Connect with us

Kerala

കായംകുളത്ത് വീട്ടില്‍നിന്ന് പതിനാലരപ്പവന്‍ മോഷ്ടിച്ച കേസ്; ഒരു വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

പരാതിക്കാരന്റെ മരുമകള്‍ ഗോപികയാണ് (27) അറസ്റ്റിലായത്.

Published

|

Last Updated

ആലപ്പുഴ| കായംകുളത്ത് വീട്ടില്‍നിന്ന് പതിനാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതി ഒരു വര്‍ഷത്തിനുശേഷം പിടിയില്‍. പരാതിക്കാരന്റെ മരുമകള്‍ ഗോപികയാണ് (27) അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം മേയ് 10നു പ്രയാര്‍ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തന്‍ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. ഒരു വര്‍ഷത്തിനുശേഷമാണ് സാബുവിന്റെ മകന്റെ ഭാര്യ പുതുപ്പള്ളി തെക്കു മുറിയില്‍ ഇടയനമ്പലത്ത് നെടിയത്ത് വീട്ടില്‍ ഗോപികയെ പോലീസ് പിടികൂടിയത്. മറ്റൊരു 11 പവന്‍ കൂടി കൈക്കലാക്കാനുള്ള ശ്രമത്തിനിടെയാണ് ഗോപികയെ പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ വര്‍ഷം വീട്ടിലെ അലമാരയില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പോലീസിന് അന്ന് തന്നെ സംശയമുണ്ടായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഈ മാസം മൂന്നാം തീയതി ഗോപിക വീണ്ടും ഒരു മോഷണ ശ്രമം നടത്തിയതോടെയാണ് അന്വേഷണം ലക്ഷ്യത്തിലെത്തിയത്. സാബു ഗോപാലന്റെ ബന്ധുവായ ഇടയനമ്പലം സ്വദേശി, ഗോപികയുടെ കൈയ്യില്‍ ലോക്കറില്‍ വെക്കാനായി 11 പവന്‍ സ്വര്‍ണ്ണം ഏപ്പിച്ചിരുന്നു. എന്നാല്‍ ലോക്കറില്‍ നിന്ന് എടുത്തു കൊണ്ട് വരവേ വഴിയില്‍ വെച്ച് കൈയ്യില്‍ നിന്നും സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന് ഗോപിക പരാതി നല്‍കി. ഈ പരാതിയിന്‍മേല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഗോപികയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോലീസ് ചോദ്യം ചെയ്തു.

ഗോപികയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടതോടെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഗോപികയുടെ ബാഗില്‍ നിന്നും നഷ്ടപ്പട്ടുവെന്നു പറയുന്ന സ്വര്‍ണം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഗോപികയെ വിശദമായി ചോദ്യം ചെയ്തതോടെ ഒരു വര്‍ഷം മുമ്പ് നടത്തിയ മോഷണം തെളിയുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും കാണാതായ പതിനാലര പവന്‍ മോഷ്ടിച്ചത് താനാണെന്ന് ഗോപിക സമ്മതിച്ചു. മോഷണ മുതലുകള്‍ ഗോപിക ബന്ധുവിനെ കൊണ്ട് വില്‍പ്പന നടത്തിയെന്നും വിറ്റു കിട്ടിയ പണത്തിന്റെ ഒരു ഭാഗം കൊണ്ട് പണയം വെച്ച സ്വര്‍ണ്ണം എടുത്തതായും ഗോപിക സമ്മതിച്ചു. കായംകുളം ഡി വൈഎസ് പി ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ സി ഐ അരുണ്‍ ഷാ, എസ് ഐ രതീഷ് ബാബു, എ എസ് ഐ ജീജാദേവി, പോലീസുദ്യോഗസ്ഥനായ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

 

 

Latest