Connect with us

Health

പിത്താശയ കല്ല് വരാനുള്ള കാരണങ്ങളും പരിഹാരങ്ങളും

ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുക, ദഹന പ്രക്രിയ സുഖമമാക്കുക എന്നതാണ് പിത്താശയത്തിന്റെ ജോലി.

Published

|

Last Updated

പിത്താശയ കല്ല് മിക്ക ആളുകളും അനുഭവിക്കുന്ന രോഗമാണ്. ലിവറിനു തൊട്ടുതാഴെ ബലൂണ്‍ പോലെയുള്ള ആകൃതിയില്‍ തൂങ്ങി കിടക്കുന്ന ചെറിയ അവയവമാണ് പിത്താശയം. ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുക, ദഹന പ്രക്രിയ സുഖമമാക്കുക എന്നതാണ് പിത്താശയത്തിന്റെ ജോലി. പല ആളുകളിലും പിത്താശയത്തില്‍ ചെറിയ കല്ലുകള്‍ രൂപപ്പെടുകയും വളരെയധികം വേദന ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തിക്കുകയും ചെയ്യുന്നു. ചില ആളുകള്‍ക്ക് കുറേ കാലങ്ങളോളം രോഗലക്ഷണങ്ങള്‍ പ്രകടമാകുകയില്ല. എന്തെങ്കിലും ആവശ്യത്തിന് സ്‌കാന്‍ ചെയ്യുമ്പോഴായിരിക്കും പിത്താശയത്തില്‍ കല്ലുകള്‍ അല്ലെങ്കില്‍ നീര്‍ക്കെട്ട് ഉള്ള കാര്യം തിരിച്ചറിയുക.

സാധാരണയായി പിത്താശയകല്ലിന്റെയോ നീര്‍ക്കെട്ടിന്റെയോ രോഗലക്ഷണങ്ങളായി കാണാറുള്ളത് വയറിന്റെ വലതുഭാഗത്ത് ശക്തമായിട്ടുള്ള വേദന, ഛര്‍ദ്ദി, ദഹനപ്രശ്‌നങ്ങള്‍, ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ, വിറയലോടു കൂടിയ പനി, ഇന്‍ഫെക്ഷന്‍ പോലുള്ള രോഗലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങുക എന്നിവയാണ്. ഈ രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌കാനിംഗ് ചെയ്തശേഷമാണ് പിത്താശയത്തില്‍ കല്ലാണെന്ന് സ്ഥിരീകരിക്കുക. ചില രോഗികളുടെ പിത്താശയത്തില്‍ കുറേയധികം കല്ലുകള്‍ കാണാറുണ്ട്. ചിലരില്‍ പിത്താശയ കുഴലുകളിലോ അല്ലെങ്കില്‍ പിത്താശയത്തിന്റെ നെക്കിന്റെ ഭാഗത്തോ കല്ല് ബ്ലോക്കായിട്ട് മഞ്ഞപ്പിത്തംപോലുള്ള അവസ്ഥകളും കണ്ടുവരാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമിതവണ്ണമുള്ളവര്‍ അല്ലെങ്കില്‍ വണ്ണം കുറയ്ക്കാന്‍ ഡയറ്റ് പ്ലാന്‍ ചെയ്യുന്നവരില്‍ പിത്താശയ കല്ല് രൂപപ്പെടുന്നതായി കണ്ടുവരാറുണ്ട്. കാത്സ്യം കൂടുതല്‍ കഴിക്കുന്നവര്‍, പാലും പാല്‍ ഉത്പന്നങ്ങളും അധികം കഴിക്കുന്നവര്‍, കാത്സ്യം ഗുളികകള്‍ അമിതമായി കഴിക്കുന്നവര്‍ എന്നിവരിലെല്ലാം പിത്താശയ കല്ലിന്റെ അളവ് കൂടാറുണ്ട്. ശീതളപാനീയങ്ങള്‍, അമിത മദ്യപാനം, ജങ്ക് ഫുഡുകള്‍ തുടങ്ങിയവ കൂടുതലായി കഴിക്കുന്നവരിലും പിത്താശയ കല്ല് വരാന്‍ സാധ്യത ഏറെയാണ്. പിത്താശയ കല്ലുള്ളവര്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വേദനയുള്ള സമയങ്ങളില്‍ കട്ടിയുള്ള ആഹാരങ്ങള്‍ ഒഴിവാക്കണം. വെള്ളം ധാരാളം കുടിക്കുകയും കഞ്ഞിപോലെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. അധികം പ്രോട്ടീന്‍ അടങ്ങിയതും എണ്ണമയമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. വേദന കൂടുന്ന അവസ്ഥകളില്‍ ഏറ്റവും ലളിതമായ ആഹാരം കഴിക്കുന്നതാണ് ഉചിതം. ദിവസേന ഒന്നോ രണ്ടോ ആപ്പിള്‍ തൊലിയോടു കൂടി കടിച്ചോ അല്ലെങ്കില്‍ ജ്യൂസ് രൂപത്തിലോ കഴിക്കുന്നത് നല്ലതാണ്. ഒലീവ് ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കല്ലിന്റെ കട്ടി കുറയ്ക്കുന്നതിന് ഉത്തമമാണ്.

ചികിത്സ

പിത്താശയത്തിലുണ്ടാകുന്ന ചെറിയ കല്ലുകള്‍ മരുന്ന് കഴിച്ച് പൊടിച്ചുകളയാന്‍ കഴിയുന്നതാണ്. കൂടുതല്‍ ബ്ലോക്ക് ആകുന്ന അവസ്ഥയിലേക്കോ മഞ്ഞപ്പിത്തം പോലുള്ള അവസ്ഥയിലോക്കോ വരുന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ ആവശ്യമാകുക. സാധാരണ ഹോമിയോപതി ചികിത്സയില്‍ പിത്താശയത്തില്‍ രൂപപ്പെടുന്ന ചെറിയ കല്ലുകളെ മരുന്നുകള്‍ ഉപയോഗിച്ചുതന്നെ മാറ്റാവുന്നതാണ്. മരുന്നുകള്‍കൊണ്ടുതന്നെ വേദന, മഞ്ഞപ്പിത്തത്തിലേക്ക് പോകുന്ന അവസ്ഥ ഇല്ലാതാക്കാനും സാധിക്കും. കൃത്യമായ ഇടവേളകളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ജീവിതശൈലി ക്രമീകരിക്കുന്നതോടൊപ്പം ഇത്തരത്തിലുള്ള മരുന്നുകളും ഉപയോഗിച്ച് പിത്താശയ കല്ലിനെ പ്രയാസമില്ലാതെ ഇല്ലാതാക്കാന്‍ സാധിക്കും.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. മുഹമ്മദ് അസ്‌ലം എം
ചീഫ് ഹോമിയോപ്പതിക് കണ്‍സള്‍ട്ടന്റ്
മെഡികെയര്‍ ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍
വാണിയമ്പലം

 

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest