Connect with us

Kerala

കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസിപി

കേസില്‍ പിടിയിലായ രണ്ട് പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരില്‍ എന്നിവരുടെ അറസറ്റ് രേഖപ്പെടുത്തി.

Published

|

Last Updated

കൊച്ചി| കളമശേരി ഗവ.പോളിടെക്നിക് കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ ആരൊക്കെയുണ്ടെന്നതില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പറയാനാകൂവെന്നും എസിപി പറഞ്ഞു. കേസില്‍ പിടിയിലായ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരില്‍ എന്നിവരുടെ അറസറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് ഇവരാണ്. കഞ്ചാവ് പിടിച്ച മുറിയില്‍ താമസിച്ചിരുന്ന മറ്റ് രണ്ട് പേരുടെ പങ്കും അന്വേഷിക്കും. ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. അതേസമയം ഇവര്‍ക്കെതിരെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എസിപി പിവി ബേബി കൂട്ടിച്ചേര്‍ത്തു. ഹോസ്റ്റലിലെ കഞ്ചാവ് പിടിച്ച മുറിയില്‍ കെഎസ് യു നേതാവ് ആദിലും അനന്തുവും താമസിച്ചിരുന്നു. പരിശോധന നടക്കുന്ന സമയത്ത് ഇരുവരും റൂമില്‍ ഉണ്ടായിരുന്നില്ല. അറസ്റ്റിലായ ആകാശിന്റെ റൂം മേറ്റായിരുന്നു കെഎസ് യു നേതാവായ ആദിലെന്നും എസിപി വ്യക്തമാക്കി.

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ നിര്‍ണായകമായത് പ്രിന്‍സിപ്പല്‍ നല്‍കിയ കത്താണ്. കാമ്പസില്‍ ലഹരി ഇടപാട് നടക്കുമെന്ന സൂചന നല്‍കി കളമശ്ശേരി പോളിടെക്നികിലെ പ്രിന്‍സിപ്പല്‍ മാര്‍ച്ച് 12ന് പോലീസിന് കത്ത് നല്‍കിയിരുന്നു. ലഹരിക്കായി കാമ്പസില്‍ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്.

കഴിഞ്ഞ ദിവസമാണ് പോലീസും ഡാന്‍സാഫും ഏഴ് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കൊടുവില്‍ പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അടക്കം മൂന്ന് പ്രതികളെ പരിശോധനയ്ക്ക് പിന്നാലെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍ എന്നിവരെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇവര്‍ക്കൊപ്പം പിടികൂടിയ ആകാശിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

 

 

---- facebook comment plugin here -----

Latest