Connect with us

Covid vaccination

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ബ്രിട്ടന്‍; സമാന നയം സ്വീകരിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ഇന്ത്യന്‍ വാക്‌സീന്‍ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ബ്രിട്ടന്‍. യാത്രക്ക് മൂന്ന് ദിവസം മുമ്പും രാജ്യത്തെത്തി രണ്ടാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധനയും നടത്തണമെന്നും ബ്രിട്ടന്‍ നിലപാടെടുത്തു. നടപടിക്കെതിരെ പ്രതിഷേധം ശക്തം. ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയും ബ്രീട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രനെക്കയും ചേര്‍ന്ന് വികസിപ്പിച്ച പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവീഷീല്‍ഡ് വാക്‌സിനാണ് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

കൊവിഷീല്‍ഡ് വാക്‌സീന്‍ അഗീകരിക്കാത്തതില്‍ ബ്രിട്ടനെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധിച്ച് കുറിപ്പ് നല്‍കി. സമാന വാക്‌സീന്‍ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പും നല്‍കി.കൊവിഷീല്‍ഡിന്റെയോ കൊവാക്‌സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും ബ്രിട്ടന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വാക്‌സീന്‍ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളും ബിസിനസുകാരുമുള്‍പ്പടെ നിരവധിപേര്‍ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാന്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ യുകെയുടെ തീരുമാനം വെല്ലുവിളിയാകുകയാണ്. ഇന്ത്യക്ക് പുറമെ ആഫ്രിക്ക, തെക്കേ അമേരിക്ക, യുഎഇ, തുര്‍ക്കി, തായ്‌ലന്‍ഡ്, ജോര്‍ദാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നും വാക്‌സിനെടുത്തവര്‍ക്കും ബ്രിട്ടന്റെ പുതിയ നിയമം ബാധകമാണ്.

 

Latest