IND- AUS test series
ബോർഡർ- ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര: ആസ്ത്രേലിയക്ക് ബാറ്റിംഗ്
സൂര്യകുമാര്‍, ഭരത് എന്നിവരുടെ അരങ്ങേറ്റ ടെസ്റ്റ് മത്സരമാണിത്.

നാഗ്പൂർ | ബോർഡർ- ഗവാസ്‌കർ ട്രോഫി (ബി ജി ടി) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആസ്ത്രേലിയക്ക് ടോസ്. ആസ്ത്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം പിടിക്കാനുള്ള അവസാന മത്സരം കൂടിയാണ് ഇന്ത്യക്കിത്. ആസ്‌ത്രേലിയക്കാണെങ്കിൽ സമനില മാത്രം മതി.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് പ്ലേയിംഗ് ഇലവനിലുള്ളത്. ഇതില്‍ സൂര്യകുമാര്‍, ഭരത് എന്നിവരുടെ അരങ്ങേറ്റ ടെസ്റ്റ് മത്സരമാണിത്. നാല് മത്സരങ്ങളുള്ള പരമ്പരയാണ് ആസ്‌ത്രേലിയയുമായുള്ളത്. ഇതിൽ മൂന്നെണ്ണത്തിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ജയിച്ചാൽ ഐ സി സി ടെസ്റ്റ് റാങ്കിംഗ് ചാമ്പ്യൻഷിപ്പിൽ ആസ്‌ത്രേലിയയെ മറികടന്ന് ഇന്ത്യക്ക് ഒന്നാമതെത്താം.
അതേസമയം, ശ്രീലങ്ക- ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക- വെസ്റ്റിൻഡീസ് പരമ്പരകൾ കൂടി നടക്കാനുണ്ട്. ഈ മത്സരങ്ങളിലെ ഫലം കൂടി ആശ്രയിച്ചായിരിക്കും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് ആര് മുന്നേറുമെന്നത് തീരുമാനിക്കുക. പാറ്റ് കമ്മിൻസ് ആണ് അതിഥികളെ നയിക്കുന്നത്.