Connect with us

Kerala

ഭൂമി തരം മാറ്റുന്നതിനായി കൈക്കൂലി; കൃഷി അസിസ്റ്റന്റിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

നേര്യമംഗലം കൂത്താടിയില്‍ വീട്ടില്‍ കെ എഫ് പ്രജില്‍ (40) നെയാണ് വിജിലന്‍സ് പിടികൂടിയത്.

Published

|

Last Updated

പറവൂര്‍ | ഭൂമി തരം മാറ്റുന്നതിനായി പ്രവാസിയില്‍ നിന്നും കൈക്കൂലി വാങ്ങിയ പുത്തന്‍വേലിക്കര കൃഷി അസിസ്റ്റന്റിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. നേര്യമംഗലം കൂത്താടിയില്‍ വീട്ടില്‍ കെ എഫ് പ്രജില്‍ (40) നെയാണ് വളരെ നാടകീയമായി വിജിലന്‍സ് പിടികൂടിയത്. തുരുത്തൂര്‍ കാച്ചപ്പിള്ളി വിജുവിന്റെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.

ആസ്‌ത്രേലിയയില്‍ ജോലി ചെയ്യുന്ന വിജുവിന് പുത്തന്‍വേലിക്കരയില്‍ ഒമ്പത് സെന്റ് സ്ഥലവും, ഭാര്യയുടെ പേരില്‍ 8.5 സെന്റ് സ്ഥലവുമുണ്ട്. ഈ രണ്ട് വസ്തുക്കളും ഡാറ്റാ ബേങ്കില്‍ നിലമായാണ് കാണിച്ചിട്ടുള്ളത്. ഇവ പുരയിടമാക്കാന്‍ കഴിഞ്ഞ വര്‍ഷം പകുതിയോടെ വിജു അക്ഷയ വഴി അപേക്ഷ നല്‍കി. നവംബറില്‍ അന്വേഷിച്ചപ്പോള്‍ ആര്‍ ഡി ഒ കൃഷിഭവനില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായി അറിഞ്ഞു. നവംബര്‍ 30ന് ആസ്‌ത്രേലിയയിലേക്ക് തിരിച്ചു പോകും മുമ്പ് കൃഷി ഓഫീസറെ കണ്ടു വിവരം പറഞ്ഞു. ബന്ധുവിന്റെ നമ്പര്‍ നല്‍കി. എന്നാല്‍, ഫെബ്രുവരി വരെ തുടര്‍നടപടിയുണ്ടായില്ല.

കഴിഞ്ഞ 18ന് നാട്ടിലെത്തിയ വിജു കൃഷി ഓഫീസറെ വിളിച്ചപ്പോള്‍ 21ന് വന്നാല്‍ കൃഷി അസിസ്റ്റന്റിനെ സ്ഥലം കാണാന്‍ അയക്കാമെന്ന് അറിയിച്ചു. 21ന് രാവിലെ 11ന് കൃഷി ഓഫീസിലെത്തിയ വിജു, പ്രജിലിനൊപ്പം പോയി രണ്ടു സ്ഥലങ്ങളും കണ്ടു. രണ്ടു മൂന്നു മാസം എടുക്കുന്ന കേസാണിതെന്നും അത്യാവശ്യമായതിനാലാണ് കൂടെ വന്നതെന്നും പ്രജില്‍ പറഞ്ഞു. അന്ന് വൈകിട്ട് വിജുവിനെ ഫോണ്‍ ചെയ്ത പ്രജില്‍ കൈക്കൂലി വാങ്ങാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന മറ്റൊരാളുടെ ഗൂഗിള്‍ പേ നമ്പര്‍ നല്‍കി. ഇതേ തുടര്‍ന്ന് വിജു തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു.

വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വിജു, പ്രജിലിനെ ഫോണ്‍ ചെയ്ത് എത്ര തുകയാണ് വേണ്ടതെന്ന് ചോദിച്ചു. കുറഞ്ഞത് 5000 രൂപ വേണമെന്നായിരുന്നു മറുപടി. തുടര്‍ന്ന് പുത്തന്‍വേലിക്കരയിലെ ഒരു ബേക്കറിയിലെത്തിയ പ്രജില്‍ വിജുവില്‍ നിന്ന് പണം വാങ്ങുന്നതിനിടെ വിജിലന്‍സ് ഇയാളെ കുടുക്കുകയായിരുന്നു. പ്രജില്‍ പണം സമീപത്തെ പറമ്പിലേക്ക് എറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി. പ്രജിലിനെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest