Kerala
ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനോട് നിസ്സഹകരണം; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
പത്തനംതിട്ട| ബലാത്സംഗക്കേസില്‍ റിമാന്‍ഡിലുള്ള പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാഹുലിനെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനാല്‍ രാഹുലിനെ വീണ്ടും ജയിലിലേക്ക് അയക്കും.
അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് രാഹുല്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്സ്വേര്‍ഡ് നല്‍കാനും തയ്യാറായില്ല. രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം ഇന്ന് കോടതിയില്‍ അറിയിച്ചേക്കും. കേസില്‍ തനിക്ക് രക്ഷപ്പെടാനുള്ള തെളിവുകള്‍ ഫോണിലുണ്ടെന്നും, പോലീസിന് പാസ് വേര്‍ഡ് നല്‍കിയാല്‍ അതു നഷ്ടപ്പെടുമെന്നുമാണ് രാഹുലിന്റെ വാദം.
രാഹുല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതിനിടെ വിദേശത്തുള്ള കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളിലാണ് അന്വേഷണ സംഘം.


