Connect with us

articles

ജാതി നാടുനീങ്ങിയിട്ടില്ല

തൊട്ടുകൂടായ്മയും തീണ്ടലും നാടുനീങ്ങിയ സംസ്ഥാനമെന്നു കരുതിയ കേരളവും സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച അവസ്ഥയിലേക്ക് തിരിച്ചുപോകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോട്ടയത്തെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തുവരുന്നത് അത്തരം വാര്‍ത്തകളാണ്. ആരോപണ വിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചുവെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത് കേരളം പോലുള്ള സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ്.

Published

|

Last Updated

ജാതിയുടെയും മറ്റും പേരില്‍ അകറ്റിനിര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്കുയര്‍ത്തുന്നതിനായി രാജ്യം നടപ്പാക്കിയ സംവരണ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന ആവശ്യം ശക്തിപ്പെട്ടുവരുമ്പോഴും ദളിതരെയും മറ്റു പിന്നാക്ക സമുദായക്കാരെയും ഒറ്റപ്പെടുത്താനുള്ള ശ്രമം ശക്തി പ്രാപിക്കുകയാണ്. ഒരു ഇടവേളക്കു ശേഷം രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ കൂടിവരികയാണ്. തൊട്ടുകൂടായ്മയും തീണ്ടലും നാടുനീങ്ങിയ സംസ്ഥാനമെന്നു കരുതിയ കേരളവും സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച അവസ്ഥയിലേക്ക് തിരിച്ചുപോകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോട്ടയത്തെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തുവരുന്നത് അത്തരം വാര്‍ത്തകളാണ്. ആരോപണ വിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചുവെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത് കേരളം പോലുള്ള സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ്. മാത്രമല്ല കാലാവധി അവസാനിച്ചതാണ് തന്റെ രാജിക്ക് കാരണമെന്ന് ശങ്കര്‍ മോഹന്‍ വ്യക്തമാക്കുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നതെല്ലാം ശരിയെന്ന് സമ്മതിക്കുകയാണ് അദ്ദേഹം.

ന്യൂയോര്‍ക്ക് ആസ്ഥാനമായ യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയിലെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഗ്ലോബല്‍ ജസ്റ്റിസും ഇന്ത്യയില്‍ നടത്തിയ പഠനം ദളിതര്‍ക്കെതിരെ നടക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്. സാമൂഹിക ബഹിഷ്‌കരണം, സാമ്പത്തിക ബഹിഷ്‌കരണം, ശാരീരിക ആക്രമണം എന്നീ ഭീഷണികളിലൂടെയാണ് ഇന്ത്യയിലെ താഴ്ന്ന ജാതിക്കാര്‍ കടന്നുപോകുന്നത്. 165 ദശലക്ഷം ആളുകള്‍ ക്രൂരവും മനുഷ്യത്വരഹിതവുമായ അക്രമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ അക്രമങ്ങള്‍ ജാതിയുടെ പേരില്‍ ന്യായീകരിക്കപ്പെടുന്നുവെന്ന ദുഃഖ സത്യവും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ദളിതര്‍ എന്ന വാക്കിന് അസ്പൃശ്യര്‍ എന്ന വ്യാഖ്യാനമാണ് റിപോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്.
ടീം അംബേദ്കര്‍ റൈറ്റ് എന്ന സംഘടന നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതും സമാന വിവരങ്ങളാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെയാണ് സംഘം പ്രധാനമായും പഠന വിധേയമാക്കിയത്. ആന്ധ്രാപ്രദേശ്, ബിഹാര്‍, യു പി, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് സംഘം പഠനം നടത്തിയത്. രാജ്യത്ത് ദളിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ ഏറിയ പങ്കും പുറംലോകം അറിയുന്നില്ല. ആക്രമിക്കപ്പെട്ട കാര്യം പുറത്തു പറഞ്ഞാല്‍ ജീവന് അപായം ഉണ്ടാകുമെന്ന് അവര്‍ ഭയപ്പെടുന്നു.

കോട്ടയം കെ ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആർട്സില്‍ നടന്നുവെന്ന് പറയപ്പെടുന്ന അധികാരികളുടെ ജാതി വിവേചനം സത്യമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്. സ്‌കൂള്‍ തൊട്ട് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരെ ജാതി വിവേചനം നിലനില്‍ക്കുന്നുവെന്ന ആക്ഷേപത്തില്‍ നിന്ന് കേരളവും മുക്തമല്ല എന്ന് തെളിയിക്കുന്നതാണ് ഈ അന്വേഷണ റിപോര്‍ട്ട്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളോട് കേരളം പുലര്‍ത്തിയ സമീപനം ആശങ്കാജനകമാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംഭവം പൊതുജനം അല്‍പ്പമെങ്കിലും അറിഞ്ഞത് ഡയറക്ടറുടെ രാജിവാര്‍ത്തയിലൂടെയാണ്. ഔദ്യോഗിക ആവശ്യത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെ വീട്ടില്‍ കാണാന്‍ പോകുന്ന മേല്‍ ജാതിക്കാരായ ജീവനക്കാരെ വീടിനകത്തേക്ക് പ്രവേശിപ്പിക്കുകയും ദളിതരായ ജീവനക്കാരെ പുറത്തുനിര്‍ത്തുകയും ചെയ്യുന്നു എന്നാണ് ഒരു പരാതി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിലും ഉദ്യോഗ നിയമനങ്ങളിലും ജാതി വിവേചനം നടക്കുന്നുവെന്നാണ് ഉയര്‍ന്ന മറ്റൊരു പരാതി. ഈ പരാതി ശരിവെക്കുന്നതാണ് അന്വേഷണ റിപോര്‍ട്ടെന്ന വാര്‍ത്ത പുറത്ത് വന്നിട്ടും വലിയ ഞെട്ടലൊന്നും മലയാളികളില്‍ നിന്നുണ്ടായില്ല. ദളിത് സമുദായത്തിൽപ്പെട്ട ഒരാളെ രാഷ്ട്രപതിയാക്കിയ രാജ്യമാണ് നമ്മുടേതെന്ന് അഭിമാനിക്കുമ്പോഴാണ് അതേ രാഷ്ട്രപതിയുടെ പേരില്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കേള്‍ക്കാന്‍ പാടില്ലാത്ത വാര്‍ത്തകള്‍ പുറത്തുവന്നത്. മദ്രാസ് ഐ ഐ ടി യില്‍ നിന്ന് ജാതി വിവേചനത്തില്‍ മനം നൊന്ത് മലയാളിയായ അധ്യാപകന്‍ രാജിവെച്ചത് കഴിഞ്ഞ വര്‍ഷമാണ്.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഭവത്തെ കേരളത്തിലെ ഒറ്റപ്പെട്ട സംഭവമായി കാണരുത്. ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമത്തില്‍ ദളിതര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവം മറക്കാറായിട്ടില്ല. ഈ സംഭവം പുറത്തുവന്നതിനു പിറകെ വട്ടവടയില്‍ ദളിതര്‍ക്കായി ഗ്രാമപഞ്ചായത്തിന് ബാര്‍ബര്‍ ഷോപ്പ് തുറക്കേണ്ടിവന്നു. ദളിത് സമുദായത്തില്‍ നിന്നും ആദിവാസി വിഭാഗത്തില്‍ നിന്നും ഒരാള്‍ രാഷ്ട്രപതിയാകുന്നതിനേക്കാള്‍ 25 കോടിയിലേറെ വരുന്ന ദളിതര്‍ക്കും ആദിവാസികള്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കൊടുക്കുകയാണ് വേണ്ടത്.

സ്വതന്ത്ര ഭാരതം എല്ലാ പൗരന്മാര്‍ക്കും തുല്യനീതി എന്നും ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും എഴുതിച്ചേര്‍ത്തെങ്കിലും ദളിതര്‍ക്കും ആദിവാസികള്‍ക്കും ഇപ്പോഴും കഞ്ഞി കുമ്പിളില്‍ തന്നെയാണ്. പൊതു ടാപ്പില്‍ നിന്ന് ദളിത് സ്ത്രീ വെള്ളം കുടിച്ചതിന് കര്‍ണാടക ചാമരാജ് നഗറില്‍ വാട്ടര്‍ ടാങ്ക് ഗോമൂത്രം കൊണ്ട് ശുദ്ധീകരിച്ചതും സവര്‍ണ ജാതിക്കാരനായ അധ്യാപകന്‍ ഉപയോഗിക്കുന്ന വെള്ളപ്പാത്രം തൊട്ടതിന് ഒമ്പത് വയസ്സുകാരനായ വിദ്യാര്‍ഥിയെ രാജസ്ഥാനില്‍ അടിച്ചു കൊന്നതും തമിഴ്‌നാട് പുതുക്കോട്ടക്കടുത്ത മുട്ടുകാട് ഗ്രാമത്തില്‍ ദളിതര്‍ ഉപയോഗിക്കുന്ന വാട്ടര്‍ ടാങ്കില്‍ മലം കൊണ്ടിട്ടതും അടുത്തിടെ നടന്ന സംഭവങ്ങളാണ്.

പലപ്പോഴും നിസ്സാര സംഭവങ്ങള്‍ക്കാണ് ദളിതര്‍ ആക്രമിക്കപ്പെടുന്നത്. കര്‍ണാടകയിലെ ഉള്ളൂര്‍ ഹള്ളി ഗ്രാമത്തില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എഴുന്നള്ളിച്ച വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ സ്പര്‍ശിച്ചതിന് അവിടത്തെ ഒരു ദളിത് കുടുംബത്തിന് 60,000 രൂപ പിഴ വിധിക്കുകയുണ്ടായി. മാത്രമല്ല പിഴയടക്കുന്നത് വരെ അവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ബീജാപൂര്‍ ജില്ലയിലെ താലികെടി ഗ്രാമത്തില്‍ മേല്‍ ജാതിക്കാരന്റെ കാറില്‍ തൊട്ടതിന് കാശിനാഥ് എന്ന ദളിത് യുവാവിനെ തല്ലിച്ചതക്കുകയുണ്ടായി. കാശിനാഥിന്റെ പിതാവിനെയും സഹോദരന്മാരെയും അവര്‍ വെറുതെ വിട്ടില്ല. മധ്യപ്രദേശ് സത്താപ്പൂര്‍ ജില്ലയിലെ ചൗക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി ചെന്ന ദളിത് യുവാവിനെ ഉദ്യോഗസ്ഥരുടെ മുമ്പിലുണ്ടായിരുന്ന കസേരയില്‍ ഇരുന്നെന്ന കുറ്റം ചുമത്തി അവിടെയുണ്ടായിരുന്ന ഠാക്കൂറുമാര്‍ കസേരയില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് മര്‍ദിച്ചു.

ജാതിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ജാതി മതിലുകളും ജാതി പീഡനങ്ങളും അവിടെ കുറവല്ല. ചില വിദ്യാലയങ്ങളില്‍ ജാതി തിരിച്ച് വ്യത്യസ്ത നിറങ്ങളിലുള്ള പാത്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നത്. തേനിയിലെ ഒരു വിദ്യാലയത്തിലെ പാചകക്കാരി ദളിത് സമുദായത്തിൽപ്പെട്ടതായതിനാല്‍ മേല്‍ജാതിക്കാര്‍ തങ്ങളുടെ മക്കളെ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിലക്കുകയും പാചകപ്പുര അടിച്ചു തകര്‍ക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ നടന്നുവരുന്നു. തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്ക് സംവരണം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കാന്‍ അനുവദിക്കാത്ത സംഭവങ്ങളുണ്ട്. സ്വാതന്ത്ര്യ ദിനം പോലുള്ള ദേശീയ ദിനങ്ങളില്‍ രാഷ്ട്ര പതാക ഉയര്‍ത്തുന്നതില്‍ നിന്ന് അവരെ തടയുന്നതും പതിവായിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. തമിഴ്‌നാട്ടിലെ 646 ഗ്രാമപഞ്ചായത്തുകളില്‍ ഇപ്പോഴും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു.

മതംമാറ്റ നിരോധന നിയമം നടപ്പാക്കിയ യോഗി സര്‍ക്കാറിന്റെ യു പിയില്‍ അമ്പതോളം ദളിത് കുടുംബങ്ങള്‍ ഈയിടെ ഇസ്‌ലാം മതം സ്വീകരിച്ചു. ഹോട്ടലുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും ദളിതര്‍ തൊട്ടുകൂടായ്മ നേരിടുന്ന മുറാദാബാദില്‍ നിന്നുള്ള ദളിത് കുടുംബങ്ങളാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. തീവ്ര ഹിന്ദുത്വ സംഘടനകള്‍ ഭീഷണിപ്പെടുത്തിയും മറ്റും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും മതം മാറാനുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. പശ്ചിമ യു പിയില്‍ 180ഓളം ദളിത് കുടുംബങ്ങള്‍ ബുദ്ധമതത്തിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിലെ പട്ടികജാതി സംവരണ മണ്ഡലമായ ഷോലാപൂരിലും 450 പേര്‍ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് ബുദ്ധമതം സ്വീകരിക്കുകയുണ്ടായി.

എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്ത് ദളിത് പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011ല്‍ 33,719 അക്രമങ്ങളാണ് ദളിതര്‍ക്കെതിരെ നടന്നതെങ്കില്‍ 2020ല്‍ 50,291ഉം 2021ല്‍ 52,153ഉം അക്രമങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ദളിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമം നടന്നത് ഉത്തര്‍ പ്രദേശിലാണ് 25.82 ശതമാനം. തൊട്ടടുത്ത സ്ഥാനം രാജസ്ഥാനും മധ്യപ്രദേശിനുമാണ്. ജാതി വിവേചനത്തിനെതിരെ സംസാരിക്കുന്നത് പോലും കുറ്റകരമായി കാണുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ പ്രതിമകള്‍ രാജ്യത്തെ നാനാഭാഗങ്ങളിലും തകര്‍ക്കപ്പെടുന്നുവെന്നത് പതിവു സംഭവമായി മാറിക്കഴിഞ്ഞു.

---- facebook comment plugin here -----

Latest