Editors Pick
ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സി ഇ ഒ; ശംഖ് മിത്ര എന്ന ഇന്ത്യൻ അമേരിക്കൻ ബിസിനസ്സ് വിസ്മയം
821 മില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആകെ പ്രതിഫല പാക്കേജ്. 158 ബില്യൺ ഡോളർ പാക്കേജുള്ള ടെസ്‌ല സി ഇ ഒ ഇലോൺ മസ്ക് മാത്രമാണ് ഇനി ഇദ്ദേഹത്തിന് മുന്നിലുള്ളത്.
ന്യൂഡൽഹി | ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ (World’s Second Highest Paid CEO Shankh Mitra) പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ അമേരിക്കൻ ബിസിനസ്സ് (Business) വക്താവായ ശംഖ് മിത്ര ശ്രദ്ധേയനാകുന്നു. ദി വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിയായ വെൽടവറിന്റെ സി ഇ ഒ ആയ ശംഖ് മിത്ര (Shankh Mitra) ഈ നേട്ടം കൈവരിച്ചതായി വ്യക്തമാക്കുന്നത്. 821 മില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആകെ പ്രതിഫല പാക്കേജ്. 158 ബില്യൺ ഡോളർ പാക്കേജുള്ള ടെസ്‌ല സി ഇ ഒ ഇലോൺ മസ്ക് മാത്രമാണ് ഇനി ഇദ്ദേഹത്തിന് മുന്നിലുള്ളത്. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഒരു പബ്ലിക് കമ്പനി സി ഇ ഒ കൈപ്പറ്റുന്ന ഏറ്റവും വലിയ തുകകളിൽ ഒന്നാണ് മിത്രയുടേത്.
ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചറുകളിൽ നിക്ഷേപം നടത്തുന്ന എസ് ആൻഡ് പി 500 കമ്പനിയായ വെൽടവറിൽ 2016 ലാണ് ശംഖ് മിത്ര ജോയിൻ ചെയ്യുന്നത്. തുടർന്ന് 2018 ൽ കമ്പനിയുടെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറായും 2020 ൽ സി ഇ ഒ ആയും വൈസ് ചെയർമാനായും അദ്ദേഹം ചുമതലയേറ്റു. അഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ മികച്ച പ്രവർത്തന നിക്ഷേപ മികവുകളാണ് കമ്പനിയെ ഈ ശക്തമായ നിലയിലേക്ക് എത്തിച്ചതെന്ന് വെൽടവർ ബോർഡ് വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (Chief Financial Officer) ടിം മക്ഹ്യൂവിനും 2025 ൽ 167 മില്യൺ ഡോളറിന്റെ റെക്കോർഡ് പ്രതിഫലം ലഭിച്ചിരുന്നു.

മിത്രയുടെ ഈ വൻ തുകയുടെ പാക്കേജിൽ 99 ശതമാനവും സ്റ്റോക്ക് അവാർഡുകളായാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ 789 മില്യൺ ഡോളർ കഴിഞ്ഞ ഒക്ടോബറിലാണ് അനുവദിച്ചത്. വർഷാവസാനത്തോടെ ഇതിന്റെ മൂല്യം ഒരു ബില്യൺ ഡോളറിലധികം ആയി ഉയർന്നിട്ടുണ്ട്. അദ്ദേഹം കമ്പനിയിൽ തുടരുകയാണെങ്കിൽ 2031 ഓടെ ഈ ഓഹരികളുടെ പകുതി ലഭിക്കും. ബാക്കി പകുതി ഓഹരികൾ ലഭിക്കുന്നത് അഞ്ച് വർഷത്തിനുള്ളിൽ വെൽടവറിന്റെ വിപണി മൂല്യം 45 ശതമാനം ഉയരുകയും മൾട്ടിപ്പിൾ സ്റ്റോക്ക് ഇൻഡക്സുകളെ മറികടക്കുകയും ചെയ്യുമ്പോഴാണ്.
വെൽടവറിൽ എത്തുന്നതിന് മുൻപ് മില്ലേനിയം മാനേജ്‌മെന്റിൽ റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് ഇൻവെസ്റ്റ്മെന്റ് പോർട്ട്‌ഫോളിയോ മാനേജരായി ശംഖ് മിത്ര ജോലി ചെയ്തിട്ടുണ്ട്. കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് കമ്പനികളുടെയും പോർട്ട്‌ഫോളിയോകളുടെയും അടിത്തട്ടിലുള്ള അണ്ടർറൈറ്റിംഗ്, സെക്യൂരിറ്റി സെലക്ഷൻ, ക്വാണ്ടിറ്റേറ്റീവ് പോർട്ട്‌ഫോളിഓ, റിസ്ക് മാനേജ്മെന്റ് എന്നിവയ്ക്ക് നേതൃത്വം നൽകുന്ന പ്രൊഫഷണലുകളുടെ ടീമിനെയാണ് അദ്ദേഹം അവിടെ നിയന്ത്രിച്ചിരുന്നത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽ കരിയർ ആരംഭിച്ച അദ്ദേഹം സിറ്റാഡൽ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ്, ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റ്സ് എന്നിവയിലും സീനിയർ അനലിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ജനിച്ച് വളർന്ന ശംഖ് മിത്ര കൊൽക്കത്തയിലെ ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബാച്ചിലേഴ്സ് ബിരുദം നേടിയത്. അതിനുശേഷമാണ് അദ്ദേഹം യു എസ്സിലേക്ക് കുടിയേറുന്നത്. കൊളംബിയ ബിസിനസ്സ് സ്കൂളിൽ നിന്ന് അപ്ലൈഡ് വാല്യൂ ഇൻവെസ്റ്റിംഗിൽ അദ്ദേഹം എം ബി എ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
Content Highlights:
Indian-American Shankh Mitra has emerged as the world’s second-highest-paid CEO with an $821 million compensation package at Welltower. According to a Wall Street Journal report, his pay is second only to Tesla CEO Elon Musk. About 99% of Mitra’s massive pay package from the real estate investment trust is tied to stock awards. Born and raised in India, Mitra is an alumnus of Jadavpur University and Columbia Business School.





