Connect with us

Kerala

പേവിഷ പ്രതിരോധ വാക്‌സിനെതിരായ പ്രചാരണം അപകടകരം: മന്ത്രി വീണാ ജോര്‍ജ്

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം. സ്റ്റേറ്റ് ആര്‍ ആര്‍ ടി യോഗം ചേര്‍ന്നു.

Published

|

Last Updated

പത്തനംതിട്ട | പേവിഷബാധ പ്രതിരോധ വാക്‌സിനെതിരായ പ്രചാരണം അപകടകരമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ശാസ്ത്രീയമായ അറിവുകള്‍ കൊണ്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണം. ഓരോ ബാച്ച് വാക്‌സിന്റേയും ഗുണഫലം സെന്‍ട്രല്‍ ലാബില്‍ ഉറപ്പ് വരുത്തിയതിനു ശേഷമാണ് വിതരണം നടത്തുന്നത്. പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ കുറവ് വരാതെ എല്ലായിടത്തും ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.

കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തതു കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ വെള്ളം സമ്പര്‍ക്കത്തില്‍ വരാതെ ഇരിക്കുന്നതിനാവശ്യമായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധമായ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് അഭികാമ്യം.

എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15നകം മൈക്രോ പ്ലാന്‍ തയ്യാറാക്കണം. കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

തിരുവനന്തപുരത്തെ കോളറ രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞയാളുടെ ഏപ്രില്‍ 10 മുതലുള്ള സഞ്ചാരപഥം മനസിലാക്കി രോഗ ഉറവിടം കണ്ടെത്തി അവിടെ പ്രതിരോധം ശക്തമാക്കും. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. ആര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്തെ എല്ലാ മേളകളിലും ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തണം. ഉപയോഗിക്കുന്ന വെള്ളം ഉള്‍പ്പെടെ പരിശോധിക്കും. രാവിലേയും രാത്രിയും പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും. ആരോഗ്യ വകുപ്പ് ടീമിന്റെ പ്രത്യേക പരിശോധനയും നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

നാമമാത്രമായാണെങ്കിലും കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതിനാല്‍ നിരീക്ഷണം നടത്തണം. ആര്‍ ടി പി സി ആര്‍ കിറ്റുകള്‍ ഉറപ്പാക്കണം. നിപ, പക്ഷിപ്പനി എന്നിവ നിരീക്ഷിക്കിണം. സ്റ്റേറ്റ് ലെവല്‍ റാപിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ ആര്‍ ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തിയതായും മന്ത്രി അറിയിച്ചു.

 

Latest