Connect with us

Kerala

വിരുന്ന് വന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഒടുവിൽ മടങ്ങി

ഒരു മാസത്തിലധീകം നീണ്ട കാത്തിരിപ്പിനും അറ്റകുറ്റപ്പണികൾക്കും ശേഷമാണ് 110 മില്യൺ ഡോളറിലധികം വിലമതിക്കുന്ന യുദ്ധവിമാനം തിരുവനന്തപുരം വിട്ടത്.

Published

|

Last Updated

തിരുവനന്തപുരം | സാങ്കേതിക തകരാറിനെ തുടർന്ന് കഴിഞ്ഞ ജൂൺ 14 മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക എഫ്-35 ബി ലൈറ്റ്നിംഗ് II യുദ്ധവിമാനം ചൊവ്വാഴ്ച രാവിലെ തിരികെ പറന്നു. ഒരു മാസത്തിലധീകം നീണ്ട കാത്തിരിപ്പിനും അറ്റകുറ്റപ്പണികൾക്കും ശേഷമാണ് 110 മില്യൺ ഡോളറിലധികം വിലമതിക്കുന്ന യുദ്ധവിമാനം തിരുവനന്തപുരം വിട്ടത്.

കഴിഞ്ഞ ജൂൺ 14-നാണ് റോയൽ ബ്രിട്ടീഷ് നേവിയുടെ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ ഈ F-35 ബി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്ധനം കുറവായതിനെ തുടന്നും പ്രതികൂല കാലാവസ്ഥ കാരണം കേരളതീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നിലയുറപ്പിച്ച വിമാനവാഹിനി കപ്പലിലേക്ക് മടങ്ങാൻ കഴിയാതിരുന്നതിനാലുമാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കാൻ അനുമതി തേടിയത്. ഇന്ത്യൻ വ്യോമസേന അന്ന് വിമാനത്തിന് സുരക്ഷിതമായ ലാൻഡിംഗിന് സൗകര്യമൊരുക്കുകയും ഇന്ധനം നിറയ്ക്കുന്നതിനും ആവശ്യമായ ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നതിനും എല്ലാ സഹായങ്ങളും നൽകിയിരുന്നു.

എന്നാൽ, ലാൻഡിംഗിന് ശേഷം വിമാനത്തിന് ഹൈഡ്രോളിക് തകരാർ സംഭവിച്ചതിനെ തുടർന്ന് പറന്നുയരാൻ സാധിക്കാതെ വരികയായിരുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായതിനാൽ, ഇത് നന്നാക്കുന്നതിനുള്ള സങ്കീർണ്ണമായ സാങ്കേതിക നടപടികൾ ആവശ്യമായിരുന്നു. ഇതിനായി ബ്രിട്ടനിൽ നിന്ന് വ്യോമയാന എഞ്ചിനീയർമാരുടെ സംഘം തിരുവനന്തപുരത്തെത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയായിരുന്നു. വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ഹാങ്ങറിൽ വെച്ചാണ് ബ്രിട്ടീഷ് എൻജിനീയർമാരുടെ സംഘം വിമാനത്തിന്റെ അറ്റക്കുറ്റപ്പണി പൂർത്തിയാക്കിയത്.

മാസങ്ങൾ നീണ്ട സാങ്കേതിക പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ഒടുവിൽ വിമാനം പറന്നുയരാൻ സജ്ജമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചത്. ഈ സംഭവം തിരുവനന്തപുരം വിമാനത്താവള അധികൃതർക്കും ഇന്ത്യൻ വ്യോമസേനയ്ക്കും ബ്രിട്ടീഷ് നാവികസേനയ്ക്കും ഒരുപോലെ വെല്ലുവിളിയായിരുന്നു. വിജയകരമായ അറ്റകുറ്റപ്പണികളും സുരക്ഷിതമായ യാത്രയും ഇരുകൂട്ടർക്കും ആശ്വാസമായി.

Latest