Connect with us

cover story

കത്തുന്ന വേനൽ

Published

|

Last Updated

“ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയിൽ
നിനക്കാത്മശാന്തി…’

വേനൽ കഴിയാൻ ദിവസങ്ങൾ എണ്ണി നാം ഇരിക്കുന്നു, ജൂൺ ആദ്യ വാരത്തോടെ മഴയെത്തും എന്ന പ്രതീക്ഷയിൽ. പിന്നീട് വേനലിനെ നാം മറക്കുന്നു. മഴക്കെടുതിയെ പ്രാകിപ്പഴിക്കുന്നു. തിമർത്ത് പെയ്ത് കുത്തിയൊഴുകി മഴക്കാലം ദുരിതങ്ങൾ തീർത്ത് കടന്നുപോകുമ്പോൾ വീണ്ടും വേനൽ. ഒരു ജൂൺ 5 കൂടി പരിസ്ഥിതി ദിനമായി കൊണ്ടാടി വിസ്മൃതിയിലാകുന്നു. വേനൽ അതിന്റെ എല്ലാ രൗദ്രതയിലും ആടിത്തിമർക്കുകയാണ്. ഈ ചുടലനൃത്തം ചടുലതാളത്തിൽ തുടരുക തന്നെ ചെയ്യും. വെള്ളം കിട്ടാക്കനിയായി മാറും. കുടിവെള്ളം നിറച്ച ടാങ്കർ ലോറികൾ ഗ്രാമങ്ങളിലെ പാതകളിലൂടെ തലങ്ങും വിലങ്ങും ഓടും. സന്നദ്ധ പ്രവർത്തകരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശ്രമിച്ചാലും കുടിവെള്ളം എത്തിക്കാനാകില്ല.
മാനവ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ജലം. രണ്ട് നേരം കുളിക്കുന്ന മലയാളിക്ക് ഇത് ധാരാളമായി ഉപയോഗിക്കുന്ന ശീലമുണ്ട്. ജനനത്തിലും മരണത്തിലും അനിവാര്യമായ ജലം അതിനിടയിലുള്ള ജീവിതത്തെ സന്തുഷ്ടമാക്കുന്നതിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ജനിച്ചയുടനെയൊരു കുളി, തേനും വയമ്പും വെള്ളം തൊട്ടുനൽകുന്നു. മരിച്ചുകഴിഞ്ഞാലും വൃത്തിയാക്കാനൊരുകുളി. അവസാനം തൊട്ടുനൽകുന്ന ഒരു തുള്ളി വെള്ളം ഏത് കേമൻ മരിച്ചാലും വെള്ളംതന്നെ. ആവശ്യത്തിന് വെള്ളമില്ലെങ്കിൽ നമ്മുടെ ജീവിതം എത്രമാത്രം വരണ്ടുണങ്ങി പോകും. ഭാവനകൾക്കും അതീതമാണ്.
സുലഭമായി ഉണ്ടായിരുന്നെങ്കിലും പൂർവകാലങ്ങളിൽ കാരണവൻമാർക്ക് ഒരു കരുത ലുണ്ടായിരുന്നു. വാൽക്കിണ്ടിയിലൂടെ ആവശ്യത്തിന് മാത്രമെടുത്ത് കാലും മുഖവും കഴുകിയിരുന്ന, കുളങ്ങളിൽ മുങ്ങിക്കുളിച്ച് കിണറിൻ തടത്തിൽ നിന്നും പല്ലുതേക്കൽ ശീലിച്ചിരുന്ന മലയാളി ജീവിത മാറ്റത്തിന്റെ ഭാഗമായി ടാപ്പുകൾ തുറന്നു വെച്ച് പാഴായി പോകുന്നത് ഗൗനിക്കാതെ പല്ല് തേക്കുകയും ഷവർ തുറന്നു വെച്ച് കുളിക്കുകയും മോട്ടോർ ഉപയോഗിച്ച് കിണറുകളിൽ നിന്നും ക്രമമില്ലാതെ പമ്പു ചെയ്‌തെടുക്കുകയും ചെയ്യുന്നു. ഭൂഗർഭ ജലത്തിന്റെ ലഭ്യത നാൾക്കുനാൾ കുറഞ്ഞു കുറഞ്ഞു വരുന്നു. കിണറുകളുടെ എണ്ണം കൂടിവരികയും വെള്ളത്തിന്റെ ഉപയോഗം അനിയന്ത്രിതമാകുകയും കുളങ്ങളും ചതുപ്പുകളും അപ്രത്യക്ഷമാകുകയും ചെയ്യുമ്പോൾ ഏറെ താമസിയാതെ 44 നദികളാൽ അനുഗൃഹീതമായ “ദൈവത്തിന്റെ സ്വന്തം നാട്’ മരുഭൂമിയായി മാറും എന്നതിൽ സംശയം വേണ്ട. പറമ്പിലൊരുകുളം ഐശ്വര്യത്തിന്റെ സൂചകമായിരുന്നത് മാറി. ഇന്ന് റോഡിനടിയിലൂടെ ഇഴഞ്ഞെത്തുന്ന പൈപ്പ് മുറ്റത്ത് ഫണമുയർത്തി നൽക്കുന്നതാണ് മേന്മ.

മലയാളി കുപ്പിവെള്ളം വാങ്ങാൻ തുടങ്ങിയിട്ട് എത്രകാലമായി! എന്റെ കൗമാരയൗവനങ്ങളിൽ ഇത്തരം ഒരവസ്ഥയെപ്പറ്റി ചിന്തിക്കാൻപോലും സാധ്യമായിരുന്നില്ല. എന്നാൽ ഇന്ന് ഒരു യാത്രയിൽ എത്ര കുപ്പിവെള്ളം നാം ഉപയോഗിക്കുന്നു. മിനറൽ വാട്ടർ കമ്പനികൾ കോടികൾ കൊയ്യുന്ന ബിസിനസ്സാക്കി ഈ അമൂല്യ വസ്തുവിനെ മാറ്റുന്നു. ലാഭക്കണ്ണുകളുമായി അവർ നമ്മുടെ നദികളെ ഉറ്റുനോക്കുന്നു. വാട്ടർ അതോറിറ്റി നോക്കുകുത്തിയാകുകയും വെള്ളം വിൽപ്പനച്ചരക്കാകുകയും ചെയ്യുമ്പോൾ ഓക്‌സിജൻ മാത്രമേ സൗജന്യമായി ലഭിക്കൂ എന്ന അവസ്ഥയിൽ കാലം മാറുന്നു. അതു തന്നെ എത്രകാലം? എന്ന ചോദ്യം മുഴച്ചുനിൽക്കുന്നു. ഓക്‌സിജൻ സിലിൻഡർ ചുമലിൽ തൂക്കി റോഡരികിൽ ഓക്‌സിജൻ റീഫിൽ ചെയ്യുന്ന പാർലറുകൾ രൂപം കൊള്ളുന്നകാലം വിദൂരമല്ല. മനുഷ്യൻ ഭൂമിയുടെ ക്യാൻസർ എന്ന ചൊല്ല് അന്വർഥമാക്കുകയാണ് നാം.
ശുദ്ധജലത്തിന്റെ ദൗർലഭ്യം കൂടിക്കൂടി വരികയാണ്. നാല് കോലിൽ വെള്ളം കണ്ടിരുന്ന കിണറിൽ 40 കോലിൽ പോലും വെള്ളമില്ല. ഉറവകളോരോന്നായി വറ്റുന്നു. കുഴൽക്കിണറുകൾ നാട്ടിൻപുറങ്ങളിൽപ്പോലും അനിയന്ത്രിതമായി വന്നുകൊണ്ടിരിക്കുന്നു. ഭൂഗർഭജലം പോലും വലിച്ചെടുത്തു ഭൂമി വിണ്ടുകീറി. ഇതു വർധിച്ചാൽ ആ വിള്ളലുകളിലൂടെ അന്തർധാനം ചെയ്യാം.
മൂന്നരകോടി ജനങ്ങളുള്ള കേരളത്തിൽ ഒരു നഗരവാസിക്ക് പ്രതിദിനം നൂറ്റിനാൽപ്പത് ലിറ്റർ (LPCD) വെള്ളം നനയൊഴികെയുള്ള ആവശ്യങ്ങൾക്ക് വേണ്ടിവരുമ്പോൾ ഗ്രാമങ്ങളിൽ എഴുപത് ലിറ്റർ വരെ വെള്ളമാണ് പ്രതിദിനം ആവശ്യമുള്ളത്. പൊതുകുളങ്ങളേയും പുഴകളേയും ആശ്രയിക്കുന്നു എന്നതിനാലാണ് ഇത് കുറയുന്നത്. 2012ൽ (CWRDM) നട ത്തിയ സർവേ പ്രകാരം എഴുപത് ലക്ഷത്തിലധികം കിണറുകൾ കേരളത്തിലുണ്ട്. അത്രതന്നെ വീടുകൾ ഇല്ലെന്നിരിക്കെ ചില വീടുകളിൽത്തന്നെ ഒന്നിൽ കൂടുതൽ കിണറുകൾ ഉണ്ട്. ഇവയിൽ 20 ശതമാനം ഏപ്രിൽ – മെയ് മാസങ്ങളിൽ ജലമില്ലാത്തതാണ്. എന്നാൽ, ഇപ്പോഴത്തെ വേനൽ ഈ കണക്കുകളെ തെറ്റിച്ചിട്ടുണ്ടാകാം. മലയാളിയുടെ ഭവനസങ്കൽപ്പത്തിൽ മുറ്റത്തെ കിണർ ഐശ്വര്യത്തിന്റെ സൂചകം കൂടിയാണ്, ഇപ്പോൾ അലങ്കാരത്തിന്റെയും. എത്രമാത്രമാണ് ഇതിന്റെ പ്രധാന്യമെന്ന് മനസ്സിലാക്കുമ്പോൾ വീടുകൾ പെയിന്റു ചെയ്ത് മോടിപിടിപ്പിക്കുന്ന മലയാളി വർഷാവർഷങ്ങളിൽ കിണറുകൾ ശുദ്ധീകരിക്കുന്നതിൽ ജാഗ്രത കാണിക്കാറില്ലെന്ന വസ്തുത കൂടി പരിശോധിച്ചാൽ പുറമെയുള്ള വൃത്തിയിലാണ് നാം മിടുക്കർ. അകമെ എന്തായാലും പ്രശ്‌നമില്ല.
അനിവാര്യമായ ദുരന്തത്തിന് പരിഹാരം കാണേണ്ടത് ആര്? സ്വാർഥ മോഹത്തിന്റെ റിയൽ എസ്റ്റേറ്റ് ചിന്തയിൽ നാം ശവക്കുഴികൾ വെട്ടുകയാണ്. വയലായ വയലുകളെല്ലാം നികത്തപ്പെട്ടു. വെള്ളം തളംകെട്ടിനിന്നിരുന്ന ഈ ആവാസവ്യവസ്ഥകൾ അപ്രത്യക്ഷമായി. കുളങ്ങൾ നികത്തി അവിടെ ഫ്ലാറ്റുകൾ ഉയർന്നു. ചതുപ്പുകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളും സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ഉയർന്നു. കൈതോടുകളും നീർച്ചാലുകളും അളന്നു വിറ്റു കാശാക്കി. ചെങ്കൽ ഖനന വും മണലൂറ്റും കളിമൺ എടുപ്പും യാതൊരു നിയന്ത്രണവും ഇല്ലാതെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർത്തു മുന്നേറുകയാണ്. അവിടെയെല്ലാം പണം തന്നെ മുഖ്യം. അപ്പോഴും നാം വേനലിനെ പ്രാകുകയും പഴി പറയുകയും ചെയ്യുന്നു.

കഠിന വേനൽ വരൾച്ചക്ക് മാത്രമല്ല, കാലം തെറ്റിയ ഋതുക്കളുടെ അവസ്ഥക്കും കാരണമാകും. ഇത് കാർഷിക സംസ്‌കൃതിയെ പിഴുതെറിയും. ഇടവപ്പാതിയും തുലാവർഷവും കർക്കിടകവും ദുരന്തങ്ങൾ വിതയ്ക്കുമ്പോൾ താളം പിഴച്ച പ്രകൃതിയെ കുറിച്ചുള്ള തിരിച്ചറിവിലേക്ക് നാം എത്തുന്നില്ല.

ലക്ഷങ്ങൾ ചെലവാക്കി വീടുണ്ടാക്കുന്നവർക്ക് മഴവെള്ള സംഭരണിയുണ്ടാക്കാൻ വിമുഖത. കക്കൂസിന്റെ ഉള്ളിൽ ഇറ്റാലിയൻ മാർബിൾ വിരിക്കുന്ന മലയാളിക്ക് ടാങ്ക് നിർമാണത്തിൽ അലസത. കക്കൂസിലെ ജലവും കിണറിലെ ജലവും ഒന്നായിത്തീരുകയും ഇക്കോളി ബാക്ടീരിയ നിറഞ്ഞ ജലം കുടിച്ച് രോഗം ബാധിച്ച് സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ പണം എണ്ണിക്കൊടുക്കുമ്പോൾ പിശുക്കില്ല. പാളവിശറിക്ക് പകരം ഫാനുകളും ഫാനുകൾക്ക് പകരം എയർ കണ്ടീഷണറുകളും വ്യാപകമായി. ഓസോൺ പാളിയുടെ വിള്ളൽ കൂടി. ആഗോളതാപനം വർധിച്ച് മഴക്കാലത്ത് പോലും എ സിയില്ലാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥ വന്നുചേർന്നു.

മരങ്ങൾ വെച്ചുപിടിപ്പിച്ച് ഭൂമിയെ പുതപ്പണിയിക്കുക. ഓടുന്ന ജലത്തെ നടത്തിച്ച് , നടക്കുന്നതിനെ ഇരുത്തി നമുക്കോരോരുത്തർക്കും തന്നാലാകുന്നത് ചെയ്യാം. അല്ലെങ്കിൽ അടുത്ത വേനൽ ഇതിലും രൂക്ഷമായിരിക്കും. രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങൾ പോലെ നാം ക്രമേണ കരിഞ്ഞുണങ്ങി മരുപ്പറമ്പാകും. വെയിലേറ്റ് കേരങ്ങൾ കത്തുന്ന കേരളം ഉഷ്ണരാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടും. കുപ്പിവെള്ളം കുടിച്ച് എ സിയും ഓണാക്കി കാറിൽ നിന്നിറങ്ങാതെ അധികകാലം ജീവിക്കാനാകില്ല. അയൽ സംസ്ഥാന തൊഴിലാളികളെ സൂപ്പർവൈസ് ചെയ്ത് ഏറെക്കാലം തുടരാനും ആകില്ല.

കുടിവെള്ളത്തിന് വേണ്ടിയുള്ള യുദ്ധം പ്രതീക്ഷിച്ച് പറഞ്ഞത് തന്നെ പറഞ്ഞ് കേട്ടത് തന്നെ കേട്ട് വായിച്ചത് തന്നെ വായിച്ച് ചർവിതചർവണ പ്രക്രിയയിൽ എല്ലാം ചെവിക്ക് പുറമെ തട്ടിക്കളയുന്ന ഉദാസീനത വെടിഞ്ഞ് ഹൃദയത്തിലേറ്റ് വാങ്ങി കരുതലോടെ നീങ്ങേണ്ടതുണ്ട്. മനുഷ്യർക്ക് മനുഷ്യരോട് താന്തോന്നിത്തം കാണിക്കാം. എന്നാൽ മൃഗങ്ങളോടും പക്ഷികളോടും മരങ്ങളോടും എന്തിന്. നാം തുലച്ചിട്ടും അവ നമ്മെ തുണച്ചിട്ടല്ലേയുള്ളൂ.
“ഞാൻ കൊണ്ട വെയിൽ
നിനക്ക് തണലായ് തന്നു
ഞാൻ കൊണ്ട മഴ
നിനക്ക് ജലമായ് തന്നു
എന്നിട്ടും നീയെനിക്കായ്
ഒരു മഴു കരുതി വെച്ചു’

വേനലിന്റെ നഖപ്പാടുകളേറ്റ് വ്രണിതമായ ഭൂമിയിൽ കരിഞ്ഞുണങ്ങിയ പുഷ്പ ലതാദികളുടെയും ദാഹനീരിനായി നാക്കുനീട്ടി അലയുന്ന പക്ഷിമൃഗാദികളുടെയും മനുഷ്യ പുത്രന്മാരുടെയും ദയനീയ ചിത്രം മനസ്സിൽ പകർത്തി നമ്മുടെ ഭൂമിയെ ഹരിതാഭമാക്കാൻ, ജലസംരക്ഷണം വ്രതമാക്കി മാറ്റാൻ ജാഗ്രത്തായ ഇടപെടലുകൾ അനിവാര്യമായും ഏറ്റെടുത്തേ തീരൂ. ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലവും വൈലോപ്പിള്ളിയുടെ സർപ്പക്കാടും ഒ എൻ വിയുടെ ഭൂമിക്കൊരു ചരമഗീതവും വായിച്ച, അയ്യപ്പപ്പണിക്കരേയും സുഗതകുമാരിയേയും അടുത്തറിഞ്ഞ, ശാകുന്തളത്തെ പുണർന്ന മലയാളി പ്രകൃതിയുടെ അന്തകനായതെന്തുകൊണ്ടാണ്?
.