Connect with us

Eduline

കാലിക്കറ്റ് പരീക്ഷാഭവൻ ഡിജിറ്റൽ വിപ്ലവത്തിലേക്ക്

സി യു- എഫ് വൈ യു ജി പി 2024ലെ റെഗുലേഷനിൽ പറഞ്ഞിരിക്കുന്ന സുപ്രധാനമായ നിർദേശങ്ങളിൽ ഒന്നായിരുന്നു ക്വസ്റ്റ്യൻ ബേങ്ക് അധിഷ്ഠിത പരീക്ഷാ നടത്തിപ്പ്

Published

|

Last Updated

തേഞ്ഞിപ്പലം| കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിൽ ഇപ്പോൾ നടക്കുന്ന സി യു- എഫ് വൈ യു ജി പി ഒന്നാം സെമസ്റ്ററിലെ ചില പരീക്ഷകൾ ക്വസ്റ്റ്യൻ ബേങ്ക് അധിഷ്ഠിതമാക്കിക്കൊണ്ടുള്ള ഓട്ടോമാറ്റഡ് ക്വസ്റ്റ്യൻ പേപ്പർ സോഫ്‌റ്റ്‌വെയറിന്റെ സാങ്കേതികത ഉപയോഗപ്പെടുത്തി നടത്തുമെന്ന് പരീക്ഷാ സ്ഥിരം സമിതി കൺവീനർ ഡോ. ടി വസുമതിയും പരീക്ഷാ കൺട്രോളർ ഡോ. പി സുനോജ് കുമാറും അറിയിച്ചു. സി യു- എഫ് വൈ യു ജി പി 2024ലെ റെഗുലേഷനിൽ പറഞ്ഞിരിക്കുന്ന സുപ്രധാനമായ നിർദേശങ്ങളിൽ ഒന്നായിരുന്നു ക്വസ്റ്റ്യൻ ബേങ്ക് അധിഷ്ഠിത പരീക്ഷാ നടത്തിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി ചോദ്യക്കടലാസുകൾ “സി യു എക്സാം സ്യൂട്ട്’ സോഫ്‌റ്റ്‌വെയർ സംവിധാനത്തിലൂടെ തയ്യാറാക്കി പരീക്ഷകൾ ആരംഭിച്ചത്.

കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ഡോ. സുസ്മിത ഡേ, അക്കാദമിക്ക് കൗൺസിലംഗവും കമ്പ്യൂട്ടർ സയൻസ് അധ്യാപകനുമായ ഡോ. ജിജു എം മാത്യു, സോഫ്‌റ്റ്‌വെയർ ടെക്നിക്കൽ ടീമിലെ മറ്റ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള കോളജ് അധ്യാപകർ, സർവകലാശാലാ ജീവനക്കാർ എന്നീ വിദഗ്ധരുടെ മാസങ്ങളോളം നീണ്ട പരിശ്രമമാണ് ചരിത്ര നേട്ടത്തിന് കാലിക്കറ്റ് സർവകലാശാല സാക്ഷ്യം വഹിച്ചത്.

വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പരീക്ഷാ സമിതികൾ, അതത് വിഷയങ്ങളുടെ അംഗീകൃത സിലബസുകളെ മുൻനിർത്തിയാണ് ആയിരത്തോളം അധ്യാപകരുടെ മേൽനോട്ടത്തിൽ ക്വസ്റ്റ്യൻ ബേങ്കുകൾ തയ്യാറാക്കിയത്. ചോദ്യക്കടലാസ് തയ്യാറാക്കുന്നവർ, ഇത് പരിശോധിക്കുന്നവർ, കോ-ഓർഡിനേറ്റർ എന്നിങ്ങനെ മൂന്ന് തലങ്ങളിൽ സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാകുന്ന തരത്തിലാണ് ഓരോ പേപ്പറും 400 വീതം വരുന്ന ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്ന് ക്വസ്റ്റ്യൻ ബേങ്ക് സമിതി കൺവീനറും സിൻഡിക്കേറ്റംഗവുമായ അഡ്വ. എൽ ജി ലിജീഷ് അറിയിച്ചു. ഇരുപതോളം വരുന്ന അധ്യാപകരുടെ നേതൃത്വത്തിൽ കഴിഞ്ഞ അക്കാദമിക വർഷം മുതൽ ആരംഭിച്ച ക്വസ്റ്റ്യൻ ബേങ്ക് പരിശീലന പരിപാടികളിലായാണ് ഓരോ പഠന ബോർഡും ക്വസ്റ്റ്യൻ ബേങ്കിന്റെ സാങ്കേതിക സംവിധാനത്തിലേക്ക് തയ്യാറെടുത്തത്.

ഓരോ പരീക്ഷാ സമിതിയും ഓരോ പേപ്പറിനും 400ൽ കുറയാത്ത ചോദ്യങ്ങൾ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള പരിശോധനകൾക്ക് ശേഷം കാലിക്കറ്റ് സർവകലാശാല സ്വന്തം സെർവറിലേക്ക് ശേഖരിച്ച് വെക്കുന്നതിലൂടെ ക്വസ്റ്റ്യൻ ബേങ്കിന്റെ പ്രവർത്തനങ്ങൾ പൂർണമാകുന്നു. കാലിക്കറ്റ് സർവകലാശാലയുടെ സെർവറിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ചോദ്യങ്ങളിൽ നിന്നാണ് കാലിക്കറ്റ് സർവകലാശാലയുടെ പുറത്ത് സേവനം അനുഷ്ഠിക്കുന്ന അധ്യാപകരുടെ മേൽനോട്ടത്തിൽ പരീക്ഷാഭവനിലെ കോൺഫിഡൻഷ്യൻ വിംഗ് മൂന്ന് വീതം ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുന്നത്. ഈചോദ്യപ്പേപ്പറുകൾ അധ്യാപകർ സൂക്ഷ്മപരിശോധന നടത്തിയ ശേഷം പരീക്ഷാഭവനിൽ നിന്ന് കോളജുകളിലേക്ക് എത്തിക്കുന്നതാണ് “സി യു എക്സാം സ്യൂട്ട്’ സോഫ്‌റ്റ്‌വെയറിന്റെ പ്രവർത്തനമെന്ന് ഡോ. ജിജു മാത്യു പറഞ്ഞു. വരും സെമസ്റ്ററുകളിൽ സി യു-എഫ് വൈ യു ജി പി ഉൾപ്പെടെ എല്ലാ പരീക്ഷകളും സോഫ്റ്റ്‌വെയർ അടിസ്ഥാനത്തിലാകും നടത്തുക.

---- facebook comment plugin here -----

Latest