Connect with us

Kerala

പിടികൂടുന്നതും വാങ്ങി വളർത്തുന്നതും ശിക്ഷാർഹം; തത്തകളെ കൂട്ടിലടച്ചാൽ അകത്താകും

കുറഞ്ഞത് മുന്ന് വർഷം തടവും ലഭിക്കാം

Published

|

Last Updated

കൊളത്തൂർ (മലപ്പുറം) | പാടത്തും മരപ്പൊത്തുകളിലുമുള്ള തത്തകളെ കെണിയൊരുക്കി പിടിക്കുന്ന സംഘങ്ങളും തത്തയെ വീടുകളിൽ വളർത്തുന്നവരും ജാഗ്രതൈ. സൂക്ഷിച്ചില്ലേൽ ചിലപ്പോൾ അകത്താകും. കുറഞ്ഞത് മുന്ന് വർഷം തടവും ലഭിക്കാം.

ലോകത്താകമാനം 372 ഇനം തത്തകളുണ്ട്. വംശനാശ ഭീഷണി നേരിടുന്നതിനാൽ തത്തകളെ വാങ്ങുന്നത് ജന്തുക്ഷേമ നിയമപ്രകാരം ശിക്ഷാർഹമാണ്. നിലവിൽ ചില പ്രത്യേക വിഭാഗങ്ങളിലുള്ള അലങ്കാര തത്തകളെ മാത്രമേ വളർത്താൻ അനുമതിയുള്ളൂ.

തത്ത, മാടത്ത എന്നിവയെ പിടികൂടിയോ വാങ്ങിയോ വളർത്തുന്നത് നിയമവിരുദ്ധമാണെന്ന് പലർക്കും അറിയില്ല. കഴിഞ്ഞ ദിവസം തത്തയെ കൂട്ടിലിട്ട് വളർത്തിയ മാള സ്വദേശിക്കെതിരെ വനംവകുപ്പ് കേസെടുത്തതോടെയാണ് തത്തയെ വളർത്തുന്നത് നിയമവിരുദ്ധമാണെന്ന കാര്യം പലരും അറിയുന്നത്. 1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്.

കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും ഈ നിയമത്താൽ സംരക്ഷിതരാണ്. സാധാരണ മിക്കവരും വളർത്തുന്ന തത്തകൾ (നാടൻ ഇനങ്ങളായ റിങ്ങ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്സാൻഡ്രിൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിങ്ങ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ) നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടും.

ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിൽ തത്തകളുമുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വർഷം മുതൽ തടവ് ശിക്ഷയും 25000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.
സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട പക്ഷികളെയോ മറ്റ് ജീവികളെയോ കിട്ടുകയാണെങ്കിൽ ബന്ധപ്പെട്ട അധികാരികളെ ഏൽപ്പിക്കേണ്ടതാണ് എന്നാണ് നിയമം.