Connect with us

National

ജഗ്ദീപ് ധന്‍കറിന്റെ രാജിയില്‍ ദുരൂഹത; ആരോഗ്യപ്രശ്‌നങ്ങളാണ് കാരണമെന്നത് അവിശ്വസനീയം: എന്‍ കെ പ്രേമചന്ദ്രന്‍ എം പി

അനാരോഗ്യമാണ് രാജിക്കു പിന്നിലെങ്കില്‍ അത് പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പാകാമായിരുന്നു. ഏതോ സമ്മര്‍ദത്തിനോ നിര്‍ദേശത്തിനോ വിധേയമായിട്ടാണ് രാജിയെന്നു വേണം ഇതില്‍നിന്ന് കരുതാന്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി പദവിയില്‍ നിന്നുള്ള ജഗ്ദീപ് ധന്‍കറിന്റെ രാജിയില്‍ ദുരൂഹത ആരോപിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന് വിശദീകരണമുണ്ടെങ്കിലും അതങ്ങനെയാണെന്ന് വിശ്വസിക്കാനാവില്ലെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പൂര്‍ണമായും സഭാനടപടികള്‍ നിയന്ത്രിച്ചയാളാണ് ധന്‍കര്‍. ഉച്ചയ്ക്ക് ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗം വിളിച്ചു. സാധാരണ നിലയില്‍ പാര്‍ലിമെന്റിന്റെ ബിസിനസ് അഡൈ്വസറി കമ്മിറ്റിയില്‍ പങ്കെടുക്കേണ്ട സഭാ നേതാവായ ജെ പി നദ്ദയും പാര്‍ലിമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും പങ്കെടുക്കാതിരിക്കുകയും കമ്മിറ്റി യോഗം ഇന്നത്തേക്ക് മാറ്റുകയും ചെയ്തതു തന്നെ ദുരൂഹമാണ്. മാത്രവുമല്ല ഈ ആഴ്ചയിലും വരും ദിവസങ്ങളിലും ധന്‍കറിന്റെ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നതാണ്.

അനാരോഗ്യമാണ് രാജിക്കു പിന്നിലെങ്കില്‍ അത് പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പാകാമായിരുന്നു. ഏതോ സമ്മര്‍ദത്തിനോ നിര്‍ദേശത്തിനോ വിധേയമായിട്ടാണ് രാജിയെന്നു വേണം ഇതില്‍നിന്ന് കരുതാനെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിന് വിധേയമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ള ഒരാളുടെ രാജിക്ക് പിന്നിലെ രാഷ്ട്രീയതാത്പര്യം മനസിലാക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍, ജുഡീഷ്യറിയുടെ അധികാരത്തിന്റെ കാര്യത്തില്‍ അദ്ദേഹം സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എം പി കൂട്ടിച്ചേര്‍ത്തു.

 

Latest