Connect with us

siraj explainer

കോടികളുടെ തട്ടിപ്പ്; ഭക്തരുടെ കാണിക്കവഞ്ചികളിൽ കൈയിട്ടുവാരിയത് ആരൊക്കെ? അയോധ്യ രാമക്ഷേത്ര സംഭാവന വിവാദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഭക്തർ ക്ഷേത്രത്തിലെ മൺപാത്രങ്ങളിലും കാണിക്കവഞ്ചികളിലും സമർപ്പിച്ച പണത്തിൽ നിന്നും, വഴിപാടായി നൽകിയ സ്വർണം, വെള്ളി എന്നിവയിൽ നിന്നും വൻതോതിൽ ക്രമക്കേട് നടത്തി പണം തട്ടിയെടുത്തു എന്നാണ് പ്രധാന ആരോപണം. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇത് ഏകദേശം 200 കോടി രൂപയോളമുള്ള തട്ടിപ്പാണെന്ന് സംശയിക്കപ്പെടുന്നു.

Published

|

Last Updated

അയോധ്യ | രാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേട് (Ram temple donation row) നടന്നെന്ന ആരോപണത്തെത്തുടർന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവർ രാജിവെച്ചിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ 7 കോടി മുതൽ 7.5 കോടി രൂപ വരെ തട്ടിയെടുക്കപ്പെട്ടു എന്ന ആരോപണത്തിൽ പോലീസ് എഫ് ഐ ആർ (FIR) രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരുവരും രാജിവെച്ചത്.

എന്താണ് രാമക്ഷേത്ര സംഭാവന വിവാദം?

ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുമതി നൽകിയതിന് പിന്നാലെ നിർമാണം ആരംഭിച്ച് 2024 ജനുവരിയിലാണ് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ് ഈ ക്ഷേത്രത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ദശലക്ഷക്കണക്കിന് ഭക്തർ വലിയ തോതിലുള്ള സംഭാവനകളും വഴിപാടുകളുമാണ് ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. എന്നാൽ, ഭക്തരുടെ സംഭാവന വൻതോതിൽ വകമാറ്റി ചെലവഴിച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്.

ഭക്തർ ക്ഷേത്രത്തിലെ മൺപാത്രങ്ങളിലും കാണിക്കവഞ്ചികളിലും സമർപ്പിച്ച പണത്തിൽ നിന്നും, വഴിപാടായി നൽകിയ സ്വർണം, വെള്ളി എന്നിവയിൽ നിന്നും വൻതോതിൽ ക്രമക്കേട് നടത്തി പണം തട്ടിയെടുത്തു എന്നാണ് പ്രധാന ആരോപണം. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇത് ഏകദേശം 200 കോടി രൂപയോളമുള്ള തട്ടിപ്പാണെന്ന് സംശയിക്കപ്പെടുന്നു. സിന്ധി സമൂഹം വഴിപാടായി നൽകിയ 200 കിലോ വെള്ളിക്കട്ടികൾ ഉൾപ്പെടെയുള്ളവയ്ക്ക് ഔദ്യോഗിക രസീതുകൾ നൽകിയില്ലെന്നും അവയുടെ കൃത്യമായ കണക്കുകൾ സൂക്ഷിച്ചില്ലെന്നും ആരോപണമുണ്ട്.

പണം എണ്ണുന്ന മുറിയിലെ കഴിഞ്ഞ 7-8 മാസത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ മനഃപൂർവം മായ്ച്ചുകളഞ്ഞതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.മാസം 14,000 മുതൽ 20,000 രൂപ വരെ മാത്രം ശമ്പളമുണ്ടായിരുന്ന ചില താൽക്കാലിക ജീവനക്കാർ ചുരുങ്ങിയ കാലയളവിനുള്ളിൽ കോടികളുടെ സ്വത്തുക്കൾക്ക് ഉടമകളായതാണ് തട്ടിപ്പ് പുറത്തുവരാൻ കാരണമായത്.

വിവാദം പുറത്തുവന്നത് എങ്ങനെ?

മുൻ സമാജ്‌വാദി പാർട്ടി എം എൽ എ പവൻ പാണ്ഡെയാണ് സംഭാവന തുകയിൽ ക്രമക്കേട് നടന്നെന്ന ആരോപണം ആദ്യമായി ഉന്നയിച്ച് രംഗത്തെത്തിയത്. രാമക്ഷേത്രത്തിലേക്ക് ലഭിച്ച 7 കോടി മുതൽ 7.5 കോടി രൂപ വരെയുള്ള സംഭാവനകൾ തട്ടിയെടുക്കപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിനെത്തുടർന്ന് ട്രസ്റ്റ് തന്നെ അന്വേഷണത്തിന് അഭ്യർത്ഥിക്കുകയും ഉത്തർപ്രദേശ് സർക്കാർ ജൂൺ 14ന് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കുകയുമായിരുന്നു. ഈ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എഫ് ഐ ആർ വിവരങ്ങളും പ്രതിപ്പട്ടികയും

ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആത്മഹത്യാ പ്രേരണയുമായി ബന്ധപ്പെട്ട സെക്ഷൻ 306, ക്രിമിനൽ വിശ്വാസവഞ്ചന, തുക വകമാറ്റി ചെലവഴിക്കൽ എന്നിവയുമായി ബന്ധപ്പെട്ട സെക്ഷൻ 316(5), 317(4), 317(5), ക്രിമിനൽ ഗൂഢാലോചന, പൊതുവായ ഉദ്ദേശ്യം എന്നിവയുമായി ബന്ധപ്പെട്ട സെക്ഷൻ 61, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രാമ ജന്മഭൂമി ക്ഷേത്രത്തിൽ ലഭിച്ച സംഭാവനകൾ മോഷ്ടിക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്തു എന്ന പരാതിയിൽ അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, തിന്നു യാദവ്, മനീഷ് യാദവ് തുടങ്ങിയവരാണ് എഫ് ഐ ആറിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള പ്രധാനികൾ.

Also Readരാമക്ഷേത്ര നിര്‍മാണ സംഭാവന തട്ടിപ്പ്: എട്ടുപേര്‍ അറസ്റ്റില്‍; ട്രസ്റ്റ് സെക്രട്ടറി പദവി രാജിവച്ച് വി എച്ച് പി ഉപാധ്യക്ഷന്‍ ചമ്പത് റായ് ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ

സംഭാവന തുകയുടെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. ഇതോടെ പ്രതിപക്ഷത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത വിമർശനവുമായി രംഗത്തെത്തി. വർഷങ്ങളോളം ക്ഷേത്ര നിർമ്മാണത്തെ എതിർത്തവർ ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി ഈ വിഷയം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സർക്കാർ സീറോ ടോളറൻസ് (Zero Tolerance) നയമാണ് സ്വീകരിക്കുന്നത്. കൃത്യമായ തെളിവുകളുണ്ടെങ്കിൽ അത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണം. അല്ലാതെ രാഷ്ട്രീയ ലാഭത്തിനായി ഭക്തരുടെ ക്ഷമ പരീക്ഷിക്കരുത്. അന്വേഷണത്തിലൂടെ പൂർണ്ണമായ സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ പാർട്ടികളായ സമാജ്‌വാദി പാർട്ടിയും (SP) ആം ആദ്മി പാർട്ടിയും (AAP) ഈ വിഷയത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വൻകിട സ്രാവുകളെ രക്ഷിക്കാൻ വേണ്ടിയാണ് ഇപ്പോൾ താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി കേസെടുത്തിരിക്കുന്നതെന്നും, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ (CBI) അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 

Content Highlights:

The Ram temple donation row in Ayodhya escalated with the resignations of Trust General Secretary Champat Rai and member Anil Mishra. The decision followed the registration of an FIR under the Bharatiya Nyaya Sanhita based on preliminary findings by an SIT. The controversy involves allegations of embezzling donations worth around Rs 7 crore to Rs 7.5 crore, drawing sharp political reactions from UP Chief Minister Yogi Adityanath.

---- facebook comment plugin here -----

Latest