Connect with us

National

രാജ്യത്തെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വിഭജിക്കുന്നു:സോണിയ ഗാന്ധി

ഇന്ത്യക്കാരെ പരസ്പരം ഭിന്നിപ്പിക്കാന്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നവരാണ് യഥാര്‍ത്ഥ 'ദേശവിരുദ്ധര്‍'.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ ഭരണഘടനാ ശില്പിയായ ബി.ആര്‍ അംബേദ്കറിന്റെ 132-ാം ജന്മദിനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. അധികാരം ഉപയോഗിച്ച് ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയും അട്ടിമറിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് സോണിയ ഗാന്ധി ആരോപിച്ചു. ഇന്ത്യക്കാരെ പരസ്പരം ഭിന്നിപ്പിക്കാന്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ‘ദേശവിരുദ്ധര്‍’.

ഇപ്പോള്‍ അധികാരത്തിലുള്ള ഭരണകൂടം ഭരണഘടനയുടെ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയും അട്ടിമറിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയുടെ അടിത്തറ ദുര്‍ബലപ്പെടുത്തുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.
മതം, ഭാഷ, ജാതി, ലിംഗം എന്നിവയുടെ പേരിലെല്ലാം രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണ് അധികാരത്തില്‍ ഇരിക്കുന്നവര്‍ ചെയ്യുന്നതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

അംബേദ്കറിന്റെ പൈതൃകത്തെ നാം ആദരിക്കുമ്പോള്‍ ഭരണഘടനയുടെ വിജയം ഭരിക്കാന്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്ന ജനങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് കൂടി ആലോചിക്കണമെന്ന് സോണി ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനേക്കാള്‍ അവരെ ഉപദ്രവിക്കുന്നതിനായാണ് ഇന്ന് നിയമങ്ങള്‍ ഉപയോഗിക്കുന്നത്.

ചില സുഹൃത്തുക്കള്‍ക്ക് മാത്രം ഭരണകൂടം സഹായം നല്‍കുന്നു. ഇത്തരം സാഹചര്യത്തില്‍ ഭരണഘടന സംരക്ഷിക്കാനായി ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ദി ടെലിഗ്രാഫിലെ ഒരു ലേഖനത്തിലൂടെയാണ് സോണിയ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്.

 

 

Latest