National
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍; വ്യാപാര കരാറില്‍ തുടര്‍ ചര്‍ച്ച നടത്തും
ഇന്ത്യ- യുകെ വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ചയുടെ ഭാഗമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും സ്റ്റാര്‍മര്‍ ഇന്ന് ചര്‍ച്ച നടത്തും

മുംബൈ | രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ സ്റ്റാര്‍മറെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്‍ശനമാണ് കെയ്ര് സ്റ്റാര്‍മറുടേത്.
ഇന്ത്യ- യുകെ വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ചയുടെ ഭാഗമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും സ്റ്റാര്‍മര്‍ ഇന്ന് ചര്‍ച്ച നടത്തും.കഴിഞ്ഞ ജൂലായിലാണ് ഇന്ത്യയും ബ്രിട്ടനും വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും തീരുവ ഒഴിവാക്കുകയും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന പല ബ്രിട്ടീഷ് ഉല്‍പന്നങ്ങളുടെയും തീരുവയില്‍ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യുന്ന ബഹുമുഖ തലങ്ങളുള്ള ഈ കരാറിലൂടെ 3400 കോടി യു എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്.