Connect with us

Editorial

അലങ്കാരമായി മാറരുത് ബോഡി വോൺ ക്യാമറകൾ

അഴിമതി തടയാൻ നടപ്പാക്കുന്ന സംവിധാനങ്ങളെയെല്ലാം മറികടന്ന് പുതിയ വഴികൾ കണ്ടെത്താൻ മിടുക്കന്മാരാണ് ഉദ്യോഗസ്ഥ ലോബി. പരിശോധന നടക്കുമ്പോൾ ക്യാമറ മനഃപൂർവം ഓഫ് ചെയ്തു തകരാറിലാണെന്നു പറയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Published

|

Last Updated

വിമാനത്താവള ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരായ നീക്കത്തില്‍ വലിയൊരു ചുവടുവെപ്പാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വസ്ത്രത്തില്‍ ക്യാമറ (ബോഡി വോണ്‍ ക്യാമറ) നിര്‍ബന്ധമാക്കിയ നടപടി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സി ബി ഐ സി) ആണ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബോഡി വോണ്‍ ക്യാമറ ധരിച്ചു മാത്രമേ ജോലിക്കിറങ്ങാവൂ എന്ന് ഉത്തരവിറക്കിയത്. അഴിമതി തടയാനും യാത്രക്കാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമാണിത്.

സ്വര്‍ണക്കടത്ത് തടയാന്‍ പരിശോധന കര്‍ശനമാക്കിയിട്ടും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയുള്ള കടത്തിനു യാതൊരു മാറ്റവുമില്ലെന്നു മാത്രമല്ല, വര്‍ധിച്ചു വരികയാണ്. വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ സഹകരണമാണ് സ്വര്‍ണക്കടത്തുകാര്‍ക്ക് മേഖലയില്‍ തുടരാന്‍ പ്രചോദനമെന്നത് പരസ്യമായ രഹസ്യം. പലപ്പോഴും ഉദ്യോഗസ്ഥര്‍ പിടിയിലാകുകയും ചെയ്തു. വിവാദമായ തിരുവനന്തപുരം നയതന്ത്ര ബഗേജ് കേസില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് എന്‍ ഐ എ കണ്ടെത്തിയതാണ്. 2023 ജൂണില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരായ കെ എ അനീഷും എസ് നിധിനും പിടിയിലായത് സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തതിനായിരുന്നു. അനീഷിന്റെ അറിവോടെ പലവട്ടം സ്വര്‍ണം കടത്തിയതായി അബൂദബിയില്‍ നിന്നെത്തിയ രണ്ട് പേര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2021 ല്‍ കരിപ്പൂര്‍ സൂപ്രണ്ടുമാരും ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ എട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡി ആര്‍ ഐ കേസില്‍ ഉള്‍പ്പെട്ടിരുന്നു.

കരിപ്പൂര്‍ വിമാനത്താവളം വഴി കൊടുവള്ളി സ്വദേശിയായ ഒരു വ്യക്തി 60 തവണയാണ് സ്വര്‍ണം കടത്തിയത്. സി ഐ എസ് എഫ് അസ്സിസ്റ്റന്റ് കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു സ്വര്‍ണക്കടത്തെന്ന് 2023ല്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി സുര്‍ജിത് ദാസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിലെ പല തലത്തിലുള്ള ഉദ്യോഗസ്ഥരും ഈ അഴിമതിയില്‍ പങ്കാളികളാണെന്നും അന്വേഷണ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്തുകാരും തമ്മിലുള്ള ഈ കോക്കസിനെ ‘സെറ്റിംഗ്’ എന്നാണ് അറിയപ്പെടുന്നത്. സെറ്റിംഗിലെ ഉദ്യോഗസ്ഥന്‍ ആരെന്നു സ്വര്‍ണം കൊണ്ടു വരുന്ന ‘കരിയര്‍’ക്ക് അറിയണമെന്നില്ല. എന്നാല്‍ ഉദ്യോഗസ്ഥന് സ്വര്‍ണക്കടത്തുകാരെക്കുറിച്ച് വ്യക്തമായ വിവരമുണ്ടാകും. എങ്കിലും കരിയര്‍ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ കണ്ണടക്കും. ആര്‍ക്കും സംശയമില്ലാതെ സ്വര്‍ണം വെളിയിലെത്തും. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുന്ന വലിയൊരു ശൃംഖല തന്നെയുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക അതിര്‍ത്തികളുടെ കാവലാളാണ് കസ്റ്റംസ് വിഭാഗം. വിദേശനാണ്യ ചോര്‍ച്ച, സ്വര്‍ണക്കടത്ത്, മയക്കു മരുന്ന് കടത്ത് തുടങ്ങിയവയില്‍ കസ്റ്റംസിന്റെ പങ്ക് നിര്‍ണായകമാണ്. പക്ഷേ വേലി തന്നെ വിളതിന്നാലോ? കസ്റ്റംസ് പരിശോധനകള്‍ പലപ്പോഴും രഹസ്യ സ്വഭാവത്തിലായതിനാല്‍ അവിടെ നടക്കുന്ന സാമ്പത്തിക ഇടപാടുകളും ഒത്തുകളികളും പുറംലോകമറിയാറില്ല. ഇവിടെയാണ് ബോഡി വോണ്‍ ക്യാമറ പ്രസക്തമാകുന്നത്. പരിശോധനക്കിടെ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നാല്‍ കൃത്യമായി റെക്കോര്‍ഡ് ചെയ്യപ്പെടും. ഇതുവഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിക്കുന്നതും വാങ്ങുന്നതും തടയാനാകുമെന്നാണ് പ്രതീക്ഷ. ഉദ്യോഗസ്ഥന്‍ യാത്രക്കാരുമായി ഇടപഴകുമ്പോള്‍ ക്യാമറ ഓണാക്കി റെക്കോര്‍ഡിംഗ് ആരംഭിക്കണമെന്നും പരിശോധന പൂര്‍ത്തിയാക്കുന്നതു വരെ ക്യാമറ പ്രവര്‍ത്തിക്കണമെന്നും സി ബി ഐ സിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. ക്യാമറകളില്‍ റെക്കോര്‍ഡ്് ചെയ്ത വിവരങ്ങള്‍ ഓരോ ഷിഫ്റ്റിനു ശേഷവും പാസ്വേഡുളള പ്രത്യേക കമ്പ്യൂട്ടറിലേക്ക് മാറ്റുകയും അത് 90 ദിവസമെങ്കിലും സൂക്ഷിക്കുകയും വേണം. കേസുകളോ അന്വേഷണമോ ഉണ്ടെങ്കില്‍ കൂടുതല്‍ കാലം സൂക്ഷിക്കേണ്ടി വരും. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന വിവരം ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ അറിയിക്കുകയും വേണം. അഴിമതി പോലെ തന്നെ ഗൗരവതരമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന മോശം പെരുമാറ്റം. വിദേശത്തു നിന്നെത്തുന്ന പ്രവാസികള്‍ പലപ്പോഴും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരുക്കന്‍ സ്വഭാവത്തിനു ഇരയാകാറുണ്ട്. ക്യാമറകള്‍ വരുന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടി വരും. ചിലപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ യാത്രക്കാര്‍ വ്യാജ പരാതികള്‍ ഉന്നയിക്കുന്നതും സാധാരണമാണ്. ക്യാമറ പരിശോധിച്ചാല്‍ ഇതിന്റെ സത്യാവസ്ഥ കണ്ടെത്താനാകും.

അതേസമയം അഴിമതി തടയാന്‍ നടപ്പാക്കുന്ന സംവിധാനങ്ങളെയെല്ലാം മറികടന്ന് പുതിയ വഴികള്‍ കണ്ടെത്താന്‍ മിടുക്കന്മാരാണ് ഉദ്യോഗസ്ഥ ലോബി. പരിശോധന നടക്കുമ്പോള്‍ ക്യാമറ മനഃപൂര്‍വം ഓഫ് ചെയ്തു തകരാറിലാണെന്നു പറയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ക്യാമറയുടെ ദൃശ്യപരിധിക്കു പുറത്തോ, ക്യാമറ ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത ഇടങ്ങളിലോ നിയമവിരുദ്ധ ഇടപാടുകള്‍ നടക്കാനും സാധ്യതയുണ്ട്. പകര്‍ത്തിയ ദൃശ്യങ്ങള്‍ കൃത്രിമം കാണിക്കാതെ സൂക്ഷിക്കുന്നുണ്ടോ എന്നതും നിര്‍ണായകമാണ്. പുതിയ സാങ്കേതിക വിദ്യ പ്രയോഗിച്ചതു കൊണ്ടു മാത്രമായില്ല, ഇതുസംബന്ധിച്ച് കര്‍ശന നിരീക്ഷണവും (മോണിറ്ററിംഗ്) അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയും ആവശ്യമാണ്. റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ദൃശ്യങ്ങള്‍ ആര്‍ക്കൊക്കെ കാണാം, എവിടെ സൂക്ഷിക്കുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖകള്‍ വേണ്ടതാണ്. ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം ലഭിക്കരുത്. ഇല്ലെങ്കില്‍ കേവലം അലങ്കാരമായി മാറും ബോഡി വോണ്‍ ക്യാമറകള്‍.

 

Latest