Connect with us

Editorial

വീണ്ടും ആളിക്കത്തി കാവേരി പ്രശ്‌നം

തമിഴ്‌നാടിന് ജലം വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് മണ്ഡ്യ, മൈസൂരു, ചാമരാജ നഗര്‍, ബെംഗളൂരു എന്നിവിടങ്ങളിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ണാടക ജലസംരക്ഷണ സമിതിയും ചില തീവ്ര കന്നഡ സംഘടനകളും ഇന്ന് ബെംഗളൂരുവിലും വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായും ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

കാവേരി പ്രശ്നത്തില്‍ പ്രക്ഷുബ്ധമാണ് കര്‍ണാടക. തമിഴ്‌നാടിന് 5,000 ഘനയടി വീതം അധിക ജലം നല്‍കുന്നത് 15 ദിവസത്തേക്ക് കൂടി തുടരണമെന്ന കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി (സി ഡബ്ല്യു എം എ)യുടെ സെപ്തംബര്‍ 12ലെ ഉത്തരവ് നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് സംസ്ഥാനത്തെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തമിഴ്നാടിന് ജലം വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് മണ്ഡ്യ, മൈസൂരു, ചാമരാജ നഗര്‍, ബെംഗളൂരു എന്നിവിടങ്ങളിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ണാടക ജലസംരക്ഷണ സമിതിയും ചില തീവ്ര കന്നഡ സംഘടനകളും ഇന്ന് ബെംഗളൂരുവിലും വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായും ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പി, ജെ ഡി എസ്, ആം ആദ്മി തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ വേണ്ടത്ര ലഭിക്കാതായതോടെ കര്‍ണാടക ഇത്തവണ ജലദൗര്‍ലഭ്യവും വരള്‍ച്ചയും നേരിട്ടു കൊണ്ടിരിക്കെ തമിഴ്നാടിന് വെള്ളം വിട്ടുകൊടുത്താല്‍ സംസ്ഥാനം കടുത്ത ദുരിതത്തിലാകുമെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി റെഗുലേഷന്‍ കമ്മിറ്റിയുടെ നിലപാടിനെ ശരിവെക്കുകയാണുണ്ടായത്. കര്‍ണാടകയിലെ ജലസംഭരണികള്‍ക്ക് താഴെയുള്ള പ്രദേശങ്ങളിലും സംസ്ഥാന അതിര്‍ത്തികളിലും 66 ശതമാനം മഴയുടെ കുറവുള്ളതിനാല്‍ തമിഴ്‌നാടിന് കൂടുതല്‍ ജലം വിട്ടുനല്‍കുന്നത് പ്രായോഗികമല്ലെന്ന് കര്‍ണാടക കോടതിയെ അറിയിച്ചിരുന്നു. മേട്ടൂര്‍ റിസര്‍വോയറില്‍ നിന്ന് വലിയ തോതില്‍ ജലം തുറന്നുവിട്ടത് ഉള്‍പ്പെടെ തമിഴ്നാടിന്റെ വിവേകരഹിതമായ നടപടികളാണ് അവരുടെ ഇപ്പോഴത്തെ ജലദൗര്‍ലഭ്യത്തിന് കാരണമെന്നും കര്‍ണാടക സര്‍ക്കാര്‍ പറയുന്നു. കാവേരിയിലെ ജലം തമിഴ്‌നാട് വിവേകപൂര്‍വമായി ഉപയോഗിച്ചിരുന്നെങ്കില്‍ ദീര്‍ഘ കാലത്തേക്ക് മികച്ച അളവില്‍ വെള്ളം ലഭിക്കുമായിരുന്നുവെന്ന കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ പ്രതിനിധിയുടെ വിലയിരുത്തലും തങ്ങളുടെ വാദത്തിന് ഉപോത്ബലകമായി കര്‍ണാടക ചൂണ്ടിക്കാട്ടി. എന്നിട്ടും തമിഴ്നാടിന് ജലം വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവാണ് കന്നഡ ജനതയെ ക്ഷുഭിതരാക്കിയത്.

കാവേരി നദീജലം പങ്കിടല്‍ വിഷയത്തില്‍ കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള തര്‍ക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ കീഴിലായിരുന്ന മദ്രാസ് പ്രവിശ്യയും മൈസൂര്‍ രാജാവും തമ്മിലായിരുന്നു തുടക്കം. 1916ല്‍ മൈസൂര്‍ ഭരണകൂടം കൃഷ്ണരാജ സാഗര്‍ അണക്കെട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ മദ്രാസ് അധികാരികള്‍ എതിര്‍ത്തു. ചര്‍ച്ചക്കൊടുവില്‍ 1924ല്‍ പ്രാബല്യത്തില്‍ വന്ന കരാറനുസരിച്ച് മൈസൂരിന് അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. മദ്രാസ് പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂര്‍ അണക്കെട്ടിലേക്ക് ജലമെത്താന്‍ തടസ്സം ഉണ്ടാകരുതെന്ന വ്യവസ്ഥയിലാണ് തമിഴ്നാട് വഴങ്ങിയത്.
പിന്നെയും പലവുരു തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് 1970 മുതല്‍ പ്രശ്നം ഒരു ട്രൈബ്യൂണലിനു വിടണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടാന്‍ തുടങ്ങി. 1974ല്‍ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവന്‍ റാം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. തമിഴ്‌നാടിന്റെ ഓഹരി 489 ടി എം സി ആയി കുറച്ചതോടെ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുകയും ട്രൈബ്യൂണലിനെ നിയമിക്കാനുള്ള വിധി സമ്പാദിക്കുകയും ചെയ്തു. ഇതനുസരിച്ച് 1991ല്‍ വി പി സിംഗ് സര്‍ക്കാര്‍ മൂന്നംഗ ട്രൈബ്യൂണലിനെ നിയമിച്ചു.

തര്‍ക്കം പിന്നെയും തുടര്‍ന്നു കൊണ്ടിരിക്കെ കര്‍ണാടകയുടെ വിഹിതം വര്‍ധിപ്പിച്ചു കൊണ്ടുള്ള 2018 ഫെബ്രുവരി 16ലെ സുപ്രീം കോടതി വിധി തമിഴ്നാട്ടില്‍ വന്‍ പ്രക്ഷോഭത്തിനിടയാക്കി. ട്രെയിന്‍ തടയല്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ഉപരോധം, ബന്ദ് തുടങ്ങിയ സമര മുറകള്‍ അരങ്ങേറി. കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ ആക്രമിക്കുകയും തീവെക്കുകയും ചെയ്തു. ആറ് കര്‍ഷകര്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയുമുണ്ടായി. കര്‍ണാടകക്ക് 14.75 ടി എം സി അധിക ജലമാണ് ജസ്റ്റിസുമാരായ അമിതാവ് റോയ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടത്. ഇതോടെ തമിഴ്നാടിന്റെ വിഹിതം 419 ടി എം സിയില്‍ നിന്ന് 404.25 ടി എം സിയായി കുറയുമെന്നതാണ് തമിഴ്നാടിനെ പ്രക്ഷുബ്ധമാക്കിയത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുതലെടുപ്പിനുള്ള അവസരം കൂടിയാണ് കാവേരി പ്രശ്നത്തിലെ കോടതി, ട്രൈബൂണല്‍ ഉത്തരവുകള്‍. 2018ല്‍ തമിഴ്നാടിന്റെ ജലവിഹിതം കുറച്ചു കൊണ്ടുള്ള കോടതി ഉത്തരവുണ്ടായപ്പോള്‍, അന്നത്തെ പ്രതിപക്ഷ കക്ഷിയായ ഡി എം കെയാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്. തമിഴ്നാടിന്റെ വിഹിതം കുറയാന്‍ കാരണം അന്ന് സംസ്ഥാനം ഭരിച്ചിരുന്ന അണ്ണാ ഡി എം കെ സര്‍ക്കാറാണെന്നായിരുന്നു ഡി എം കെയുടെ കുറ്റപ്പെടുത്തല്‍. നിലവില്‍ തമിഴ്നാടിന് കൂടുതല്‍ വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് കര്‍ണാടകയിലെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കര്‍ണാടകയിലെ മഴക്കുറവും ജലദൗര്‍ലഭ്യതയും കര്‍ഷക പ്രതിസന്ധിയും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്നും ‘ഇന്ത്യ’ മുന്നണിയിലെ സഖ്യകക്ഷിയായ തമിഴ്‌നാട് ഭരിക്കുന്ന ഡി എം കെയെ പ്രീണിപ്പിക്കുകയാണ് സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ്സ് സര്‍ക്കാറെന്നുമാണ് ബി ജെ പി കുറ്റപ്പെടുത്തുന്നത്. കര്‍ണാടകയിലെ കൃഷിക്കാരെ വഞ്ചിച്ചെന്ന് എന്‍ ഡി എ ഘടക കക്ഷിയായ ജനതാദള്‍- എസും കുറ്റപ്പെടുത്തുന്നു. ഇരു സംസ്ഥാനത്തെയും സര്‍ക്കാറുകളെ നയിക്കുന്നത് ‘ഇന്ത്യ’ സഖ്യത്തിലെ ഘടക കക്ഷികളായതിനാല്‍ പ്രശ്നം പരമാവധി കത്തിപ്പടരേണ്ടത് ബി ജെ പിയുടെ താത്പര്യവുമാണ്.