Connect with us

National

ഡല്‍ഹി-ഗുരുഗ്രാം എക്‌സ്പ്രസ്‌വേയില്‍ ബസിന് തീപിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

29 പേര്‍ക്ക് പരിക്കേറ്റു. നിരവധി യാത്രക്കാരുണ്ടായിരുന്ന ഡബിള്‍ ഡക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി – ഗുരുഗ്രാം എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. നിരവധി യാത്രക്കാരുണ്ടായിരുന്ന ഡബിള്‍ ഡക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. മായ(25)യും മകള്‍ ദീപാലിയുമാണ്(6) മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടര്‍ 10ലുള്ള സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലര്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരാസ്ഥയിലായിരുന്ന അഞ്ച് പേരെ മേദാന്ത മെഡിസിറ്റിയില്‍ ചികിത്സ നല്‍കിയ ശേഷം ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.

ഡല്‍ഹിയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന എക്‌സ്പ്രസ് വേയില്‍ ഝര്‍സ ഫ്‌ലൈ ഓവറിന് സമീപമാണ് അപകടം നടന്നത്. എആര്‍ 01 കെ 7707 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബസിനാണ് തീപിടിച്ചത്. ബസില്‍ തീപടരുന്നത് കണ്ട് മറ്റ് യാത്രക്കാര്‍ ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിരുന്നെന്ന് അഗ്‌നിശമന സേന ഡെപ്യൂട്ടി ഡയറക്ടര്‍ ഗുല്‍ഷാന്‍ കല്‍റ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ബസില്‍ നാല്‍പതോളം യാത്രക്കാരുണ്ടായിരുന്നെന്നും ഇവരില്‍ ഭൂരിപക്ഷം പേരും ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളായിരുന്നുവെന്നും ഗുരുഗ്രാം കമ്മീഷണര്‍ വികാസ് കുമാര്‍ അറോറ പറഞ്ഞു. തൊഴിലാളികള്‍ ഗ്യാസ് സിലിണ്ടറുകളുമായാണ് യാത്ര ചെയ്തിരുന്നതെന്നും ഇതാവാം ചിലപ്പോള്‍ തീപിടുത്തത്തിന് കാരണമായതെന്നും സംശയമുണ്ട്. എന്നാല്‍ ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest