Kerala
റാന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേര്‍ക്ക് പരുക്ക്
ഫോര്‍ച്ചുണര്‍ വാഹനം അമിത വേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

റാന്നി \ റാന്നി – പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വാളിപ്ലാക്കല്‍ പടിക്ക് സമീപമുള്ള പൊട്ടങ്കല്‍പടിയില്‍ വെച്ച് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.നെയ്യാറ്റിന്‍കര എള്ളുവിള കൊങ്ങാംകോട് അനുഗ്രഹയില്‍ ബെന്നറ്റ് രാജ് (21) ആണ് മരണപ്പെട്ടത്.ബെന്നറ്റ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. അരുവിക്കര പട്ടാരവീട്ടില്‍ രജീഷ് (35), അടൂര്‍ വിരിവുകാലായില്‍ ടോണി(25) എന്നിവരെ പരുക്കുകളോടെ കോഴേഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.20 ഓടെയാണ് അപകടം നടന്നത്. വാഹനം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് ബെന്നറ്റിനെ പുറത്തെടുത്തത്. പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമ സ്ഥലത്തെ പരുപാടിയില്‍ പങ്കെടുത്ത പാസുകളും വാഹനത്തില്‍ ഉണ്ടായിരുന്നു.ഇതിന് ശേഷം റാന്നി ചെത്തോംകരയില്‍ പള്ളിയിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനത്തില്‍ എതിരെ വന്ന ഫോര്‍ച്ചുണര്‍ വാഹനം അമിത വേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട കാറില്‍ കുടുങ്ങിയ മൂന്നുപേരെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് പുറത്തെടുത്തത്. മണ്ണാറക്കുളഞ്ഞി മുതല്‍ അസ്വഭാവികമയാണ് അപകടം ഉണ്ടാക്കിയ വാഹനം സഞ്ചരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ സ്ഥിരം അപകടം നടക്കുന്ന മേഖലയാണ് വാലിപ്ലാക്കല്‍ പടിയും പൊട്ടങ്കന്‍ പടിയും. വളവില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ വാഹനങ്ങള്‍ പായുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. മഞ്ഞ വര മറികടന്നാണ് ഇന്നും അപകടം.വാഹനങ്ങള്‍ കയറി ഇത് മാഞ്ഞു പോയ അവസ്ഥയിലാണ്. കൂടാതെ വേഗത നിയന്ത്രിക്കാന്‍ യാതൊരു സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുമില്ല