത് ധിക്കാരപൂര്‍വമായ സമീപനമാണെന്നും ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് പരാമര്‍ശമെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാണ് മൂലം ജലോത്സവം ഫാന്‍സ് ക്ലബിന്റെ ആവശ്യം.
Content Highlights:
Champakulam Moolam Vallamkali fans club members staged a protest against the Kerala Chief Minister by burning his effigy. The protest was triggered by the CM’s controversial remark stating that no holiday would be granted for the historic boat race event. This incident has sparked widespread criticism and local anger across the Kuttanad region.





