Connect with us

Health

ബ്രെയിന്‍ ട്യൂമറും രോഗ ലക്ഷണങ്ങളും

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആളുകളില്‍ വരെ കാണാവുന്ന അസുഖമാണ് ബ്രെയിന്‍ ട്യൂമര്‍.

Published

|

Last Updated

ളരെ ഗൗരവമുള്ള അസുഖങ്ങളില്‍പ്പെട്ട ഒന്നാണ് ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്‌കത്തില്‍ കാണുന്ന മുഴകള്‍. ഈ ട്യൂമറുകള്‍ പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഒന്ന് കാന്‍സറും രണ്ടാമത്തേത് കാന്‍സര്‍ അല്ലാത്തതും. രണ്ട് തരത്തിലുള്ള മുഴകളും ബ്രെയിനിലും തലയോട്ടിയ്ക്കുള്ളിലായും കാണാറുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആളുകളില്‍ വരെ കാണാവുന്ന അസുഖമാണ് ബ്രെയിന്‍ ട്യൂമര്‍.

ലക്ഷണങ്ങള്‍

ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായി കാണാവുന്നത് തലവേദനയാണ്. ദിനംപ്രതി കൂടി വരുന്ന തലവേദന, രാവിലെ കടുത്ത തലവേദനയോടൊപ്പം ഛര്‍ദ്ദിയ്ക്കുന്ന അവസ്ഥ ഇതെല്ലാം ശ്രദ്ധിക്കേണ്ട കാര്യമാണ്. അപസ്മാരം, തലചുറ്റല്‍, ഓര്‍മക്കുറവ്, കൈകാലുകള്‍ക്ക് സംഭവിക്കാവുന്ന ബലക്ഷയങ്ങള്‍, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, ഉന്മേഷമില്ലായ്മ ഇത്തരത്തില്‍ നിരവധി രോഗലക്ഷണങ്ങള്‍ ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബ്രെയിനിന്റെ ഏത് ഭാഗത്താണ് ട്യൂമര്‍ പ്രത്യക്ഷപ്പെടുന്നത് എന്നതിനെ ആസ്പദമാക്കിയാണ് ഈ രോഗലക്ഷണങ്ങള്‍ കാണുക. എവിടെ നിന്നാണോ ട്യൂമര്‍ ഉത്ഭവിക്കുന്നത് ഏത് ഭാഗത്തേക്കാണോ ട്യൂമര്‍ വ്യാപിച്ച് വളരുന്നത് എന്നതിനെ അനുസരിച്ചാണ് ഈ രോഗലക്ഷണങ്ങള്‍ പൊതുവായി കാണുക. ഏതെങ്കിലും ഒരു രോഗലക്ഷണവുമായി ഡോക്ടറെ സമീപിക്കുന്ന രോഗിയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ആയിരിക്കാമെന്ന് തോന്നിക്കഴിഞ്ഞാല്‍ പിന്നീട് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുകയാണ് പതിവ്. രോഗിയ്ക്ക് ട്യൂമര്‍ ഉണ്ടോ, ഉണ്ടെങ്കില്‍ ഏത് ഭാഗത്താണ് ഉള്ളത്, എത്ര വലിപ്പമുണ്ട്, ഏതെല്ലാം ഭാഗത്തേക്ക് വ്യാപിച്ചിട്ടുണ്ട്, എവിടെയൊക്കെയുണ്ട്, ഒന്നിലധികം ഉണ്ടോ എന്നതെല്ലാം അറിയുന്നതിനുവേണ്ടിയാണ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നത്. ഇതിനുവേണ്ടി എക്‌സറേ മുതല്‍ സിറ്റി സ്‌കാന്‍, എം ആര്‍ ഐ സ്‌കാന്‍, പെറ്റ് സ്‌കാന്‍ എന്നിവയെല്ലാം ചെയ്യുന്നു.

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് എംആര്‍ഐ സ്‌കാന്‍. എംആര്‍ഐ സ്‌കാനിംഗില്‍ ഒരു പരിധിവരെ എല്ലാ കാര്യങ്ങളും അറിയാന്‍ സാധിക്കും. ഏത് ഭാഗത്ത് നിന്നാണ് ട്യൂമര്‍ വരുന്നത്, ഏത് ഭാഗത്തേക്കാണ് വ്യാപിക്കുന്നത് എന്നും ഏകദേശം ഒരു ട്യൂമറിന്റെ സ്വഭാവം എന്താണെന്നും എംആര്‍ഐയിലൂടെ മനസിലാക്കാന്‍ കഴിയും. കാന്‍സര്‍ അല്ലാത്ത ട്യൂമറിനെ മനസിലാക്കിത്തരാനും ഈ സ്‌കാനിംഗിലൂടെ സാധിക്കും. ചില പ്രത്യേക സാഹചര്യങ്ങളില്‍ എംആര്‍ഐ സ്‌കാനിംഗില്‍ കാന്‍സര്‍ ആണെന്ന് കരുതുന്ന ട്യൂമര്‍ പലപ്പോഴും കാന്‍സര്‍ ആകാതെ ഇരിക്കുന്നതും കാണാറുണ്ട്. തിരിച്ച് കാന്‍സര്‍ അല്ലെന്ന് തോന്നുന്നത് കാന്‍സറായി കാണാറുമുണ്ട്.

ചികിത്സ

ഒരു രോഗിയ്ക്ക് ഏത് ചികിത്സയാണ് ഉപയോഗപ്രദമാകുക എന്നുള്ളതിനെ ആസ്പദമാക്കിയാണ് ചികിത്സ നിശ്ചയിക്കുക. വളരെ പ്രയാസമുള്ള ട്യൂമറാണെങ്കില്‍ ഓപ്പണ്‍ സര്‍ജറി ചെയ്യാന്‍ സാധിച്ചു എന്ന് വരില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സ്റ്റീരിയോടാക്‌സി അല്ലെങ്കില്‍ എന്‍ഡോസ്‌കോപ്പിക് പോലെയുള്ള ആധുനിക സര്‍ജിക്കല്‍ ടെക്‌നിക്കുകളെ ആശ്രയിക്കേണ്ടി വരും. ചെറിയ മുഴകളാണെങ്കില്‍ ഓപ്പണ്‍ സര്‍ജറിയിലൂടെ വളരെ എളുപ്പത്തില്‍ എടുത്തുകളയാന്‍ സാധിക്കും. ട്യൂമര്‍ എടുത്തു കഴിഞ്ഞാല്‍ ഈ ട്യൂമര്‍ പരിശോധനയ്ക്കായി ഇസ്‌റ്റോപത്തോളജിയ്ക്ക് അയക്കുകയും ഈ ട്യൂമര്‍ എന്താണെന്ന് വിശദമായി അറിയുകയും ചെയ്യുന്നു. ഈ പരിശോധനയിലൂടെയാണ് ട്യൂമര്‍ കാന്‍സറാണോ അല്ലാത്ത ട്യൂമറണോ, ടിബി, ഫംഗല്‍ എന്നിവയാണോ തുടങ്ങിയ കാര്യങ്ങള്‍ അറിയുക. ഈ പരിശോധനയെ ആസ്പദമാക്കിയാണ് തുടര്‍ ചികിത്സവരെ നിശ്ചയിക്കുക.

കാന്‍സര്‍ അല്ലാത്ത ട്യൂമര്‍ ആണെങ്കില്‍ ഓപ്പറേഷന്റെ ലക്ഷ്യം തന്നെ ട്യൂമര്‍ പൂര്‍ണ്ണമായും എടുത്തു കളയുക എന്നതാണ്. ബ്രെയിനിന് കേടുപാടുകള്‍ സംഭവിക്കാതെ ട്യൂമര്‍ പൂര്‍ണ്ണമായും എടുത്തു കഴിഞ്ഞാല്‍ രോഗി പൂര്‍ണ്ണമായും ട്യൂമറില്‍ നിന്ന് മുക്തമാകും. എന്നാല്‍ കാന്‍സര്‍ എന്ന രോഗമാണെങ്കില്‍ ട്യൂമര്‍ പൂര്‍ണ്ണമായും എടുത്തു കളഞ്ഞാലും പിന്നീടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ആ കാന്‍സറിന്റെ സ്വഭാവം മനസ്സിലാക്കി പിന്നീട് റേഡിയേഷനോ കീമോ തെറാപ്പിയോ ആവശ്യമായി വരാം. ഇത്തരക്കാര്‍ക്ക് ഒരു ഓങ്കോളജിസ്റ്റിന്റെ സഹായം കൂടി ആവശ്യമാണ്. ഈ ഓപ്പറേഷനുവേണ്ടി നിലവില്‍ ആധുനിക സജ്ജീകരണങ്ങള്‍ ലഭ്യമാണ്.

വളരെ പ്രയാസമുള്ള ഭാഗങ്ങളിലുള്ള ട്യൂമറുകളെ നേരിട്ട് എടുത്തുമാറ്റാന്‍ സാധിക്കില്ല. അത് ബ്രെയിനിന് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകും. അതിനാല്‍ ആധുനിക സജ്ജീകരണങ്ങളെയാണ് ആശ്രയിക്കുക. അതിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രെയിന്‍ മാപ്പിംഗ്. ബ്രെയിനിനെ മാപ്പ് ചെയ്തിട്ട് പ്രധാനപ്പെട്ട ഭാഗങ്ങളെ മാറ്റാനായി സാധിക്കും. അതുപോലെ ബ്രെയിന്‍ സ്റ്റിമുലേഷന്‍സ് മനസ്സിലാക്കാന്‍ കഴിയും. സ്ഥാനചലനങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഒന്നാണ് നാവിഗേഷന്‍. നാവിഗേഷനിലൂടെ കുറച്ച് കേടുപാടുകളിലൂടെ ട്യൂമറിനെ എടുത്തുമാറ്റാന്‍ സാധിക്കും. ട്യൂമര്‍ പൂര്‍ണ്ണമായും എടുത്തുമാറ്റിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് നാവിഗേഷനിലൂടെ അറിയാനും കഴിയും.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഷജില്‍ കെ ആര്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍
ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍

സബ് എഡിറ്റർ, സിറാജ്‍ ലെെവ്