Kerala
അന്വേഷണം സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ്; ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും
മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചേക്കും.
കൊച്ചി |നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി മുഖേന ദിലീപ് കൈമാറിയ ഫോണുകളിലെ തെളിവുകള്‍ പ്രതികള്‍ മുന്‍ കൂട്ടി നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫോണിലെ ഡാറ്റകള്‍ നശിപ്പിക്കുന്നതില്‍ വലിയ ഗൂഢാലോചന നടന്നുവെന്നും അന്വേഷണം സംഘം കരുതുന്നു. അന്വേഷണ സംഘത്തിലെ ചിലരുടെ ഫോട്ടോകള്‍ ദിലീപ് മറ്റ് ചിലര്‍ക്ക് അയച്ച് കൊടുത്തതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
ദിലീപ് ,സഹോദരന്‍ അനൂപ് ,സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുടെ ആറ് ഫോണുകള്‍ ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 4 ഫോണുകള്‍ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ച് ഡേറ്റകള്‍ ഫോര്‍മാറ്റ് ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം സാധൂകരിക്കുന്ന ലാബ് ജീവനക്കാരുടെ മൊഴികളും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പ്രോസിക്യൂഷന് കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
വധ ഗൂഢാലോചനക്കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ബോധ്യപ്പെട്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചേക്കും.





