From the print
ബുംറ ഐ സി സി ടെസ്റ്റ് ക്രിക്കറ്റര്‍
ഇന്ത്യന്‍ ഓപണര്‍ സ്മൃതി മന്ഥാനയാണ് മികച്ച വനിതാ ഏകദിന താരം.
ദുബൈ | ഇന്ത്യന്‍ പേസ് കുന്തമുന ജസ്പ്രീത് ബുംറയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ സി സി) കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരമായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഓപണര്‍ സ്മൃതി മന്ഥാനയാണ് മികച്ച വനിതാ ഏകദിന താരം.
ഇന്ത്യയുടെ നിരവധി വിജയങ്ങളില്‍ പ്രധാന പങ്കുവഹിച്ച ബുംറ കഴിഞ്ഞ വര്‍ഷം 14.92 ശരാശരിയില്‍ 71 വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ഗസ് അറ്റ്കിന്‍സണിന് 52 വിക്കറ്റുകളേയുള്ളൂ എന്നത് ബുംറയുടെ പ്രകടനത്തിന്റെ മികവ് എടുത്തുകാട്ടുന്നു.
ആസ്ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ പ്ലെയര്‍ ഓഫ് ദ സീരീസായിരുന്നു. ആസ്ത്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ക്യാപ്റ്റനായ ഐ സി സി ടെസ്റ്റ് ടീമില്‍ സഹതാരങ്ങളായ യശസ്വി ജയ്സ്വാള്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ബുംറയും ഇടംനേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം 13 ഏകദിന ഇന്നിംഗ്സുകളില്‍ നിന്ന് 57.86 ശരാശരിയിലും 95.15 സ്ട്രൈക്ക് റേറ്റിലും 747 റണ്‍സാണ് മന്ഥാന നേടിയത്. നാല് സെഞ്ച്വറി നേടി പുതിയ റെക്കോര്‍ഡും 28കാരി സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പേസര്‍ അര്‍ഷ്്ദീപ് സിംഗ് കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ മികച്ച ടി20 കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.





