Connect with us

Kerala

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; ലഹരി വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ത്ഥികളെ പ്രതികളാക്കില്ല

നിലവില്‍ ഈ വിദ്യാര്‍ത്ഥികളെ സാക്ഷികളാക്കാനാണ് തീരുമാനം.

Published

|

Last Updated

കൊച്ചി| കളമശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ കേസില്‍ കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ത്ഥികളെ പ്രതികളാക്കില്ല. നിലവില്‍ ഈ വിദ്യാര്‍ത്ഥികളെ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ പതിനാറായിരം രൂപ ഗൂഗിള്‍ പേ വഴിയും പണമായും പ്രതി അനുരാജിന് അയച്ചു നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം.

കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സര്‍വകലാശാല വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളജ് ഡയറക്ടര്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. കോളജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആര്‍ക്കും എളുപ്പം കയറാന്‍ കഴിയുമെന്ന നിഗമനത്തിലേക്കാണ് അന്വേഷണം സംഘം എത്തിയത്.

കളമശ്ശേരി കഞ്ചാവ് വേട്ടയില്‍ അന്വേഷണത്തിന്റെ ഭാഗമായി കോളജിലെ അധ്യാപകരുടെയും പ്രതികളായ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുത്തിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് ഒന്നരമാസം മുന്‍പ് തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നെന്ന് കോളജ് അധികൃതര്‍ മൊഴി നല്‍കിയിരുന്നു. കാമ്പസില്‍ ലഹരി ഇടപാട് നടക്കുമെന്ന സൂചന നല്‍കി കളമശ്ശേരി പോളിടെക്നിക്കിലെ പ്രിന്‍സിപ്പല്‍ നേരത്തെ പോലീസിന് കത്ത് നല്‍കിയിരുന്നു. ഈ കത്താണ് കേസില്‍ നിര്‍ണായകമായത്. പ്രിന്‍സിപ്പലിന്റെ കത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.

 

 

 

---- facebook comment plugin here -----

Latest